ബെന്‍റ്ലെ ബെന്‍റയ്ഗ
text_fieldsറോള്‍സ് റോയ്സിനെപ്പറ്റി അറിയാത്ത വാഹനപ്രേമികള്‍ ഉണ്ടാകില്ല. ആഡംബരത്തിന്‍െറ അവസാന വാക്കാണ് റോള്‍സ്. രാജാക്കന്മാരുടെ കാര്‍. ബ്രിട്ടീഷ് രാജകുടുംബത്തിന്‍െറ പേരിനോടുചേര്‍ത്ത് ഏറെനാള്‍ റോള്‍സ് റോയ്സിനേയും പറഞ്ഞിരുന്നു. എന്നാല്‍, 2002 മുതല്‍ ഇംഗ്ളീഷ് രാജ്ഞി ഉപയോഗിക്കുന്നത് മറ്റൊരു ബ്രിട്ടീഷ് നിര്‍മാതാവിന്‍െറ കാറാണ്. പേര് ബെന്‍റ്ലെ. സ്റ്റേറ്റ് ലിമോസിന്‍ എന്നറിയപ്പെടുന്ന ഈ വാഹനം രാജ്ഞിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പറഞ്ഞുവന്നത് ബെന്‍റ്ലെ എന്ന ബ്രിട്ടീഷ് ബ്രാന്‍ഡ് ഒരു സംഭവമാണെന്നാണ്. 1919 ജനുവരി 18നാണ് W.O. ബെന്‍റ്ലെ എന്ന എയ്റോ എന്‍ജിനീയര്‍ ഒരു കാര്‍ നിര്‍മാണ കമ്പനി ആരംഭിച്ചത്. അതൊരു തുടക്കമായിരുന്നു. നൂറ്റാണ്ടടുക്കുന്ന ഇതിഹാസത്തിന്‍െറ പിറവിയായിരുന്നു അത്.

ഇംഗ്ളണ്ടിലെ ക്രൂവ് കേന്ദ്രമാക്കി പിറന്ന കമ്പനി പിന്നീടങ്ങോട്ട് യൂറോപ്പിലെ നിരവധി കാറോട്ട മത്സരങ്ങളില്‍ മികവ് തെളിയിച്ച് മുന്നേറി. 1998ല്‍ യൂറോപ്പിലെ മാരുതി എന്നറിയപ്പെടുന്ന ഫോക്സ്വാഗണ്‍ ബെന്‍റ്ലെ ഏറ്റെടുത്തു. ഇങ്ങനെയൊക്കെയുള്ള ബെന്‍റ്ലെ ഇതുവരെ നിര്‍മിച്ചിരുന്നത് കാറുകളായിരുന്നു. കോണ്ടിനെന്‍റല്‍ ജി.ടി, മുള്‍സേന്‍, ഫൈ്ളയ്ങ് സ്പര്‍ തുടങ്ങിയ വമ്പന്‍ മോഡലുകള്‍. സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത കോടികള്‍ വിലമതിക്കുന്ന കാറുകളാണിവ. കെട്ടിലും മട്ടിലും ആഡംബരത്തികവാര്‍ന്ന വാഹനങ്ങള്‍. ഇപ്പോഴിതൊക്കെ പറയാനൊരു കാരണമുണ്ട്. മൂന്നു വര്‍ഷമായി ബെന്‍റ്ലെ ഒരു എസ്.യു.വി നിര്‍മാണത്തിലായിരുന്നു. 2012 ജനീവ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സപ്റ്റ് വാഹനത്തെ മിനുക്കിയും ഒരുക്കിയും ഇറക്കുന്ന തിരക്കിലായിരുന്നു കമ്പനി. ഇപ്പോഴും ഇപ്പണി തീര്‍ന്നിട്ടില്ല. എന്നാല്‍, പേരിടീല്‍ ചടങ്ങും പ്രോട്ടോടൈപ്പ് നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബെന്‍റയ്ഗ എന്നാണ് പേര്. എല്ലാം തികഞ്ഞൊരു എസ്.യു.വി എന്നാണ് പേര് സൂചിപ്പിക്കുന്നത്. മറ്റെവിടെയും കാണാത്ത ആഡംബരത്തിന്‍െറയും കരുത്തിന്‍െറയും പ്രതീകം-കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ഓള്‍ഫ്ഗാങ് ഡര്‍മീര്‍ പറയുന്നു.

ഉത്തരാര്‍ഥ ഗോളത്തെ ചുറ്റിക്കാണുന്ന ലോകത്തിലെ ഏറ്റവുംവലിയ മഞ്ഞ് മലയായ ടൈഗയുടെ പേരില്‍നിന്നാണ് ബെന്‍റയ്ഗ എന്ന പേര് കമ്പനി തെരഞ്ഞെടുത്തത്. ലോകത്തിലെ ഏറ്റവും ദുര്‍ഘടമായ പാതകളില്‍ക്കൂടി, കഠിനമായ കാലാവസ്ഥകളില്‍ക്കൂടി പരീക്ഷണ ഓട്ടം നടത്തുകയാണ് ബെന്‍റയ്ഗ ഇപ്പോള്‍. പുറത്തിറങ്ങുമ്പോള്‍ ഇതിനെ അതിജയിക്കാനൊരു വാഹനവും ഉണ്ടാവില്ളെന്ന് ബെന്‍റ്ലെ പറയുന്നു. ഫോക്സ്വാഗന്‍െറ ഉടമസ്ഥതയിലുള്ള മറ്റൊരു ബ്രാന്‍ഡായ ഓഡി Q7ന്‍െറ പ്ളാറ്റ്ഫോമായ MLB ഇവോയിലായിരിക്കും ബെന്‍റയ്ഗയുടെ നിര്‍മാണം. പുറത്തുവന്ന ചിത്രങ്ങളില്‍ മുന്നിലെ വലിയ ഗ്രില്ലുകളും, ഇരട്ട ഹെഡ്ലൈറ്റുകളും ചതുര വടിവുകളും ദൃശ്യമാണ്. മൊത്തത്തില്‍ പോര്‍ഷെ കയാനോടാണ് സാമ്യം. ഉള്ളില്‍ ഉരുണ്ട എ.സി വെന്‍റുകളും വലിയ ടച്ച് സ്ക്രീനുമുണ്ട്. മൊത്തം ഡിജിറ്റലായ ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്ററാണ് നല്‍കിയിരിക്കുന്നത്. മുന്‍ പിന്‍ സീറ്റുകള്‍ ഒറ്റയായി നിലകൊള്ളുന്നു. മൂന്നാം നിര ഉണ്ടാകില്ല. എന്‍ജിനെ പറ്റി സൂചനകള്‍ മാത്രമാണുള്ളത്. 4.0 ലിറ്റര്‍ ഇരട്ട ടര്‍ബോ V8 എന്‍ജിനാണ് ഒരു സാധ്യത. എന്നാല്‍, അല്‍പ്പംകൂടി വലിയ 6.0 ലിറ്റര്‍ W12 എന്‍ജിന്‍െറ കാര്യവും തള്ളിക്കളയാനാകില്ല. പുതിയ കാലത്തേക്ക് ഹൈബ്രിഡ് മോഡലുകളും കമ്പനി ആലോചിക്കുന്നുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ബെന്‍റയ്ഗ എത്തും.
ടി.ഷബീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
