ടൊയോട്ട ഹൈലക്സിന് പിന്നാലെ ഫോർച്യൂണറും; ഇന്ത്യൻ ആർമിയുടെ പുതിയ 'കമാൻഡ് വെഹിക്കിൾ' ഗ്രീൻ ഫോർച്യൂണറിനെ കുറിച്ചറിയാം
text_fieldsടൊയോട്ട ഫോർച്യൂണർ
ടൊയോട്ടയുടെ കരുത്തൻ എസ്.യു.വി.യായ ഫോർച്യൂണർ, ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിലെ പുതിയ ചർച്ചാവിഷയം. മിലിട്ടറി ഗ്രീൻ നിറത്തിലുള്ള, പ്രത്യേക ആശയവിനിമയ സംവിധാനങ്ങളോടുകൂടിയ ഫോർച്യൂണറുകളുടെ ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ, വാഹനത്തിന്റെ വിൻഡ്ഷീൽഡിൽ 'ഓൺ ആർമി ഡ്യൂട്ടി' എന്ന് എഴുതിയ പേപ്പർ പതിച്ച ഒരു വീഡിയോ കൂടി പുറത്തുവന്നതോടെ സൈനിക ഇൻഡക്ഷൻ സംബന്ധിച്ച ഊഹോപോഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഈ ടൊയോട്ട ഫോർച്യൂണറുകൾ ഇന്ത്യൻ ആർമിയുടെ കോർപ്സ് ഓഫ് സിഗ്നൽസ് വിഭാഗത്തിന് വേണ്ടിയുള്ളതാണ്. യുദ്ധമുഖത്തെ ആശയവിനിമയം, സാറ്റലൈറ്റ് കണക്ഷനുകൾ സ്ഥാപിക്കൽ, സുരക്ഷിതമായ വിവര കൈമാറ്റം എന്നിവ ഉറപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ പ്രധാന ദൗത്യം. ഈ ലക്ഷ്യങ്ങൾക്കായി, ഫോർച്യൂണറുകളുടെ റൂഫിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ ഡിഷുകൾ ഘടിപ്പിച്ചിട്ടുണ്ട്.
സൈനിക മോഡിഫിക്കേഷനുകൾ
- നിറം: കാഴ്ചയിൽ, ഈ ഫോർച്യൂണറുകൾക്ക് മാറ്റ് ഒലിവ് ഗ്രീൻ ഫിനിഷാണ് നൽകിയിട്ടുള്ളത്. ഇത് രാജ്യത്തെ സൈന്യം ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങളുടെ അതേനിറത്തിൽ തന്നെയാണ് സജ്ജീകരിച്ചിരിക്കുന്നത്.
- ഡിസൈൻ: കറുത്ത ഡോർ ഹാൻഡിലുകളും, ഗൺമെറ്റൽ ഗ്രേ അലോയ് വീലുകളും വാഹനത്തിന്റെ പുറംമോടിക്ക് മാറ്റുകൂട്ടുന്നു.
- ഇന്റീരിയർ (പ്രതീക്ഷിക്കുന്നത്): വാഹനത്തിന്റെ അകത്തെ ചിത്രങ്ങൾ ഇതുവരെ ലഭ്യമല്ലെങ്കിലും, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ കൺസോളുകൾ, ബാറ്ററികൾ, റേഡിയോകൾ, ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള റാക്കുകൾ എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
തിരഞ്ഞെടുത്ത വേരിയന്റ്: ഫോർച്യൂണർ സിഗ്‌മ 4 (Sigma 4)
ഇന്ത്യൻ ആർമി തിരഞ്ഞെടുത്തത് ഫോർച്യൂണറിന്റെ സിഗ്‌മ 4 (Sigma 4) വേരിയന്റാണ്. സൈനിക ആവശ്യങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട, 4x4 സംവിധാനം (ഫോർ-വീൽ ഡ്രൈവ്) ഈ വേരിയന്റിന്റെ പ്രത്യേകതയാണ്. ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയും മലയിടുക്കുകളിലൂടെയുമുള്ള യാത്രയ്ക്ക് 4x4 സംവിധാനം അത്യന്താപേക്ഷിതമാണ്. വാഹനത്തിന്റെ പ്രകടനത്തിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ സിഗ്‌മ 4ൽ 2.8 ലിറ്റർ, ഫോർ-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ എൻജിൻ പരമാവധി 204 പി.എസ് കരുത്തും 420 എൻ.എം ടോർക്കും ഉദ്പാദിപ്പിക്കും. മാനുവൽ, ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

