സുസുക്കിയുടെ കുഞ്ഞിക്കുട്ടി
text_fieldsസുസുക്കി ഇപ്പോള്‍ കഠിനമായ മനപ്രയാസത്തിലാണ്. അവരുടെ വൈ.ആര്‍.എ എന്ന കുട്ടി എന്‍ട്രന്‍സ് കോച്ചിങ് നടത്തുന്നു എന്നതാണ് ആ ലോലമനസ്സ് വേദനിക്കാന്‍ കാരണം. എന്‍ട്രന്‍സ് എന്നുപറഞ്ഞാല്‍ ഇന്ത്യന്‍ വാഹന വിപണിയിലേക്കുള്ള എന്‍ട്രന്‍സ്. റോഡിലിറങ്ങിയാല്‍ എങ്ങനെ ഓടണം. മുതലാളിയോട് എങ്ങനെ പെരുമാറണം തുടങ്ങി സകലമാന കാര്യങ്ങള്‍ക്കും കോച്ചിങ് ഉണ്ട്. പറയുന്നത് അനുസരിക്കുന്നുണ്ടോയെന്ന് അറിയാന്‍ ഇടക്കിടെ റോഡിലിറക്കി ഓടിക്കാറുമുണ്ട്. ഓരോ ഓട്ടം കഴിഞ്ഞ് തിരിച്ചത്തെുമ്പോഴും എന്തൊക്കെ പുതുതായി ഏര്‍പ്പെടുത്തിയാല്‍ മര്യാദക്ക് കഴിയാമെന്ന് വൈ.ആര്‍.എ സുസുക്കിയോട് പറയും. ഈ ഓട്ടത്തിനിടെ ചില വണ്ടി പ്രാന്തന്‍മാരുടെ മുന്നില്‍ ചെന്നുപെട്ടതുകൊണ്ടാണ് സുസുക്കിക്ക് ഇങ്ങനെ ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്ന കാര്യം പുറംലോകമറിഞ്ഞത്. വൈ.ആര്‍.എ എന്ന് കമ്പനി ഓമനിച്ചുവിളിക്കുന്ന പേരാണ്. ഒൗദ്യോഗിക നാമകരണം പിന്നീട് ഉണ്ടാകും. നിലവിലെ സ്വിഫ്റ്റിന് മുകളിലായിരിക്കും വൈ.ആര്‍.എയുടെ സ്ഥാനം. സ്വിഫ്റ്റിനേക്കാള്‍ ആഢംബരം ഉണ്ടാവുകയും ചെയ്യും. യൂറോപ്യന്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. മുന്‍ഭാഗം ഏകദേശം സ്വിഫ്റ്റിന് തുല്യമാണ്. ഡേടൈം റണിങ് എല്‍.ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ചു എന്നതാണ് പ്രധാന പ്രത്യേകത. ഐ ട്വന്‍റിയില്‍ ഈ സൗകര്യം നല്‍കിയപ്പോള്‍ വില്‍പന കുതിച്ചുയര്‍ന്നിരുന്നു. പിന്‍ഭാഗം ഫോക്സ്വാഗന്‍ പോളോയുടെയും എലൈറ്റ് ഐ ട്വന്‍റിയുടെയും മിശ്രണമാണ്. റിയര്‍ വ്യൂമിററുകളും ഡോര്‍ഹാന്‍ഡിലുകളും ക്രോമിയത്തില്‍ കുളിപ്പിച്ചിരിക്കുന്നു. ബൂട്ട് സ്പേസും ഐട്വന്‍റിക്ക് സമാനമാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സിയാസിലെ പോലെ ടച്ച് സ്ക്രീന്‍ ഡിസ്പ്ളേ ഡാഷ്ബോര്‍ഡില്‍ ഇടംപിടിച്ചു. കൈ്ളമറ്റ് കണ്‍ട്രോളാണ് മറ്റൊരു സവിശേഷത. എയര്‍ബാഗും എ.ബി.എസും കാറുകളില്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇവ രണ്ടും സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ് ആയി കിട്ടുമെന്നാണ് കരുതേണ്ടത്. എന്‍ജിന്‍ നിലവിലുള്ള 1.3 ലിറ്ററിന്‍െറ ഡീസലോ1.2 ലിറ്ററിന്‍െറ പെട്രോളോ ആവാം. ഇംഗ്ളണ്ടിന് വേണ്ടി തയാറാക്കുന്ന സ്വിഫ്റ്റുകളില്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ഡ്യൂവല്‍ ജറ്റ് സാങ്കേതിക വിദ്യയുള്ള എന്‍ജിന്‍ ലഭിക്കാനും സാധ്യതയുണ്ട്. 2015 അവസാനമോ 2016ലെ മോട്ടോര്‍ ഷോയിലോ ഇത് പുതിയ പേരില്‍ വന്നേക്കാം. ഇവനെച്ചൊല്ലി ഭാവിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഫലങ്ങള്‍ രൂപത്തിന്‍െറയും വിലയുടെയും മാറ്റത്തില്‍ കലാശിക്കുകയും ചെയ്യും. ഐട്വന്‍റിക്കാണ് ഈ അവതാരം എല്ലാത്തരത്തിലും പാരയാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
