Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഫാഷനാകാന്‍ ഫാസിനോ

ഫാഷനാകാന്‍ ഫാസിനോ

text_fields
bookmark_border
ഫാഷനാകാന്‍ ഫാസിനോ
cancel

ഒന്നുകില്‍ ആശാന്‍െറ നെഞ്ചത്ത് അല്ളെങ്കില്‍ കളരിക്ക് പുറത്ത് എന്നനിലയിലാണ് ഇന്ത്യന്‍ യൂത്ത് ഇരുചക്ര വാഹനങ്ങള്‍ക്കു പിന്നാലെ പായുന്നത്. ഒന്നുകില്‍ അവര്‍ക്ക് അഞ്ചാറ് ഗിയറും അപാര പവറുമുള്ള വണ്ടികള്‍ വേണം. അല്ളെങ്കില്‍ ഗിയറില്ലാത്ത പാവത്താന്മാരോടാവും ചങ്ങാത്തം. ഇതിനിടയില്‍ കിടക്കുന്നവരോട് വലിയ മമതയൊന്നുമില്ല. വമ്പന്‍ ബൈക്കുകളും കുഞ്ഞന്‍ സ്കൂട്ടറുകളും ഉണ്ടാക്കി വില്‍ക്കുന്നതില്‍ ഹോണ്ടയാണ് മുന്നിട്ടുനില്‍ക്കുന്നത്. അവരോട് എന്നും ഏറ്റുമുട്ടുന്നത് യമഹയാണ്. ആഗോള ഇരുചക്ര വാഹന വിപണിയില്‍ രണ്ടുപേരും സമാസമന്മാരാണെങ്കിലും ഇന്ത്യയില്‍ ഹോണ്ടയുടെ നിഴലില്‍ നില്‍ക്കാനാണ് യമഹയുടെ വിധി. നാട്ടുകാരുടെ കീശ ചോരേണ്ട എന്ന നല്ല ഉദ്ദേശ്യത്തോടെ അവര്‍ ക്രക്സും മറ്റും ഇറക്കിയെങ്കിലും നാട്ടുകാര്‍ ഹോണ്ട ആക്ടിവയുടെയും യൂനിക്കോണിന്‍െറയും പിന്നാലെയാണ് പാഞ്ഞത്. ഇതില്‍ ആക്ടിവയെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കഴിഞ്ഞിട്ടില്ല. മൂന്നുതരം ആക്ടിവ മാത്രമല്ല ഡിയോയും ഏവിയേറ്ററും കൂടിച്ചേര്‍ന്ന് യുവതീയുവാക്കളെ മുഴുവന്‍ കൈയിലെടുക്കുകയാണ്. ഇത് നോക്കിനിന്ന് മടുത്തപ്പോഴാണ് റേ എന്ന സ്കൂട്ടറുമായി യമഹ ഇറങ്ങിയത്. മസില്‍മാന്‍ ലുക്ക് ആയതിനാല്‍ കോളജ് പിള്ളാര്‍ ഡിയോയെ വിട്ട് റേക്ക് പിന്നാലെ കൂടി. എന്നിട്ടും കുറെ ആളുകള്‍ ആക്ടിവയില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല. രണ്ടുതരം റേകള്‍ക്ക് പുറമെ യമഹ ആല്‍ഫയെ ഇറക്കിനോക്കിയിട്ടും ഫലമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ഫാസിനോ എന്ന ഓട്ടമാറ്റിക് സ്കൂട്ടര്‍ കൂടി അവര്‍ എത്തിച്ചിരിക്കുന്നത്. യമഹക്ക് പേറ്റന്‍റുള്ള ബ്ളൂ കോര്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാണ് ഫാസിനോ എത്തുന്നത്. 66 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് യമഹ പറയുന്നത്. 113 സി.സി ഫോര്‍ സ്ട്രോക് സിംഗ്ള്‍ സിലിണ്ടര്‍ എന്‍ജിന്‍ 7500 ആര്‍.പി.എമ്മില്‍ 7.1 പി.എസ്. 5000 ആര്‍.പി.എമ്മില്‍ 8.എന്‍.എം ടോര്‍ക്കും നല്‍കും. കണ്ടിന്യുവസ്ലി വേരിയബ്ള്‍ ട്രാന്‍സ്മിഷനാണ്. മുന്നില്‍ ടെലിസ്കോപിക് സസ്പെന്‍ഷനും പിന്നില്‍ മോണോഷോക് സസ്പെന്‍ഷനും നല്‍കിയിരിക്കുന്നു. 1270 എം.എം വീല്‍ ബേസും 128 എം.എം ഗ്രൗണ്ട് ക്ളിയറന്‍സും ഉണ്ട്. 10 ഇഞ്ചാണ് വീലുകള്‍. 775 എം.എമ്മാണ് സീറ്റിന്‍െറ ഉയരം. 5.2 ലിറ്റര്‍ ഇന്ധന ടാങ്കും നല്‍കി. 103 കിലോഗ്രാമാണ് ഭാരം. അഞ്ചു നിറങ്ങളില്‍ ലഭിക്കും. മൊബൈല്‍ഫോണ്‍ അടക്കമുള്ളവ സൂക്ഷിക്കാന്‍ കഴിയുന്ന ചെറിയ സ്റ്റോറേജ് സ്കൂട്ടറിന്‍െറ മുന്നില്‍ നല്‍കിയിട്ടുണ്ട്. സീറ്റിനു മുന്നില്‍ താഴെയായി ബാഗും മറ്റും തൂക്കിയിടാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. 21 ലിറ്റര്‍ സ്റ്റോറേജ് സ്പെയ്സ് സീറ്റിനടിയിലും നല്‍കി. ഓടിക്കുന്നയാള്‍ക്ക് സുഖമായി കാലുകള്‍ വെക്കാന്‍ വിശാലമായ ലെഗ് റൂം നല്‍കിയിട്ടുണ്ട്. രണ്ടു ചക്രത്തില്‍ സൃഷ്ടിച്ച സെഡാന്‍ എന്നാണ് യമഹ ഇതിനെ വിശേഷിപ്പിക്കുന്നത്. ക്രോം ഫിനിഷുള്ള റിയര്‍വ്യൂ മിററുകളും പെണ്‍കുട്ടികള്‍ക്ക് നിലത്ത് സുഖമായി കാലുറപ്പിക്കാന്‍ കഴിയും വിധം രൂപകല്‍പന ചെയ്ത സീറ്റുമൊക്കെയായി ഹോണ്ടയെ വെള്ളംകുടിപ്പിക്കാന്‍ തന്നെയാണ് ഫാസിനോയുടെ ഒരുക്കം. പഴയകാലത്തെ സ്കൂട്ടറുകളെ ഓര്‍മിപ്പിക്കുംവിധം ഹെഡ്ലൈറ്റുകളും മറ്റും നല്‍കി വെസ്പക്കിട്ട് ഒരു കൊട്ടുകൊടുക്കാനും യമഹ മറന്നിട്ടില്ല. 52,500 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്സ് ഷോറൂം വില.

Show Full Article
TAGS:
Next Story