ടെന്‍ഷന്‍ കൂട്ടി കെ ടെന്‍
text_fieldsലോകത്തുള്ള സകലമാനപേരും സ്നേഹിച്ച് തുടങ്ങിയ സമയത്താണ് സെന്‍ എന്ന കുഞ്ഞിക്കാറിനെ മാരുതി സുസുക്കി കൊന്നുകളഞ്ഞത്. സെന്‍ കഥകള്‍ പറഞ്ഞ് കരഞ്ഞവര്‍ക്ക് എസ്റ്റിലോ എന്ന കക്ഷിയെ പരിചയപ്പെടുത്തിക്കൊടുക്കുകയാണ് സുസുക്കി ചെയ്തത്. സെന്‍ എന്ന പേരല്ലാതെ ബാക്കി ഗുണമൊന്നും അതില്‍ ഉണ്ടായിരുന്നില്ല. ആള്‍ട്ടോ എന്ന കുഞ്ഞിക്കാറാണ് ഇതിന് തുല്ല്യമായി നാട്ടുകാരുടെ മനം കവര്‍ന്നത്. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറെന്ന ബഹുമതി കിട്ടിയ ഉടന്‍ ആള്‍ട്ടോയുടെ കഥ കഴിഞ്ഞു. പകരം രണ്ട് പുതിയ ആള്‍ട്ടോകള്‍ ഇറങ്ങി. ആള്‍ട്ടോ 800ഉം ആള്‍ട്ടോ കെ.ടെന്നും.

പ്രഥമന്‍ മാരുതി എണ്ണൂറിനും ദ്വിതീയന്‍ ആള്‍ട്ടോക്കും ബദലായി. കാണാന്‍ സുന്ദരന്‍ കെ.ടെന്നായിരുന്നു. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല. ഇയോണ്‍ എന്ന വിദ്വാനുമായി ഹുണ്ടായി എത്തിയപ്പോഴാണ് കുഞ്ഞിക്കാര്‍ എന്താണെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്. കെ.ടെന്‍ മടുത്ത ഉടമകള്‍ക്ക് മുന്നിലേക്ക് ഒരു ലിറ്ററിന്‍െറ എന്‍ജിന്‍ ഘടിപ്പിച്ച ഇയോണുകളെ ഹുണ്ടായി ഇറക്കി വിട്ടു. സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ മാര്‍ക്കറ്റില്‍ കെ. ടെന്നുകള്‍ നിറഞ്ഞു തുളുമ്പുന്നതിന്‍െറ രഹസ്യം അപ്പോഴാണ് മാരുതി സുസുക്കി അന്വേഷിക്കാന്‍ തുടങ്ങിയത്. ഏതായാലും കെ.ടെന്നിനെ പുതുക്കിയിറക്കാന്‍ അവര്‍ തയാറായി. പുതുക്കല്‍ എന്നാല്‍ അടിമുടി പുതുക്കല്‍. എന്‍ജിന്‍ വരെ റീട്യൂണ്‍ ചെയ്തു. ഇപ്പോള്‍ കണ്ടാല്‍ ആള്‍ട്ടോ 800 ന്‍െറ ചേട്ടനാണെന്നുതന്നെ തോന്നും.

സ്ത്രീകള്‍ കൂടുതലായി കാറോടിക്കുന്ന കാലമായതിനാല്‍ സെലേറിയോയിലെ ഓട്ടോ ഷിഫ്റ്റ് ഗിയര്‍ബോക്സ് ഘടിപ്പിച്ച് ഇയോണിനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. ക്ളച്ചും ഗിയറും തമ്മിലെ ആത്മബന്ധം കണ്ട് വണ്ടിയോടിക്കാന്‍ മടിക്കുന്ന വീട്ടമ്മമാര്‍ ഇനി ‘കാറിപ്പോകുമെന്ന്’ പ്രതീക്ഷിക്കാം. ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാറെന്ന അവകാശവാദം ഉന്നയിക്കാനുള ശേഷിയാണ് മാരുതി ഇതിലൂടെ നേടിയത്. വില സെലേറിയേയെക്കാള്‍ അരലക്ഷം കുറയുമെന്നാണ് സൂചന. ഹെഡ്ലാമ്പ്, ബമ്പര്‍, ഗ്രില്‍, ബോണറ്റ്, വിങ് മിററുകള്‍, ടെയ്ല്‍ഗേറ്റ്, ടെയ്ല്‍ ലാമ്പുകള്‍ തുടങ്ങിയവയൊക്കെ മാറിയിട്ടുണ്ട്.

ഡുവല്‍ടോണ്‍ ഡാഷ്ബോര്‍ഡ്, നവീന സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രമെന്‍റ് ക്ളസ്റ്റര്‍, പുതിയ ഓഡിയോ സിസ്റ്റം തുടങ്ങിയവ അകത്തും പുതുമ നല്‍കുന്നു. പഴയ ആള്‍ട്ടോ കെ.ടെന്നിന് 1460 മില്ലീമീറ്ററായിരുന്നു ഉയരം. പുതിയതിന് 1475 മില്ലീമീറ്ററുണ്ട്. വീതി 1475ല്‍നിന്ന് 1295 ആയി കുറഞ്ഞു. നീളം 3620ല്‍നിന്ന് 3545 ആയി. വീല്‍ബേസില്‍ മാറ്റം വന്നിട്ടില്ല. എന്‍ജിന്‍ പഴയതുതന്നെ. 6500 ആര്‍.പി.എമ്മില്‍ 68 പി.എസ് കിട്ടിയിരുന്ന സ്ഥാനത്ത് 6000 ആര്‍.പി.എം ചെലവാക്കിയാല്‍ മതിയെന്ന മെച്ചമുണ്ട്. നാട്ടുകാരെക്കൊണ്ട് പറയിക്കുമോ കരയിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
