പകരക്കാരന്‍ സിയസ്
text_fieldsമാരുതി ആണുങ്ങള്‍ക്കെന്ന പേരില്‍ ഇറക്കിയിരുന്ന കാറായിരുന്നു Sx4. ഇന്ത്യയില്‍ ആണുങ്ങള്‍ കുറവായതിനാലാണോ അതോ സ്വയം അങ്ങനെയാരും കരുതാത്തതിനാലാണോ വിചാരിച്ച കച്ചവടം ഇവന് ലഭിച്ചില്ല. മലയാള സിനിമയിലെ ന്യൂജെന്‍ മുത്ത് ഫഹദ് ഫാസില്‍ സിനിമയില്‍ വന്ന കാലത്ത് Sx4 ഉപയോഗിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാലിന്‍െറ പജീറോക്കോ മമ്മൂട്ടിയുടെ ലാന്‍ഡ് ക്രൂസറിനോ കിട്ടിയ പെരുമ സ്വന്തമാക്കാന്‍ പാവം Sx ന് ആയില്ല. വെര്‍നയും സിറ്റിയൂം വെന്‍േറായും നിരത്തിലൂടെ തലങ്ങും വിലങ്ങും പായുന്നത് കണ്ട് നെഞ്ച് പിടഞ്ഞിരിക്കുമ്പോഴാണ് മാരുതിക്ക് പുതിയ ചിന്തയുദിച്ചത്. സംഗതി പഴയ ലൈന്‍ തന്നെ. ചൊല്ലിക്കൊട് തല്ലിക്കൊട്, തള്ളിക്കള. എത്ര നന്നാക്കിയിട്ടും ആരും തിരിഞ്ഞ് നോക്കാതെ Sx4 നെ പുറത്താക്കുക. പുതിയ ആണൊരുത്തനെ അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ നടന്ന ദല്‍ഹി ഓട്ടോ എക്സ്പോയില്‍ മാരുതി ആ ധീരകൃത്യം നടപ്പാക്കി. സിയസ് (ciaz) എന്നാണ് പുതിയ അവതാരത്തിന്‍െറ പേര്. സംഗതി പഴയ നമ്പര് തന്നെയാണ് മാരുതി ഇറക്കിയിരിക്കുന്നത്. കൂടുതല്‍ വലിപ്പം, ഇന്ധനക്ഷമത, വിലക്കുറവ് പിന്നെ വിശ്വാസ്യത. ഓട്ടോ എക്സ്പോയില്‍ ഇവന് ചുറ്റും വലിയ ജനക്കൂട്ടമായിരുന്നു. ഇരുന്നും നടന്നും കിടന്നും പരിശോധിച്ച വാഹന വിശാരദന്മാര്‍ കുഴപ്പമില്ല എന്ന സര്‍ട്ടിഫിക്കറ്റാണ് സിയസിന് നല്‍കിയത്.

കാഴ്ചാസുഖം
സുസുകി ചൈനയില്‍ വില്‍ക്കുന്ന അലീവിയോ എന്ന മോഡലിന്‍െറ തനിപ്പകര്‍പ്പാണ് സിയസ്. പുറംകാഴ്ചയില്‍ നല്ല സ്പോര്‍ട്ടിയാണ് വാഹനം. അല്‍പം താഴ്ന്ന നില്‍പ്പും വലിയ ബമ്പറും ചരിഞ്ഞ വില്‍ഡ് ഷീല്‍ഡുകളും ഇതിന് സഹായിക്കുന്നു. Sx4 ന്‍െറ 4500 mm എന്ന നീളം സിയസിയത്തെിയപ്പോള്‍ 4545 mm ആയി വര്‍ധിച്ചിട്ടുണ്ട്. പുതിയ സിറ്റിയോക്കാള്‍ കൂടുതലാണിത്. നീണ്ട വീന്‍ബേസും വലിയ ഡോറുകളും പിന്നിട്ട് പിന്നിലേക്കത്തെുമ്പോള്‍ നിലവിലെ ചില എതിരാളികളുമായി സാമ്യം തോന്നാം. ടെയില്‍ ലൈറ്റും ക്രോംബാറുകളും അല്‍പം തള്ളിനില്‍ക്കുന്ന ഡിക്കിയും ചേരുമ്പോള്‍ സിറ്റിയുടെ ഛായയാണ് സിയസിന്.

എന്‍ജിന്‍
ലഭ്യമാക്കുന്ന വിവരങ്ങള്‍ അനുസരിച്ച് എന്‍ജിനില്‍ തുറുപ്പ് തന്നെയിറക്കാനാണ് മാരുതിയുടെ പദ്ധതി. ഫിയറ്റിന്‍െറ 1.3 മള്‍ട്ടിജെറ്റ് ഡീസലും, K14 പെട്രോള്‍ എന്‍ജിനുമായും കാറിനുണ്ടാകുക. DDis എന്ന് മാരുതി വിളിക്കുന്ന ഡീസല്‍ എന്‍ജിന്‍ 90 പി.എസ് പവര്‍ ഉല്‍പാദിപ്പിക്കും. പുതുക്കിയ K14 ആകട്ടെ 100 ലധികം കുതിരശക്തി പുറത്തെടുക്കാന്‍ ശേഷിയുള്ളതാണ്. നിലവില്‍ Sx4 ലുള്ള 118 ബി.എച്ച്.പി 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനെ അപേക്ഷിച്ച് വില കുറവായിരിക്കും എന്ന നേട്ടമാണ് സിയസില്‍ കമ്പനി ലക്ഷ്യമിടുന്നത്. മികച്ച ട്യുണിങ്ങിലൂടെ എന്‍ജിനുകളുടെ ക്ഷമത വര്‍ധിപ്പിക്കാനും മാരുതിയിലെ എന്‍ജിനീയര്‍മാര്‍ ലക്ഷ്യമിട്ടിട്ടുണ്ട്. വിലയിലും ചില അത്ഭുതങ്ങള്‍ കാത്തുവെച്ചിരിക്കുകയാണ് മാരുതിയെന്നാണ് സൂചനകള്‍. 7.50 മുതല്‍ 11 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില. സെപ്തംബറില്‍ പുറത്തിറങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
