ലോഡ്ജിയും ഇന്നോവയും തമ്മില്‍
text_fieldsകൊതിപ്പിക്കുന്ന ഇന്ത്യന്‍ എം.പി.വി വിപണിയെ കൈയില്‍ ഒതുക്കണമെന്നാണ് ഈ നാട്ടിലത്തെുന്ന ഓരോ വിദേശ വാഹന നിര്‍മാതാക്കളുടെയും ആഗ്രഹം. പക്ഷേ, ഇന്നോവ ഉള്ളിടത്തോളംകാലം ഇത് നടക്കില്ല എന്നാണ് സങ്കല്‍പം. ഉപഭോക്താക്കള്‍ എന്ത് ആഗ്രഹിക്കുന്നു എന്നത് അറിഞ്ഞുകൊണ്ടല്ല മറിച്ച്, ഇന്നോവയെ എങ്ങനെ ഒതുക്കാം എന്ന് ഗവേഷണം നടത്തിയാണ് ഈ സെഗ്മെന്‍റിലെ ഓരോ വണ്ടിയും ഡിസൈന്‍ ചെയ്യാറ്. ടാറ്റ ആര്യ ഇന്നോവയുടെ ഏതാണ്ട് എല്ലാ അവയവങ്ങളും അതുപോലെ അനുകരിക്കാന്‍ നോക്കി. മഹീന്ദ്ര എക്സ്.യു.വി ഇന്നോവയെ കടത്തിവെട്ടുന്ന ഡിസൈനുമായി വന്നു. വെച്ചൂര്‍ പശുപോലെ ഓമനത്തം തുളുമ്പുന്ന ആര്‍ക്കും പരിപാലിക്കാവുന്ന വായും വയറുമായി സുസുകി എര്‍ട്ടിഗയും ഹോണ്ട മൊബിലിയോയും വന്നു. ടാറ്റ വിങ്ങര്‍, നിസാന്‍ ഇവാലിയ, അശോക് ലൈലന്‍ഡ് സ്റ്റെല്‍ എന്നിവരൊക്കെ കൂടുതല്‍ ആളുകളെ കയറ്റി മോഹിപ്പിച്ചു. പക്ഷേ, ടൊയോട്ട ഇന്നോവക്ക് ഒരു ചുക്കും സംഭവിച്ചില്ല. ഇതിനിടയിലാണ് ലോഡ്ജിയുമായി റെനോ വരുന്നത്.
കടലാസിലെ കണക്കുകൂട്ടലുകളില്‍ ലോഡ്ജി ഇന്നോവയെ മലര്‍ത്തിയടിക്കാന്‍ കെല്‍പുള്ള പുലിയാണ്. പക്ഷേ, റോഡില്‍ എന്താവുമെന്ന് കണ്ടറിയണം. പറഞ്ഞുകേള്‍ക്കുന്നതു തന്നെയാണ് കണ്ടറിയുന്നതെങ്കില്‍ നമുക്ക് സന്തോഷിക്കാം, ലോഡ്ജിയെ സ്റ്റാര്‍ ഹോട്ടലെന്നുപോലും വിളിക്കാം. ഡസ്റ്ററിലൂടെ സാധിച്ച അത്ഭുതം ലോഡ്ജിയിലും ആവര്‍ത്തിച്ചാല്‍ ഇന്നോവ ശരിക്കും ഹോംസ്റ്റേ ആയിപ്പോകും. ലോഡ്ജിക്ക് 1461 സി.സി എന്‍ജിനാണെങ്കില്‍ ഇന്നോവക്ക് 2494 സി.സിയാണ്്. ഈ വലുപ്പത്തില്‍ വലിയ കാര്യമില്ല. കാരണം, ലോഡ്ജി 108.5 ബി.എച്ച്.പി കരുത്തു നല്‍കുമ്പോള്‍ ഇന്നോവ 100.6 ബി.എച്ച്.പിയില്‍ ഒതുങ്ങും. ടോര്‍ക്ക് ലോഡ്ജിക്ക് 25.3 കിലോഗ്രാമും ഇന്നോവക്ക് 20.4 കിലോഗ്രാമും ആണ്. അതായത്, ഇന്നോവയെക്കാള്‍ ചെറിയ എന്‍ജിനായിട്ടും എട്ടു ബി.എച്ച്.പി ശക്തിയും അഞ്ചു കിലോ ടോര്‍ക്കും ലോഡ്ജിക്ക് കൂടുതലുണ്ട്. ഇത്രയും ശക്തിവേണ്ട എങ്കില്‍ 84 ബി.എച്ച്.പിയുടെ എന്‍ജിനുള്ള ലോഡ്ജിയും കിട്ടും.
ഒരാളെക്കൂടി കൂടുതല്‍ കയറ്റാനോ കുറച്ച് ലഗേജുകൂടി കൊണ്ടുപോകാനോ ഉള്ളപ്പോഴാണ് ഇതിന്‍െറ ഗുണം മനസ്സിലാവുക. ഈ അധിക ശക്തി ശരിയായി ഉപയോഗിക്കാന്‍ ഇന്നോവയെക്കാള്‍ ഒരു ഗിയര്‍ കൂടി ലോഡ്ജിക്ക് കൂടുതല്‍ നല്‍കിയിട്ടുണ്ട്. ഈ ആറാം ഗിയര്‍ ഹൈവേയിലൂടെ പറക്കാന്‍ സഹായിച്ചേക്കും. ഇന്നോവയെക്കാള്‍ ഇന്ധനക്ഷമത കിട്ടാനും ഈ ഗിയര്‍ സഹായിക്കുമെന്നാണ് റെനോ പ്രതീക്ഷിക്കുന്നത്. ഇന്നോവയെക്കാള്‍ അല്‍പം വലുതാണ് ലോഡ്ജിയുടെ വീല്‍ബേസ്. ലോഡ്ജിക്ക് 2810 എംഎം ആണെങ്കില്‍ ഇന്നോവ 2750ല്‍ ഒതുങ്ങും. മറ്റു അളവുകളില്‍ ഇന്നോവയാണ് മുന്നില്‍. നീളം 87 എം.എം, വീതി ഒമ്പത് എം.എം ഉയരം 78 എം.എം എന്നിങ്ങനെ അധികമുണ്ട് ഇന്നോവക്ക്. എത്ര ഉയരമുള്ളവര്‍ക്കും സുഖമായി യാത്രചെയ്യാം എന്നതാണ് ഗുണം.
സുരക്ഷയും മറ്റു സൗകര്യങ്ങളും നോക്കിയാല്‍ ഇരുവരും തുല്യരാണ്. ഉയര്‍ന്ന മോഡലുകളില്‍ മൂന്ന് നിരകളിലും എ.സി വെന്‍റും യു.എസ്.ബി, ബ്ളൂടൂത്ത്, ടച്ച് സ്ക്രീന്‍, റിയര്‍വ്യൂ കാമറ, റിയര്‍പാര്‍ക്കിങ് സെന്‍സര്‍, എ.ബി.എസ്, എയര്‍ബാഗ് എന്നിവ രണ്ടിലുമുണ്ട്്. റെനോ ലോഡ്ജി ഇന്ത്യയില്‍ എത്തിയത് 8.19-11.79 ലക്ഷത്തിനും ഇടയില്‍ വിലക്കാണ്. 84 ബി.എച്ച്.പിയുടേത് ഏകദേശം 8.19 മുതല്‍ 10.89 ലക്ഷം വരെ രൂപക്ക് കിട്ടും. (എക്സ് ഷോറൂം ഡല്‍ഹി). 108.5 ബി.എച്ച്.പിയുടേതിന് 10.09 ലക്ഷം മുതല്‍ 11.79 ലക്ഷം വരെയാണ് വില. ഇന്നോവക്ക് ഏകദേശം 12.54 ലക്ഷം മുതല്‍ 15.81 ലക്ഷം വരെയാണ് വില. അതായത്, വിവിധ മോഡലുകളില്‍ ഇന്നോവയെക്കാള്‍ രണ്ടു മുതല്‍ നാലു ലക്ഷംവരെ വിലക്കുറവ് ലോഡ്ജിക്കുണ്ട്. ഇതില്‍ പിടിച്ചുകയറാനാണ് റെനോ ശ്രമിക്കുന്നത്. പക്ഷേ, കടലാസില്‍ താരതമ്യം ചെയ്യാനാവാത്ത കുറെ ഘടകങ്ങള്‍ വേറെയുമുണ്ട്. യാത്രാസുഖം, കണ്‍ട്രോള്‍, അറ്റകുറ്റപ്പണി എന്നിങ്ങനെ പോകുന്നു അത്. പിന്നെ ജപ്പാനിലെ ടൊയോട്ട തറവാട്ടില്‍നിന്നും ഫ്രാന്‍സിലെ റെനോയുടെ വീട്ടില്‍നിന്നും സംബന്ധം കൂടുമ്പോള്‍ നാട്ടില്‍ കിട്ടുന്ന ബഹുമാനത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാവുമല്ളോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
