ഒറ്റ വൈപ്പര്‍ വിപ്ളവം
text_fieldsപണ്ട് ബൈക്കില്‍ മാത്രം കറങ്ങാന്‍ വിധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് മഴനനയാതെ പോകാന്‍ പറ്റിയ കാറാണെന്നും പറഞ്ഞാണ് ടാറ്റാ നാനോ ഉണ്ടാക്കാന്‍ തുടങ്ങിയത്. 2008 ജനുവരി 10ന് ന്യൂഡല്‍ഹയില്‍ നടന്ന ഒമ്പതാമത് ഓട്ടോ എക്സ്പോയില്‍ രത്തന്‍ ടാറ്റ നാനോ അവതരിപ്പിച്ചപ്പോള്‍ വാഹനലോകത്ത് അതൊരു വിപ്ളവമായിരുന്നു. ലക്ഷം രൂപക്ക് കാര്‍ ഉണ്ടാക്കി നിരത്തിലിറക്കിയാല്‍ ആളുകള്‍ കൊത്തിക്കൊണ്ടുപോകുമെന്നായിരുന്നു ടാറ്റയുടെ വിശ്വാസം. പക്ഷേ, വിപ്ളവപാര്‍ട്ടി ഭരിച്ചിരുന്ന ബംഗാളില്‍ വിപ്ളവ കാറിന്‍െറ ഫാക്ടറി സ്ഥാപിക്കാന്‍ ചെന്നപ്പോള്‍ നാട്ടുകാര്‍ വിപ്ളവവുമായി വന്നു. ഇതാണ് ടാറ്റക്കും നാനോക്കുമേറ്റ ആദ്യ തിരിച്ചടി. പിന്നെ ഗുജറാത്തില്‍കൊണ്ടുപോയി മോടി പിടിപ്പിച്ച് ഇറക്കിയിട്ടും ദൃഷ്ടിദോഷം മാറിയില്ല. ഒരു ലക്ഷത്തിന്‍െറ കാറിന് വില രണ്ട് ലക്ഷത്തിലത്തെിയത് മാത്രം മിച്ചം. എങ്ങനെയെങ്കിലും നന്നാക്കിയെടുക്കണമെന്ന ആഗ്രഹം മൂത്തപ്പോള്‍ കുറച്ചുവര്‍ഷം മുമ്പ് ടാറ്റ ചെയ്തത് എന്താണെന്നറിയാമോ. നാനോയെ സ്വര്‍ണംകൊണ്ട് പൊതിഞ്ഞു.

ടൈറ്റന്‍ ഇന്‍ഡസ്ട്രീസിന്‍െറ ആഭരണ വിഭാഗമായ ഗോള്‍ഡ് പ്ളസ് ജ്വല്ലറിയാണ് 80 കിലോ സ്വര്‍ണവും 15 കിലോ വെള്ളിയും ഉപയോഗിച്ച് നാനോയെ സുന്ദരിയാക്കിയത്. ചെലവ് 22 കോടി രൂപ. ദരിദ്രനാരായണന്മാര്‍ക്ക് വേണ്ടിയുണ്ടാക്കിയ കാറിന്‍െറ പരസ്യത്തിനാണ് ഇത് ചെയ്തത്. എന്നിട്ട് രക്ഷപ്പെട്ടോ. ഇല്ല. അങ്ങനെയാണ് ഒറ്റ വൈപ്പറും ഒരു റിയര്‍വ്യൂ മിററും ഒക്കെയായി ചെലവ് കുറച്ച് ഇറക്കിയിരുന്ന നാനോയെ സി.എക്സ് എന്ന മോഡലില്‍ എന്‍ജിന്‍െറ ശക്തിയും ഇന്ധനക്ഷമതയും കൂട്ടി പുതുക്കിപ്പണിത് ഇറക്കിയത്. അപ്പോള്‍ വില്‍പനയില്‍ അല്‍പം അനക്കം കണ്ടുതുടങ്ങി. അടുത്തകാലത്ത് പവര്‍ സ്റ്റിയറിങ്ങും മറ്റും കൂട്ടിച്ചേര്‍ത്ത് നാനോയെ വീണ്ടും മോഡേണ്‍ ആക്കുകയും ചെയ്തു. ബൈക്ക് വിറ്റ് കാറ് വാങ്ങുന്നവരുടെ മന$ശാസ്ത്രം മനസ്സിലാക്കാന്‍ ടാറ്റക്ക് കഴിയാത്തതിനാലാണ് നാനോയോട് നാട്ടുകാര്‍ നോ നോ എന്നുപറയുന്നതെന്നാണ് മന$ശാസ്ത്രജ്ഞര്‍ പറയുന്നത്. കാശുകാരായി എന്ന് കാണിക്കാനാണ് ചിലരെങ്കിലും കാറുവാങ്ങുന്നത്. അപ്പോള്‍ കാശില്ലാത്തവര്‍ക്ക് വേണ്ടി എന്നുപറഞ്ഞ് ഇറക്കുന്ന കാര്‍ വാങ്ങിയിട്ട് എന്തുകാര്യം. ആധുനികവത്കരണം കാരണം നാനോക്ക് ഒരു ഗുണമുണ്ടായി. വിലകുറഞ്ഞ കാര്‍ എന്ന വിശേഷണം പോയിക്കിട്ടി. പുതിയ ജനറേഷന്‍െറ കാലത്ത് അല്‍പംകൂടി മോഡേണായാലും കുഴപ്പമില്ളെന്നാണ് ടാറ്റയുടെ നിലപാട്.

മാത്രമല്ല ബോള്‍ട്ടിന്‍െറയും സെസ്റ്റിന്‍െറയുമൊക്കെ നിലവാരം കാക്കുകയും വേണമല്ളോ. അങ്ങനെയാണ് നാനോയുടെ മുഖംമിനുക്കിയ പതിപ്പ് ‘ജെന്‍ എക്സ്’ ടാറ്റാ വിപണിയില്‍ എത്തിക്കുന്നത്. ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്സാണ് ജെന്‍ എക്സിന്‍െറ മുഖ്യ സവിശേഷത. ഇനി മുതല്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാര്‍ ആയിരിക്കും നാനോ. വില ഒൗദ്യോഗികമായി ടാറ്റ പുറത്തുവിട്ടിട്ടില്ല. പുതിയ ഡിസൈനിലുള്ള ബംപര്‍, സ്മോക്ഡ് ഹെഡ്ലാമ്പുകള്‍, പുതിയ ഗ്രില്‍ എന്നിവയാണ് പുറത്തെ മാറ്റങ്ങള്‍. ജെന്‍ എക്സ് നാനോയെ മികച്ച സിറ്റി കാറാക്കി മാറ്റുകയാണ് ടാറ്റ ചെയ്തിരിക്കുന്നത്. 110 ലിറ്റര്‍ ശേഷിയുള്ള ബൂട്ടാണ് നാനോയിലെ അദ്ഭുതം. കീ ഉപയോഗിച്ചുമാത്രമേ ബൂട്ട് തുറക്കാന്‍ കഴിയൂ. അകത്ത് ബൂട്ട് റിലീസിങ് ലിവറില്ല. നിലവിലെ ടാറ്റ നാനോയുടെ അതേ എന്‍ജിന്‍ തന്നെയാണ് ഇതിനും. കൂടുതല്‍ ദൂരം ഓടിക്കാന്‍ കഴിയും വിധം 24 ലീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധന ടാങ്ക് ചേര്‍ത്തിട്ടുണ്ട്. ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററില്‍നിന്ന് ശരാശരി ഇന്ധന ഉപഭോഗം, ഡിജിറ്റല്‍ ക്ളോക്ക്, ട്രിപ് മീറ്റര്‍, ഗിയര്‍നില തുടങ്ങിയ വിവരങ്ങള്‍ അനലോഗ് ആയും ഡിജിറ്റലായും അറിയാം. സ്റ്റിയറിങ് വീലിന്‍െറ ഡിസൈന്‍ മാറി. നാല് സ്പീക്കറുകളോട് കൂടിയ ഒരു മ്യൂസിക് സിസ്റ്റം വന്നു. ഡ്രൈവര്‍ സീറ്റിന് താഴെയാണ് ബാറ്ററി. വാഹനത്തിന്‍െറ മുന്‍വശത്ത് ബോണറ്റിനടിയില്‍ സ്പെയര്‍ വീല്‍ സൂക്ഷിച്ചിരിക്കുന്നു. നാനോ എത്രമാത്രം സുരക്ഷിതമാണെന്ന പതിവ് ചോദ്യത്തിന് മാത്രം ജെന്‍ എക്സിലും മറുപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
