സിഗ്നൽ മറികടന്ന് അപകട ഡ്രൈവിങ്: ട്രക്ക് ഡ്രൈവർക്ക് 21,000 രൂപ പിഴ
text_fieldsപ്രതീകാത്മക ചിത്രം
മനാമ: അപകടകരമായ രീതിയിൽ റോഡിലെ റെഡ് സിഗ്നൽ മറികടന്ന് ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയ ഏഷ്യക്കാരനായ ട്രക്ക് ഡ്രൈവർക്കെതിരെ നടപടി.
ഡ്രൈ ഡോക്ക് റോഡിലെ റെഡ് സിഗ്നൽ ലംഘിച്ച് മുന്നോട്ടുകുതിക്കുന്ന ട്രക്കിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായതെന്ന് ട്രാഫിക് പ്രോസിക്യൂഷൻ മേധാവി പറഞ്ഞു.
ഒരു ട്രാൻസ്‌പോർട്ട് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നയാളാണ് പ്രതി. ഇയാൾ ഓടിച്ചിരുന്ന ട്രക്കും ട്രാഫിക് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് പ്രതിയെ താൽകാലികമായി തടവിൽ പാർപ്പിക്കാനും പിടിച്ചെടുത്ത ട്രക്ക് കസ്റ്റഡിയിൽ സൂക്ഷിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
ട്രാഫിക് കോടതിയിൽ നടത്തിയ വിചാരണയിൽ പ്രതിക്ക് ഒരു മാസത്തെ തടവും നൂറ് ദീനാർ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ കാലാവധിക്കുശേഷം രാജ്യത്ത് നിന്ന് സ്ഥിരമായി നാടുകടത്താനും ഉത്തരവുണ്ട്.