വാഹന ധമനികളിലെ ഓയിലെന്ന രക്തം

21:09 PM
20/06/2015

വാഹനങ്ങള്‍ മനുഷ്യരാണെങ്കില്‍ ഓയിലുകള്‍ രക്തമാണ്. വാഹന ഗാത്രത്തിലൂടെ ഒഴുകി വിവിധ യന്ത്ര ഭാഗങ്ങളെ വഴക്കി നിര്‍ത്തുന്നത് ഈ കൊഴുത്ത ദ്രവാവകങ്ങളാണ്. ഇതില്‍ ഏറ്റവും പ്രധാനമാണ് എഞ്ചിന്‍ ഓയില്‍. പുതിയ കാലത്ത് ഓയിലിന്‍െറ അളവ് മാത്രമല്ല പ്രാധാന്യമര്‍ഹിക്കുന്നത്. ഗുണമേന്മയും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആധുനിക സങ്കേതങ്ങളുടെ വരവോടെ നിരവധി ലൂബ്രിക്കന്‍െറുകള്‍ വാഹനങ്ങള്‍ക്ക് ആവശ്യമായിട്ടുണ്ട്. എഞ്ചിന്‍ ഓയില്‍,ബ്രേക്ക് ഓയില്‍, കൂളന്‍െറ്,വൈപ്പര്‍ ഫ്ളൂയിഡ്, പവര്‍ സ്ററിയറിങ്ങ് ഓയില്‍ പിന്നെ സാധാരണ വാഹനങ്ങളില്‍ കാണാത്ത ഫോര്‍വീല്‍ ട്രാന്‍സ്ഫര്‍ കേസ് ഓയില്‍, ഡിഫറന്‍ഷ്യല്‍ ഓയില്‍  തുടങ്ങി നിരവധി ലൂബ്രിക്കന്‍െറുകള്‍ ചേര്‍ന്നാണ് ചേര്‍ന്നാണ് പുത്തന്‍ തലമുറ വാഹനങ്ങളെ നിരത്തിലൂടെ പായിക്കുന്നത്.
എഞ്ചിന്‍ ഓയില്‍
വാഹനത്തിന്‍െറ ഹൃദയമാണ് എഞ്ചിന്‍. അങ്ങിനെയെങ്കില്‍ ഹൃദയ സംരക്ഷണമാണ് എഞ്ചിന്‍ ഓയിലിന്‍െറ ജോലി. എഞ്ചിന്‍െറ ചലിക്കുന്ന ഭാഗങ്ങളെ വഴക്കമുള്ളതാക്കി നിര്‍ത്തുക, മാലിന്യം അടിഞ്ഞ് കുടാതെ നോക്കുക, ചൂടിനെ തടുക്കുക തുടങ്ങിയവയാണ് ഇവ ചെയ്യുന്നത്. പ്രവര്‍ത്തനത്തിലും ഗുണമേന്മയിലും വ്യത്യസ്തമായ എഞ്ചിന്‍ ഓയിലുകള്‍ ഇന്ന് ലഭ്യമാണ്. സിന്തറ്റിക്, സെമി സിന്തറ്റിക്, മിനറല്‍ എന്നിവയാണിതില്‍ പ്രധാനം. ഇതില്‍ സിന്തറ്റിക്, സെമി സിന്തറ്റിക് എന്നിവയുടെ മാറ്റേണ്ട കാലദൈര്‍ഘ്യം കൂടുതലാണ്. കൃത്യമായി ഓയിലിന്‍െറ അളവ് പരിശോധിക്കുക, കറുത്ത് കുറുകുന്നതിന് മുമ്പ് മാറ്റുക, ഗുണനിലവാരമുള്ളത് മാത്രം ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ വാഹനങ്ങള്‍ ഏറെനാള്‍ കേടുകൂടാതിരിക്കും.


ട്രാന്‍സ്മിഷന്‍ ഓയില്‍
ഗിയര്‍ ബോക്സിന്‍െറ പ്രവര്‍ത്തനം സുഗമമാക്കലാണ് ട്രാന്‍സ്മിഷന്‍ ഓയില്‍ ചെയ്യുന്നത്. വാഹനത്തിന്‍െറ നിരന്തരം ഉപയോഗിക്കപ്പെടുന്ന ഭാഗമാണ് ഗിയര്‍ ബോക്സ്. ഇവ അഴിച്ച് പണിയേണ്ടി വന്നാല്‍ വന്‍ തുക ചിലവാകും. കൃത്യമായ ഓയില്‍ ഉപയോഗം ഗിയര്‍ ബോക്സിന്‍െറ ആയുസ്സ് വര്‍ദ്ധിപ്പിക്കും. മാനുവല്‍, ഓട്ടോമാറ്റിക് വാഹനങ്ങള്‍ക്ക് വ്യത്യസ്ത ഓയിലുകളാണ് ഉപയോഗിക്കുന്നത്. ഓട്ടോമാറ്റികില്‍ ക്ളച്ച് പ്രവര്‍ത്തനവും ഗിയര്‍ മാറ്റവും സ്വതന്ത്രമായതിനാല്‍ കുടുതല്‍ പ്രഷര്‍ ചെലുത്താന്‍ കഴിയുന്ന ഓയിലാണ് വേണ്ടത്. എഞ്ചിന്‍ ഓയിലിനെ അപേക്ഷിച്ച് ട്രാന്‍സ്മിഷന്‍ ഓയില്‍ മാറ്റേണ്ട കാലാവധി കുടുതലാണ്.


ബ്രേക്ക് ഓയില്‍
വാഹനത്തിന്‍െറ ബ്രേക്കുകള്‍ക്ക് ജീവന്‍െറ വിലയുണ്ട്. ബ്രക്ക് ഓയിലിനെ അറിയണമെങ്കില്‍ ബ്രേക്കിന്‍െറ പ്രവര്‍ത്തനം അറിയണം. നാം ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുമ്പോള്‍ ബ്രേക്ക് ബൂസ്റ്റര്‍ എന്ന ഭാഗം സമ്മര്‍ദത്തിലാകും. ഇതൊരു പമ്പ് പോലുള്ള ഉപകരണമാണ്. ഉവിടെ നിന്ന് മാസ്റ്റര്‍ സിലിണ്ടറിലേക്കാണ് പ്രഷര്‍ എത്തുന്നത്. മാസ്റ്റര്‍ സിലിണ്ടര്‍ ബ്രേക്ക് ഫ്ളൂയിഡ് പമ്പ് ചെയ്യും. ഇതില്‍ സുപ്രധാനമാണ് ഫ്ളൂയിഡ് ലെവല്‍. വേണ്ടത്ര പ്രഷര്‍ നിലനിര്‍ത്താന്‍ ബ്രേക്ക് ഓയിലിന്‍െറ അളവ് കൃത്യമാക്കേണ്ടതുണ്ട്. നിരന്തരം പരിശോധിക്കുകയും മാറ്റേണ്ട കാലയളവില്‍ ഓയില്‍ മാറ്റുകയും ചെയ്താല്‍ ബ്രേക്കിങ്ങ് കൂടുതല്‍ കാര്യക്ഷമമാകും.


കൂളന്‍െറ്
പേരുപോലെ വാഹനത്തെ തണുപ്പിക്കലാണ് കൂളന്‍െറ് ചെയ്യുന്നത്. ഇതിന്‍െറ അളവ് എപ്പോഴും കുറയാതെ നോക്കണം. ഇത് നമ്മുക്ക് തന്നെ ചെയ്യാവുന്നതാണ്. വിപണിയില്‍ ലഭിക്കുന്ന ഗുണനിലവാരമുള്ള കൂളന്‍െറ് വാങ്ങി നിറച്ച് കൊടുത്താല്‍ മതി. കൂളന്‍െറുകള്‍ വാങ്ങി ദീര്‍ഘകാലം വയ്ക്കുന്നത് അത്ര നല്ലതല്ല. ഗുണമേന്മ കുറയാന്‍ ഇടയുണ്ട്. ചെറിയ ബോട്ടില്‍ വാങ്ങി ആവശ്യത്തിന് നിറക്കുന്നതാണ് നല്ലത്.
പവര്‍സ്ററിയറിങ്ങ് ഓയില്‍
ഇലക്ട്രിക് സ്റ്റിയറിങ്ങുകള്‍ വ്യാപകമാകുന്ന കാലമാണിത്. എങ്കിലും ഹൈഡ്രാളിക് പവര്‍ സ്റ്റിയറിങ്ങുകള്‍ പൂര്‍ണ്ണമായി ഒഴിക്കാനായിട്ടില്ല. ഇതിലെ സുപ്രധാന ഘടകമാണ് ഓയില്‍. എളുത്തിലും സുഗമമായും സ്റ്റിയറിങ്ങ് പ്രവര്‍ത്തിക്കുന്നതിന് ഓയില്‍ അളവ് കൃത്യമായിരിക്കേണ്ടതുണ്ട്. ഇതോടൊപ്പം പറയാവുന്നതാണ് വൈപ്പര്‍ ലൂബ്രിക്കന്‍െറ്. ദീര്‍ഘനാളത്തെ ഉപയോഗം വൈപ്പറുകള്‍ കട്ടിയാക്കും. ഇതിന് അയവ് വരുത്താന്‍ ലൂബ്രിക്കേഷന്‍ നല്ലതാണ്.

ടി.ഷബീര്‍

TAGS
Loading...
COMMENTS