മിനുക്കിയൊരുക്കി സി.ബി യൂനികോണ്‍ 160
text_fieldsഹോണ്ടക്ക് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ബൈക്ക് മോഡലുകളിലൊന്നായിരുന്നു യൂനികോണ്‍. മറ്റൊന്ന് ആക്ടിവയും. ബുക് ചെയ്ത് മാസങ്ങള്‍ കാത്തിരുന്ന് യൂനികോണ്‍ സ്വന്തമാക്കി അഭിമാനത്തോടെ ഓടിച്ചിരുന്നവരായിരുന്നു കമ്പനിയുടെ ഏറ്റവും മികച്ച ബ്രാന്‍ഡ് അമ്പാസഡര്‍മാര്‍. നല്ല കരുത്ത്, മാന്യമായ ഇന്ധന ക്ഷമത, മികച്ച രൂപഭംഗി തുടങ്ങിയവയായിരുന്നു യൂനികോണിനെ ആകര്‍ഷകമാക്കിയിരുന്നത്. ഇന്നിപ്പോള്‍ കാലം മാറി. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണി കരുത്തോടെ പറക്കുകയാണ്.

100 സി.സി ബൈക്കും അതിലൊരു പൂജാഭട്ടും കിനാവ് കണ്ടിരുന്ന പഴയ തലമുറക്ക് പകരം ഹാര്‍ലിയുടെ ഇടിമുഴക്കങ്ങളും ഇന്ത്യന്‍െറ ഇരമ്പലുകളും ആവാഹിക്കുന്ന പുതിയ ചുള്ളന്‍ ചെക്കന്മാരുടെ നാടാണിത്. ഹെല്‍ക്യാറ്റെന്ന വിചിത്ര രൂപിയായ ബൈക്കില്‍ പറക്കുന്ന മഹേന്ദ്ര സിങ് ധോണിയുടെ ആരാധകര്‍ക്ക് കുറഞ്ഞത് ഹാര്‍ലി വി റോഡോ, ഇന്ത്യന്‍ സ്കൗട്ടോ, എന്‍ഫീല്‍ഡ് തണ്ടര്‍ബേഡോ വേണമെന്നാണാഗ്രഹം. ഇതെല്ലാം തിരിച്ചറിഞ്ഞാകണം തങ്ങളുടെ ചുണക്കുട്ടിയെ ഒന്ന് മിനുക്കിയിറക്കുകയാണ് ഹോണ്ട. നേരത്തേ പറഞ്ഞ വമ്പന്മാരുമായി താരതമ്യമില്ളെങ്കിലും നാട്ടുവഴികളില്‍ ഒന്ന് മിന്നാന്‍ പുതിയ CB യൂനികോണ്‍ 160 മതി. 150നും 200നും ഇടയില്‍ സി.സി കരുത്തുള്ള ബൈക്കുകള്‍ തമ്മില്‍ വര്‍ധിച്ചുവരുന്ന മത്സരത്തില്‍ പുത്തന്‍ യൂനികോണിലൂടെ ഹോണ്ടയും ഭാഗഭാക്കാകുകയാണ്. ജപ്പാനില്‍നിന്നുതന്നെയുള്ള യമഹ FZ S, സുസുക്കി ഗിക്സര്‍, ടി.വി.എസ് അപ്പാഷെ RTR തുടങ്ങിയവയോടാണ് CB യൂനികോണിന്‍െറ പ്രധാന അങ്കം. 2014 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് ആദ്യമായി ബൈക്ക് അവതരിപ്പിക്കപ്പെട്ടത്.

രൂപത്തില്‍ പഴയ യൂനിക്കോണുമായി ഏറെ സാമ്യമില്ല. നല്ല ചുറുചുറുക്ക് തോന്നിക്കുന്ന ഹെഡ് ലാമ്പുകള്‍, ഇരുനിറങ്ങള്‍ ചേര്‍ത്തിണക്കിയ വൃത്തിയായി സജ്ജീകരിച്ച മഡ്ഗാഡ്, റിഫ്ളക്ടറുകള്‍ ക്രമീകരിച്ച മുന്‍ ഫോര്‍ക്കുകള്‍ എന്നിവയാണ് മുന്നിലെ വിശേഷങ്ങള്‍. ഇന്‍സ്ട്രുമെന്‍റ് പാനല്‍ മൊത്തമായും ഡിജിറ്റലാണ്. സ്പീഡോ മീറ്റര്‍, ടാക്കോ മീറ്റര്‍, ഓഡോ മീറ്റര്‍, ഇരട്ട ട്രിപ് മീറ്ററുകള്‍, ഫ്യൂവല്‍ ഗേജുകള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ഇന്ധന ടാങ്ക് രൂപകല്‍പന മനോഹരമാണ്. കൂര്‍ത്ത അഗ്രങ്ങളോടുകൂടിയ ടാങ്കിന്‍െറ ശേഷി 12 ലിറ്ററാണ്. കൃത്യമായ അനുപാതത്തില്‍ വാഹന ശരീരത്തില്‍ വരഞ്ഞുവെച്ചിരിക്കുന്ന രേഖകളാണ് CB യൂനികോണിനെ ആകര്‍ഷകമാക്കുന്ന ഘടകങ്ങളില്‍ പ്രധാനം. മുന്നില്‍ തുടങ്ങി ഇന്ധന ടാങ്കും കടന്ന് സീറ്റുകള്‍ വഴി പിന്നിലേക്ക് വ്യാപിക്കുന്ന ഈ രേഖകള്‍ ബൈക്കിന് നല്ല സ്പോര്‍ട്ടിനെസ് നല്‍കുന്നു. സ്ഫുടം ചെയ്തെടുത്ത 162.71 സി.സി എന്‍ജിന്‍ ഇന്ധന കഷമതക്കും പ്രകടന മികവിനും പേരുകേട്ടതാണ്. 14.5 ബി.എച്ച്.പി കരുത്ത് ഇവ ഉല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. ഒന്ന് താഴേക്കും മറ്റെല്ലാം മുകളിലേക്കും എന്ന രീതിയിലാണ് ഗിയര്‍ മാറ്റം ക്രമീകരിച്ചിരിക്കുന്നത്. മുന്നില്‍ ഡിസ്ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ്. രണ്ട് വേരിയന്‍റുകളുണ്ട്. വില 69,350 (എക്സ് ഷോറൂം ഡല്‍ഹി).
ടി. ഷബീര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
