ഹൃദയത്തുടിപ്പേറ്റാന്‍ പള്‍സര്‍ ആര്‍.എസ് 200
text_fields2001 നവംബര്‍ 24 എന്ന കാലഗണനക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വിപണിയെ ഇതിന് മുമ്പും ശേഷവും എന്ന് വേര്‍തിരിക്കാം. കാരണം അന്നാണ് പള്‍സര്‍ എന്ന ആണൊരുത്തനെ ബജാജ് ആദ്യമായി അവതരിപ്പിച്ചത്. 100 സി.സി എന്ന മാന്ത്രിക സംഖ്യയില്‍ അഭിരമിച്ചിരുന്ന ഇന്ത്യന്‍ യുവത്വത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. ഇന്ധനക്ഷമതക്കും വലുപ്പക്കുറവിനും പ്രാധാന്യം നല്‍കിയിരുന്ന അതുവരെയുള്ള ഇരുചക്ര വാഹന സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചാണ് പള്‍സര്‍ അവതരിച്ചത്. പള്‍സറിന്‍െറ 150 സി.സി, എയര്‍ കൂള്‍ഡ്, ഫോര്‍ സ്ട്രോക്ക്, സിംഗ്ള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഉല്‍പാദിപ്പിച്ചിരുന്ന പരമാവധി കരുത്ത് 13 കുതിരശക്തിയായിരുന്നു. പൗരുഷ പ്രതീകമെന്ന നിലയിലുള്ള പരസ്യ കാമ്പയിനായിരുന്നു ബജാജ് ബൈക്കിനായി അവതരിപ്പിച്ചത്. ‘ഡെഫനിറ്റ്ലി മെയില്‍’ എന്നായിരുന്നു ടാഗ് ലൈന്‍. രണ്ട് നഴ്സുമാര്‍ ചേര്‍ന്ന് നവജാത ശിശുക്കളെ പരിശോധിക്കുന്നതും, ആണ്‍കുട്ടിയെ കണ്ട് ആവേശം കൊള്ളുന്നതും പിന്നെ കുതിച്ച് വരുന്ന പള്‍സറും ചേര്‍ന്ന് അന്നേ ബജാജ് നയം വ്യക്തമാക്കിയിരുന്നു. എന്നാലതിനും മുമ്പ് നാം മറ്റൊരു കരുത്തനെ പരിചയപ്പെട്ടിരുന്നു. അന്നത്തെ മുടിചൂടാമന്നനായിരുന്ന ഹീറോ ഹോണ്ടയുടെ സി.ബി.സി എന്ന മോഡല്‍. 150 സി.സി ബൈക്കായിരുന്നു ഇതും. എന്നാല്‍, വിപണി പിടിച്ചതും പിന്നെ കീഴടക്കിയതും പള്‍സറായിരുന്നു. 150ല്‍ തുടങ്ങി 180ഉം 200ഉം 220ഉം സി.സി ബൈക്കുകളിറക്കി ബജാജ് പിന്നീട് പള്‍സറിനെ ഒരു ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തു.

പള്‍സര്‍ ആര്‍.എസ് 200
ആഗോളീകരണ കാലത്ത് ഇന്ത്യയൊരു പ്രധാന വിപണിയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജനസഞ്ചയത്തെ ഉള്‍ക്കൊള്ളുന്ന നാട്. ഇരുചക്ര വാഹനരംഗത്തെ വമ്പന്മാര്‍ അതിനാല്‍ തന്നെ ഇന്ത്യയില്‍ കണ്ണുവെച്ചിട്ട് ഏറെ നാളായി. ഭാരതീയ യുവതയുടെ വാങ്ങല്‍ശേഷി വര്‍ധിച്ചതും വിപണിയെ ചൂടുള്ളതാക്കുന്നു. കെ.ടി.എം, ഹീറോയുടെ കൂട്ടുവിട്ട ഹോണ്ട, ജാപ്പനീസ് ഭീമന്‍ യമഹ തുടങ്ങി ഇന്ത്യനും, ഹാര്‍ലിയും വരെ നമ്മെ മോഹിപ്പിച്ച് നിരനിരയായി നില്‍ക്കുകയാണ്. അതിനാല്‍ പള്‍സറിനും മാറിയേ പറ്റൂ. ആ മാറ്റത്തിന്‍െറ പേരാണ് പള്‍സര്‍ ആര്‍.എസ് 200. റെയ്സ്, സ്പോര്‍ട്ട് എന്നതിന്‍െറ ചുരുക്കമാണ് ആര്‍.എസ്. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കിയ ബൈക്കിനെ പറ്റിയുള്ള സൂചനകള്‍ ഈ ചുരുക്കപ്പേരിലുണ്ട്.

രൂപത്തിലും ഭാവത്തിലും പ്രധാന എതിരാളികളായ ഹീറോ കരിസ്മ ഇസെഡ്.എം.ആര്‍, കെ.ടി.എം ആര്‍.സി 200, ഹോണ്ട സി.ബി.ആര്‍ 250 എന്നിവയോട് കിടപിടിക്കുന്നതാണ് ആര്‍.എസ് 200. മുന്നിലെ ഇരട്ട പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകളും തൊട്ടുമുകളിലെ എല്‍.ഇഡി ഇന്‍സേര്‍ട്ടുകളും നല്ല ഗാംഭീര്യം ബൈക്കിന് നല്‍കുന്നുണ്ട്. എല്‍.ഇ.ഡി ലൈറ്റുകള്‍ ഡേ ടൈം റണ്ണിങ്ങ് ലൈറ്റായും ഉപയോഗിക്കാം. മുന്നിലെ സുതാര്യമായ വൈസര്‍ ഉയര്‍ന്ന വേഗത്തില്‍ കാറ്റിനെ പ്രതിരോധിക്കും. ഡിജിറ്റലിന്‍േറയും അനലോഗിന്‍േറയും സങ്കലനമാണ് ഇന്‍സ്ട്രുമെന്‍റ് ക്ളസ്റ്റര്‍. നന്നായി ക്രമീകരിച്ചിരിക്കുന്ന സ്പ്ളിറ്റ് സീറ്റുകള്‍, ഒതുക്കമുള്ള കുഞ്ഞന്‍ എക്സ്ഹോസ്റ്റ്, എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ തുടങ്ങി എതിരാളികള്‍ക്കൊപ്പമോ മുന്നിലോ ആണ് ആര്‍.എസ്. 199.5 സി.സി, സിംഗ്ള്‍ സിലിണ്ടര്‍, ലിക്കുഡ് കൂള്‍ഡ് എന്‍ജിന്‍ 23.2 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. ആറ് സപീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്.

141 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കും. ഈ കാളക്കൂറ്റനെ വരുതിയിലാക്കാന്‍ മുന്നില്‍ 300 എം.എമ്മും പിന്നില്‍ 230 എം.എമ്മും ഡിസ്ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. സസ്പെന്‍ഷനും കേമമെന്നേ പറയാനാകൂ. മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ നൈട്രസ് മോണോഷോക്ക് സസ്പെന്‍ഷനുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 17ഇഞ്ച് വീലുകള്‍ നല്ല റോഡ് പിടിത്തം നല്‍കും. രണ്ട് വേരിയന്‍റുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. എ.ബി.എസ് ഉള്ളതിന് 1.30 ലക്ഷവും ഇല്ലാത്തതിന് 1.18 ലക്ഷവുമാണ് വില (എല്ലാം എക്സ് ഷോറൂം ഡല്‍ഹി).
ടി.ഷബീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
