Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഇന്നോവ സ്മാര്‍ട്ടാവും ...

ഇന്നോവ സ്മാര്‍ട്ടാവും ചീപ്പാകും

text_fields
bookmark_border
ഇന്നോവ സ്മാര്‍ട്ടാവും ചീപ്പാകും
cancel

കുറിഞ്ഞി പൂക്കുന്നതുപോലെ വാഹനലോകത്ത് ഒരുപാട് വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രമുണ്ടാകുന്ന അപൂര്‍വ സംഭവമാണ് ഇന്നോവ പോലുള്ള വണ്ടികള്‍. അന്താരാഷ്ട്ര നിലവാരം എന്നുപറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ഇന്നോവയാണ്. വില 10 ലക്ഷത്തിന് മുകളിലാണെങ്കിലും ഓട്ടോറിക്ഷയെക്കാള്‍ കൂടുതല്‍ ഇന്നോവകള്‍ റോഡിലുണ്ടെന്ന് തോന്നും. മുഖ്യമന്ത്രിക്കും മുക്കുവര്‍ക്കും ഒരുപോലെ ഇഷ്ടമാണെങ്കിലും സ്രാവിന്‍െറ മുന്നില്‍ പൂച്ച നില്‍ക്കുന്നപോലെ ഇന്നോവയെ നോക്കി വെള്ളമിറക്കി നില്‍ക്കാനെ സാധാരണക്കാര്‍ക്ക് പറ്റൂ. ഇതിന് കാരണം ഇന്നോവയുടെ വിലതന്നെ. ഇന്നോവക്ക് ഇത്ര വിലപിടിപ്പുണ്ടാകാന്‍ കാരണം അതിന്‍െറ ഡീസല്‍ എന്‍ജിനാണ്. നമുക്ക് വെള്ളമടിക്കാനും മറ്റും മോട്ടോര്‍ ഉണ്ടാക്കിത്തന്നിരുന്ന കിര്‍ലോസ്കര്‍ ആണ് ബാംഗളൂരുവില്‍ ടൊയോട്ടക്ക് വേണ്ടി ഇന്നോവ ഉണ്ടാക്കുന്നത്. അവരുടെ പക്കല്‍ പെട്രോള്‍ എന്‍ജിന്‍ ഉണ്ടാക്കാനുള്ള സെറ്റപ്പേ നിലവിലുള്ളൂ. പിന്നെ അല്ലറ ചില്ലറ ഘടകങ്ങള്‍ വേറെയും ഉണ്ടാക്കും. ഡീസല്‍ എന്‍ജിന്‍ ജപ്പാനില്‍നിന്ന് ടൊയോട്ട കൊണ്ടുവന്നുകൊടുക്കും. ഈ എന്‍ജിന്‍ ഇങ്ങനെ കൊണ്ടുവരുമ്പോഴാണ് വില കൂടുന്നത്. കാലങ്ങളായി ഇന്നോവയെ കീറിമുറിച്ച് പഠിച്ചാണ് മറ്റ് കമ്പനികള്‍ എം.യു.വികള്‍ ഉണ്ടാക്കുന്നത്. ജപ്പാനിലെ ശത്രുക്കളായ സുസുക്കി എര്‍ട്ടിഗയും ഹോണ്ട മൊബിലിയോയും ഇറക്കിയെങ്കിലും ഇന്നോവക്ക് ഇടിവുണ്ടായിട്ടില്ല. ടൂറിസം മേഖലയിലും ടാക്സി വിപണിയിലും ഇന്നോവ ഇപ്പോഴും ശക്തരാണ്. പക്ഷേ , സുസുക്കിയും ഹോണ്ടയും ഈ രീതിയിലല്ല കാര്യങ്ങള്‍ നീക്കിയത്. ടാക്സിയാക്കണമെങ്കില്‍ അങ്ങനെ, അതല്ല വീട്ടിലിട്ട് ജാഡ കാണിക്കണമെങ്കില്‍ അങ്ങനെ, രണ്ടിനും പറ്റുംവിധമാണ് മൊബിലിയോയുടെയും എര്‍ട്ടിഗയുടെയും നിര്‍മിതി. ഇതിനിടയിലാണ് ഫ്രാന്‍സില്‍നിന്ന് ഒരു പാര. സാക്ഷാല്‍ റെനോ. ജപ്പാനിലെ നിസാന്‍െറ പിന്തുണയോടെയാണ് റെനോ ഇന്ത്യയില്‍ വിലസുന്നത്. ജാപ്പനീസ് -ഫ്രഞ്ച് കാറുകളുടെ മിശ്രണമായാണ് റെനോ നിസാനില്‍നിന്ന് പുറത്തേക്ക് വരുന്നത്. റെനോ ഡെസ്റ്ററും നിസാന്‍ ടെറാനോയും സ്വകാര്യ യു.വികളുടെ വിപണിയില്‍ ഇന്നോവക്ക് ഉണ്ടാക്കിവച്ച ദോഷം കുറച്ചൊന്നുമല്ല. ഇതും പോരാത്തതിന് ഇപ്പോള്‍ ഇന്നോവയെ ഇഞ്ചോടിഞ്ച് വെല്ലുവിളിക്കുന്ന ലോഡ്ജിയെ റെനോ കളത്തിലിറക്കിയിരികയാണ്. ഇന്നോവ 2500 സിസിയാണെങ്കില്‍ ലോഡ്ജി 1500 സിസിയാണ്. പക്ഷേ, കരുത്ത് രണ്ടിനും ഒരുപോലെതന്നെ. സൗകര്യങ്ങളും ഏറെക്കുറെ സമം. ഇന്നോവയെക്കാള്‍ മൂന്ന് നാല് ലക്ഷം രൂപയുടെ കുറവുണ്ട് എന്നത് ഇന്ത്യന്‍ വിപണിയെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ഈ സാഹചര്യം മറികടക്കാന്‍ ടൊയോട്ടക്കും കിര്‍ലോസ്കറിനുമുള്ള ഏകമാര്‍ഗം വിലകുറക്കുകയാണ്. പാപ്പരാസികള്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ 2016 മുതല്‍ ഏറെ വിലക്കുറവുള്ള ഇന്നോവകള്‍ ഇന്ത്യയില്‍ നിറയും. ഇന്നോവക്കുവേണ്ട ഡീസല്‍ എന്‍ജിനുകള്‍ ടൊയോട്ട ഇന്ത്യയില്‍ നിര്‍മിക്കുകയാണ്. നിലവില്‍ പരീക്ഷണ ഉല്‍പാദനമാണ് നടക്കുന്നത്. 2016 തുടക്കത്തില്‍ വന്‍തോതില്‍ ഉല്‍പാദനം ആരംഭിക്കും. വര്‍ഷത്തില്‍ ലക്ഷം എന്‍ജിനുകള്‍ നിര്‍മിക്കാന്‍ കഴിയും വിധം 800 കോടിയുടെ നിക്ഷേപം ടെയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് നടത്തിയിട്ടുണ്ട്. ഇന്നോവ മാത്രമല്ല ഫോര്‍ച്യൂണറിനും ഇവിടെ നിന്നുള്ള എന്‍ജിനായിരിക്കും ഇനി നല്‍കുക. ഇതോടെ ഇന്നോവയുടേയും ഫോര്‍ച്യുണറിന്‍െറയും 80 ശതമാനം ഘടകങ്ങളും ഇന്ത്യന്‍ നിര്‍മിതമാവും. അത് അനുസരിച്ചുള്ള വിലക്കുറവും ഉണ്ടാവും. 2016ല്‍ ഇറക്കാനുദ്ദേശിക്കുന്ന ഇന്നോവ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. മുന്‍ഭാഗത്തിന് അടക്കം മാറ്റമുണ്ടെന്ന് ഓട്ടോമൊബൈല്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ ഗ്രില്ലും വീതികുറഞ്ഞ് നീളം കൂടിയ ഹെഡ്ലൈറ്റും ഡേ ടൈം എല്‍.ഇ.ഡി റണ്ണിങ് ലാമ്പും ഉണ്ട്. വീതിയേറിയ എയര്‍ ഡാമും പുതിയ ഫോഗ് ലാമ്പുകളും ചേരുമ്പോള്‍ കൂടുതല്‍ സൗന്ദര്യം കിട്ടുന്നുണ്ട്. വീല്‍ ആര്‍ച്ചുകളുടെ രൂപത്തിലും മാറ്റമുണ്ട്. ഗ്ളാസ് ഏരിയകളുടെ വീതി കുറച്ചിട്ടുമുണ്ട്. വിലകുറക്കാനുള്ള ഏര്‍പ്പാടുകള്‍ മാത്രമല്ല ഇത്. നിലവിലുള്ള മോഡലിനെക്കാള്‍ ഭാരം കുറക്കാനും അതുവഴി ഇന്ധനക്ഷമത കൂട്ടാനുമുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്. ഫോര്‍ച്യൂണറിന്‍െറ മുന്‍ഭാഗത്തിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും മൊത്തത്തിലുള്ള രൂപത്തിന് കാര്യമായ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല.

Show Full Article
TAGS:
Next Story