Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹോണ്ട ജാസ്:...

ഹോണ്ട ജാസ്: അഴകന്‍,വിശാലന്‍,കരുത്തന്‍

text_fields
bookmark_border
ഹോണ്ട ജാസ്: അഴകന്‍,വിശാലന്‍,കരുത്തന്‍
cancel

2015ല്‍ വാഹന പ്രേമികള്‍ ഏറെ കാത്തിരുന്ന മോഡലാണ് ഹോണ്ട ജാസ്. മൂല്യവര്‍ദ്ധിത കാറുകള്‍ (പ്രീമിയം എന്ന് ഇംഗ്ളീഷില്‍) അരങ്ങുവാഴാന്‍ തുടങ്ങിയതുമുതല്‍ ശ്രദ്ധാ കേന്ദ്രമായിരുന്നു ജാസ്. നിലവാരവും കരുത്തും വര്‍ദ്ധിപ്പിച്ച് എത്തുന്ന ഹാച്ച്ബാക്കുകളാണ് ഇപ്പോഴത്തെ താരങ്ങള്‍. i20 എലൈറ്റ്, ഫോക്സ്വാഗണ്‍ പോളോ എന്നിവ ഇങ്ങിനെ നേരത്തെ ആഡ്യന്മാരായി. ഇവരോടേറ്റുമുട്ടി തളര്‍ന്നിരിക്കുകയാണ് ഇന്ത്യന്‍ ഹാച്ചുകളിലെ രാജാവായ സ്വഫ്റ്റ്. ഇപ്പോഴിതാ ജാസും അവതരിച്ചിരിക്കുന്നു. ജാസിനൊരു ചരിത്രമുണ്ട്. 2009ലാണ് ഹോണ്ട തങ്ങളുടെ പ്രിയ കുട്ടിയെ ആദ്യമായി അവതരിപ്പിച്ചത്. ഏഴ് ലക്ഷത്തിന് മുകളിലായിരുന്നു വില. നിലവാരമുയര്‍ന്ന ഡിക്കിയില്ലാ കാറുകള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായിരുന്നു ആദ്യ വരവില്‍ ജാസ്. പക്ഷെ വിലക്കൂടുതലും പെട്രോള്‍ വിഭാഗം മാത്രമുള്ളതും തിരിച്ചടിയായി. 2011ല്‍ പരിഷ്കരിച്ചും വില കുറച്ചും വീണ്ടുമത്തെിയെങ്കിലും സാമാന്യ വില്‍പ്പന പോലും കൈവരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഹോണ്ട ഏറെ മാറി. ഒപ്പം അവരുടെ മോഡലുകളും. പെട്രോള്‍ കടുംപിടിത്തങ്ങള്‍ ഉപേക്ഷിച്ച് ഡീസലിന്‍െറ ജനപ്രിയതയിലേക്കുള്ള മാറ്റമാണിതില്‍ പ്രധാനം. പുതിയ ജാസ് വരുമ്പോള്‍ പ്രതീക്ഷയുടെ മാപിനികള്‍ ഉയരുകയാണ്. വാഹന പ്രേമികളുടേയും ഹോണ്ടയുടേയും. 

      

അഴകന്‍
അഴകളവുകളില്‍ ജാസൊരു തികഞ്ഞവനാണ്. ഹ്യൂണ്ടായുടെ i20 എലൈറ്റിന് തക്ക എതിരാളി. സിറ്റിയെ അനുസ്മരിപ്പിക്കുന്ന ഹെഡ്ലൈറ്റുകള്‍, കറുപ്പിന് പ്രാധാന്യമുള്ള ഗ്രില്ല് എന്നിവ ആകര്‍ഷകം. വിഭജിക്കപ്പെടാത്ത ഉരുണ്ട ഒറ്റ ശരീരമാണ് വാഹനത്തിനെങ്കിലും ചതുര വടിവുകള്‍ വരഞ്ഞിട്ടിരിക്കുന്നത് ഭംഗിയേറ്റും. പുത്തന്‍ ബെന്‍സ് സി ക്ളാസിനെ എവിടെയൊക്കെയോ അനുസ്മരിപ്പിക്കുന്ന മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍ പിടിപ്പിച്ചിരിക്കുന്നു. മുന്‍വശത്ത് ക്രോമിയത്തിന്‍െറ ധാരാളിത്തം ഇല്ല എന്നതും പ്രത്യേകതയാണ്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ മുന്‍ ഡോറില്‍ തുടങ്ങി ടെയില്‍ ലൈറ്റുകളില്‍ അവസാനിക്കുന്ന നീണ്ട വ്യക്തമായ ക്യാരക്ടര്‍ ലൈന്‍ കാണാം. പുത്തന്‍ അലോയ് വീലുകളും ആകര്‍ഷകം. പിന്നിലത്തെിയാല്‍, ഏറെ മനോഹരമാണ് എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍. ഇവ അല്‍പ്പം നീണ്ട് ബമ്പറിലേക്ക് വളര്‍ന്നിറങ്ങിയിരിക്കുന്നു. വലിയ ക്രോം ബാര്‍, വൈപ്പര്‍, ആന്‍റിന എന്നിവയും ആകര്‍ഷകം. 


വിശാലന്‍
അതി വിശാലമാണ് ജാസിന്‍െറ ഉള്‍വശം. ഈ വിഭാഗത്തിലെ ഏറ്റവും ഇടമുള്ള കാര്‍. മലര്‍ക്കെ തുറക്കുന്ന ഡോറുകള്‍ കയറലും ഇറങ്ങലും അനായാസമാക്കും. അഞ്ച് പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. വിലകൂടിയ മോഡലുകളില്‍ പിന്നില്‍ മാജിക് സീറ്റുകള്‍ ലഭ്യമാണ്. ഇവ എങ്ങിനേയും മടക്കുകയും താഴ്ത്തുകയും ചെയ്യാം. മുന്നിലേയും പിന്നിലേയും സീറ്റുകള്‍ മറിച്ചിട്ടാല്‍ ഒരാള്‍ക്ക് സുഖമായി നീണ്ട് നിവര്‍ന്ന് കിടക്കാനാകും. 354 ലിറ്റര്‍ ഡിക്കിയും അത്യാവശ്യം ഉപകാരിയാണ്. ഇന്‍െറീരിയറിന് മുഴുവന്‍ കറുപ്പിന്‍െറ അഴകാണ്. ഡോര്‍ പാഡിലെ അല്‍പ്പം ബീജും ചില അലൂമിനിയം ഇന്‍സേര്‍ട്ടുകളും ഒഴിച്ചാല്‍ മൊത്തം കറുപ്പ് മയം. സെന്‍റര്‍ കണ്‍സോളിന് പിയാനൊ ബ്ളാക്ക് ഫിനിഷാണ്. അഞ്ച് ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ടച്ച് സ്ക്രീനില്‍ ബ്ളൂടൂത്തോടു കൂടിയ മ്യൂസിക് സിസ്റ്റം, യു.എസ്.ബി, ഓക്സ് കണക്ടിവിറ്റി എന്നിവയുമുണ്ട്. പിന്നിലെ കാമറയില്‍ നിന്നുള്ള ദൃശ്യങ്ങളും ഇതില്‍ ലഭിക്കും. ഉയര്‍ന്ന വേരിയന്‍െറില്‍ 6.2 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ടച്ച് സ്ക്രീനാണുള്ളത്. മൂന്നായി തിരിച്ചിരിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചര്‍ ഉരുണ്ടിരിക്കുന്നു. ഇതിന് നല്‍കിയിരിക്കുന്ന നീല ബ്ളാക്ക് ലൈറ്റ് ആകര്‍ഷകം. അത്യാവശ്യം നിയന്ത്രണങ്ങള്‍ സ്റ്റിയറിങ്ങ് വീലിലുമുണ്ട്. 


കരുത്തന്‍
ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ പുതിയ ജാസിനുണ്ട്. 1.5 ലിറ്റര്‍ iDTEC എഞ്ചിന്‍ ഹോണ്ടയുടെ അമേസിലും ജാസിലും ഉള്ളത്. 98.6 ബി.എച്ച്.പി കരുത്ത് 3600 ആര്‍.പി.എമ്മില്‍ ഉല്‍പ്പാദിപ്പിക്കാന്‍ എഞ്ചിനാകും. 20.3 കെ.ജി.എം.ഒ ടോര്‍ക്ക് 1750 ആര്‍.പി.എമ്മിലും ഉദ്പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. മൈലേജ് കേട്ടാല്‍ ഞെട്ടും. 27.3km/l. തീരെ നിശബ്ദനല്ല ഈ എഞ്ചിന്‍. ചെറിയൊരു മുരള്‍ച്ച കാബിനിലേക്ക് കടന്നുവരും. 1.2ലിറ്റര്‍ iVTEC പെട്രോള്‍ എഞ്ചിന്‍ പെര്‍ഫോമന്‍സിന് പേരുകേട്ടതാണ്. 89 കുതിരശക്തിയും 11.2 കെ.ജി.എം.ഒ ടോര്‍ക്കും ഇവന്‍ ഉദ്പ്പാദിപ്പിക്കും. ഡീസലിനോളം വരില്ളെങ്കിലും മാന്യമായ മൈലേജിന് പേരുകേട്ടതാണ് ഹോണ്ടയുടെ പെട്രോള്‍ എഞ്ചിനുകള്‍. 18km/l ശരാശരി പ്രതീക്ഷിക്കാം. നല്ല സസ്പെന്‍ഷന്‍ അത്യാവശ്യം കുണ്ടും കുഴിയുമൊക്കെ ഒപ്പിയെടുക്കും. മൊത്തം 12 വേരിയന്‍െറുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ഏഴ് പെട്രാള്‍ വേരിയന്‍റുകളില്‍ രണ്ടെണ്ണം ഓട്ടോമാറ്റിക്. വില ആറ് ലക്ഷം മുതല്‍.
ടി.ഷബീര്‍ 

Show Full Article
TAGS:
Next Story