Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവാഹ് മോജോ വാഹ്

വാഹ് മോജോ വാഹ്

text_fields
bookmark_border
വാഹ് മോജോ വാഹ്
cancel

ഇന്ത്യയുടെ ഖ്യാതി ലോകത്തിന്‍െറ മുന്നിലത്തെിച്ച വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. നാലുചക്ര വാഹന നിര്‍മ്മാണ രംഗത്ത് അതികായരായി വളരാന്‍ കമ്പനിക്കായിട്ടുണ്ട്. എന്നാല്‍ രണ്ട് ചക്രങ്ങളുടെ ലോകത്ത് അത്ര കേമമല്ല മഹീന്ദ്രയുടെ ചരിത്രം. സെന്‍റ്യൂറോ എന്ന 100സി.സി ബൈക്ക് ഉണ്ടെങ്കിലും അധികം വില്‍പ്പന കൈവരിച്ചിട്ടില്ല. മുടക്കുന്ന പണത്തിന് നല്‍കുന്ന മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാണ് മഹീന്ദ്രയുടെ എക്കാലത്തേയും വലിയ വിജയ മന്ത്രം. എക്സ്.യു.വി 5OO ഉപയോഗിക്കുന്നവര്‍ക്കറിയാം. 15ലക്ഷത്തിന് മഹീന്ദ്ര നല്‍കുന്ന സൗകര്യങ്ങള്‍ എണ്ണമറ്റതാണെന്ന്. ഇപ്പോഴിതാ മോജോ എന്ന മിടുക്കനെ  അവതരിപ്പിച്ചിരിക്കുന്നു മഹീന്ദ്ര. 


മോജോ ഒരു സാധാരണ ബൈക്കല്ല. 300 സി.സി ആണ് എഞ്ചിന്‍. 27 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. വില രണ്ട് ലക്ഷത്തിന് അടുത്താണ്. കൃത്യമായി പറഞ്ഞാല്‍ 1,91,000. (ഡല്‍ഹി എക്സ് ഷോറും). കെട്ടിലും മട്ടിലും നോക്കിലും ഭാവത്തിലും വ്യത്യസ്ഥനാണ് മോജോ. മുന്നില്‍ നിന്ന് നോക്കിയാല്‍ ആദ്യം ശ്രദ്ധയില്‍പ്പെടുക ഇരട്ട ഹെഡ്ലൈറ്റുകളാണ്. സിറ്റി ലൈറ്റുകളായി പ്രവര്‍ത്തിക്കുന്ന എല്‍.ഇ.ഡി സ്ട്രിപ്പുകള്‍ ഹൈഡ്ലൈറ്റ് ക്ളസ്ചറിലുണ്ട്. ഇന്‍സ്ട്രുമെന്‍റ് ക്ളസ്ച്ചറില്‍ അനലോഗ് ടാക്കോ മീറ്ററും എല്‍.സി.ഡി സ്പീഡോമീറ്ററുമുണ്ട്. വലിയ അക്ഷരങ്ങളിലെ എഴുത്ത് നല്ല വെളിച്ചത്തിലും വ്യക്തമായി കാണാനാകും. രണ്ട് ട്രിപ്പ് മീറ്ററുകള്‍, ക്ളോക്ക്, ടോപ്പ് സ്പീഡ് റെക്കോര്‍ഡര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

21ലിറ്റര്‍ കൊള്ളുന്ന കൂറ്റന്‍ ഇന്ധന ടാങ്ക് അല്‍പ്പം വിരിഞ്ഞാണിരിക്കുന്നത്. ടാങ്കിന്‍െറ ഇരുവശങ്ങളിലും മോജോ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ സീറ്റുകള്‍ സുഖമായിരിക്കാന്‍ കഴിയുന്നത്. സാധാരണ സ്പോര്‍ട്സ് ബൈക്കുകളെപ്പോലെ ഏറ്റവും പിന്നിലുള്ളയാള്‍ അല്‍പ്പം ഉയര്‍ന്നിരിക്കേണ്ടി വരും. എല്‍.ഇ.ഡി ലൈറ്റുകളോടുകൂടിയ ചെറിയ ടെയില്‍ ലാമ്പാണ് നല്‍കിയിരിക്കുന്നത്. വശങ്ങളില്‍ നിന്ന് നോക്കിയാല്‍ പിന്നിലേക്കത്തെുമ്പോള്‍ വാഹനം പെട്ടെന്ന് മുറിഞ്ഞുപോകുന്നതായി തോന്നും. നല്ല ശബ്ദം പുറപ്പെടുവിക്കുന്ന ഹോണും നിലവാരമുള്ള സ്വിച്ചുകളും എടുത്ത് പറയേണ്ടത്. വശങ്ങളിലായി നല്‍കിയിരിക്കുന്ന ഇരട്ട എക്സ്ഹോസ്റ്റ് സിസ്റ്റം പുറപ്പെടുവിക്കുന്ന ശബ്ദവും ഗാംഭീര്യമുള്ളത്.  


എഞ്ചിന്‍
കൃത്യമായി പറഞ്ഞാല്‍ 292 സി.സി ഒറ്റ സിലിണ്ടര്‍ ലിക്യുഡ്കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്. 8000 ആര്‍.പി.എമ്മില്‍ 27ബി.എച്ച്.പി കരുത്തും 5500 ആര്‍.പി.എമ്മില്‍ 3 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹൈവേകളിലാണ് മോജോ കരുത്ത് കാട്ടുന്നത്. താണ ഇരുപ്പും സുഖകരമായ സീറ്റും ദീര്‍ഘദൂര യാത്രകളില്‍ ക്ഷീണമുണ്ടാക്കാതെ സൂക്ഷിക്കും. നമ്മുടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളെ നേരിടാന്‍ പിന്നില്‍ ഗാസ് ചര്‍ജ്ഡ് മോണോഷോക്ക് സസ്പെന്‍ഷന്‍ ആണ് നല്‍കിയത്. ഒട്ടും വിറയലില്ലാത്തതാണ് മോജോയിലെ ഉയര്‍ന്ന വേഗത്തിലെ യാത്ര. മികച്ച പ്ളാറ്റ്ഫോം വളവുകളില്‍ നല്ല പിടുത്തം നല്‍കും. നല്ല ആഢ്യത്വമുള്ള ടയറുകളാണ് മഹീന്ദ്ര ബൈക്കിന് വാഗ്ദാനം ചെയ്യുന്നത്. 17 ഇഞ്ച് 10 സ്പോക്ക് വീലുകളില്‍ നിറഞ്ഞിരിക്കുന്ന പിറെല്ലി ടയറുകര്‍ നല്ല ഗ്രിപ്പും സ്റ്റൈലും ഉള്ളതാണ്. മുന്നിലേയും പിന്നിലേയും ഡിസ്ക് ബ്രേക്കുകള്‍ നിര്‍മിക്കുന്നത് യൂറോപ്യന്‍ കമ്പനിമായ ജിജുവാനാണ്. തല്‍ക്കാലം എ.ബി.എസ് ഇല്ല. അഞ്ച് വര്‍ഷം വാറന്‍റിയെന്ന മഹീന്ദ്രയുടെ വാഗ്ദാനം കമ്പനി എത്ര ആത്മവിശ്വാസത്തിലാണെന്ന് കാണിക്കുന്നു. കെ.ടി.എം ഡ്യൂക്കിന്‍െറ 200, 300 സി.സി ബൈക്കുകളോടും ബജാജിനോടുമൊക്കെയാണ് മോജോ പ്രധാനമായും മത്സരിക്കുന്നത്. തല്‍ക്കാലം തിരഞ്ഞെടുത്ത നഗരങ്ങളായ ബാംഗളൂരു, മുംബൈ, ഡല്‍ഹി, പൂനെ എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പന. 
ടി.ഷബീര്‍

Show Full Article
TAGS:വാഹ് മോജോ വാഹ് 
Next Story