വെറും കിഡല്ല ഈ ക്വിഡ്
text_fieldsമാരുതിയും ഹ്യൂണ്ടായും അരങ്ങുവാഴുന്ന ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ ചലനം സൃഷ്ടിക്കുക അത്ര എളുപ്പമല്ല. ടൊയോട്ടയും ജനറല്‍ മോട്ടോഴ്സും പോലുള്ള വമ്പന്‍മാര്‍ ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണത്. ബൃഹത്തായ വിപണന ശൃഖലയാണ് മാരുതിയുടേയും ഹ്യൂണ്ടായുടേയും കരുത്ത്. ഇപ്പോഴിതാ ജാപ്പനീസ് നിര്‍മാതാക്കളായ റെനോള്‍ട്ട് തങ്ങളുടെ പുതിയ മോഡല്‍ ഒരു ചെറുകാറിന്‍െറ രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പേര് ക്വിഡ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ റെനോ സി.ഇ.ഒ കാര്‍ലോസ് ഘോസന്‍ ക്വിഡ് അവതരിപ്പിച്ചു. ഉടന്‍ ബുക്കിങ്ങ് ആരംഭിക്കുന്ന വാഹനത്തിന്‍െറ വില മൂന്ന്, നാല് ലക്ഷങ്ങള്‍ക്കിടയിലായിരിക്കും. പ്രകടമായ ചില ക്രോസ്ഓവര്‍ സ്വഭാവങ്ങള്‍ ക്വിഡിനുണ്ട്. ഉയര്‍ന്ന ബോണറ്റ്, കൂടിയ ഗ്രൗണ്ട് ക്ളിയറന്‍സ്(180mm),പ്ളാസ്റ്റിക് ക്ളാഡിങ്ങുകള്‍ തുടങ്ങിയവ ഈ സെഗ്മെന്‍െറില്‍ മറ്റൊരു വാഹനത്തിലും കാണാനാകില്ല.

മുന്നില്‍ കൃത്യമായ റെനോ സ്വഭാവങ്ങളാണ് ക്വിഡ് കാണിക്കുന്നത്. ചിരിക്കുന്ന ഗ്രില്ല്, നല്ല ഭംഗിയുള്ള ഹെഡ് ലൈറ്റുകള്‍, ഡെസ്റ്ററിനെ അനുസ്മരിപ്പിക്കുന്ന ത്രി ഡി സ്വഭാവത്തിലുള്ള മറ്റ് ക്യാരക്ടറുകള്‍ എല്ലാം ആകര്‍ഷകം. വാഹനത്തിന് കരുത്ത് പകരുന്നത് 800 സി.സി മൂന്ന് സിലിണ്ടര്‍ പെട്രാള്‍ എഞ്ചിനാണ്. പുത്തന്‍ പ്ളാറ്റ്ഫോമിലാണ് നിര്‍മാണം. നീളം കുറവാണെങ്കിലും(3.68 മീറ്റര്‍) ഉയരക്കൂടുതല്‍ കാരണം സ്ഥലക്കുറവ് അനുഭവപ്പെടില്ല. മാരുതിയുടെ വാഗണ്‍ ആറാണ് ഇത്തരം സ്റ്റൈല്‍ ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്(വെര്‍ട്ടിക്കല്‍ സ്പേസ് ഇന്‍െറഗ്രിറ്റി എന്നാണിതിനെ സാങ്കേതികമായി പറയുന്നത്). അത്ര പരമ്പരാഗതമല്ല ക്വിഡിന്‍െറ ഉള്‍വശം. ആധുനികമായ നിരവധി പ്രത്യേകതകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് ഇഞ്ച് ടച്ച് സ്ക്രീനില്‍ മിക്ക നിയന്ത്രണങ്ങളും സാധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
_0.jpg)