അവകാശികളില്ലാത്ത 611 വാഹനങ്ങൾ ലേലം ചെയ്യാൻ പൊലീസ്; ഓൺലൈനായാണ് ലേലം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സിറ്റി പൊലീസ് യൂനിറ്റിന് കീഴിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത 611 വാഹനങ്ങൾ ഓൺലൈനായി ലേലം ചെയ്യുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. നിലവിൽ അന്വേഷണത്തിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്ത വിവിധ തരത്തിലുള്ള വാഹനങ്ങളാണ് ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നത്.
പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒക്ടോബർ 31ന് രാവിലെ 11 മുതൽ വൈകീട്ട് നാലു വരെയാണ് ഇ-ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ 'Buyer' ആയി രജിസ്റ്റർ ചെയ്യണം. ലേല തീയതിക്ക് മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെ അനുമതിയോടെ വാഹനങ്ങൾ പരിശോധിക്കാം.

