Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്തവർക്ക് സ്റ്റിയറിങ് കൈമാറുന്ന രക്ഷിതാക്കൾ ജാഗ്രതൈ...

text_fields
bookmark_border
നരഹത്യാ കുറ്റം, മൂന്ന് വർഷം വരെ തടവ്, 25,000 രൂപ പിഴ, ഒരു വർഷം ആർ.സി റദ്ദാക്കൽ തുടങ്ങിയ നടപടികൾ നേരിട്ടേക്കാം
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം (എ.ഐ. നിർമിതം)

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടികൾ മോട്ടോർ വാഹനങ്ങൾ ഓടിച്ചുണ്ടാക്കുന്ന അപകടങ്ങൾ കേരളത്തിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയമങ്ങൾ കൂടുതൽ കർശനമാക്കി മോട്ടോർ വാഹന വകുപ്പും (മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്) കേരള പൊലീസും. റോഡ് സുരക്ഷ മുൻനിർത്തി സുപ്രീം കോടതി ഉത്തരവുകളുടെയും കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതികളുടെയും അടിസ്ഥാനത്തിലാണ് അധികൃതർ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.

മോട്ടോർ വെഹിക്കിൾ ആക്റ്റ് സെക്ഷൻ 199എ പ്രകാരം, ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുകയോ അപകടങ്ങൾ ഉണ്ടാക്കുകയോ ചെയ്താൽ ആ വാഹനത്തിന്റെ ഉടമയായ രക്ഷിതാവോ രക്ഷിതാവിന്റെ ചുമതലയുള്ള വ്യക്തിയോ ആണ് പ്രധാനമായും നിയമനടടികൾക്ക് വിധേയനാകേണ്ടത്. രക്ഷിതാക്കളുടെ അറിവോടെയോ അല്ലാതെയോ കുട്ടികൾ വാഹനങ്ങളുടെ സ്റ്റിയറിങ് പിടിക്കുന്നത് ഗുരുതരമായ കുറ്റമായാണ് കണക്കാക്കുന്നത്.

നിയമനടപടികളും പിഴയും

പ്രാപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് കണ്ടെത്തിയാൽ ഉടമക്ക്/രക്ഷിതാവിന് മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക. കൂടാതെ, കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി) ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. ഈ കാലയളവിൽ ഈ വാഹനത്തിന് പുതിയ രജിസ്ട്രേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല.

കൂടാതെ, വാഹനം ഓടിച്ച കുട്ടിക്ക് ഇരുപത്തിയഞ്ച് വയസ്സ് തികയുന്നതുവരെ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ അർഹതയുണ്ടാകില്ല. കുട്ടികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള നടപടികളും സ്വീകരിക്കുന്നതാണ്. അപകടങ്ങളിൽ ആർക്കെങ്കിലും ജീവഹാനിയോ ഗുരുതര പരിക്കോ സംഭവിക്കുകയാണെങ്കിൽ, രക്ഷിതാക്കൾക്കെതിരെ നരഹത്യാ കുറ്റത്തിന് ഉൾപ്പെടെയുള്ള ഗൗരവമേറിയ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കേരള പൊലീസിന് നിർദ്ദേശമുണ്ട്.

പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന പരിശോധനകൾ

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവരുടെ വാഹനം ഉപയോഗിച്ചുള്ള കറങ്ങലുകളും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ പൊലീസ് എയ്ഡ് പോസ്റ്റുകളിലും പ്രധാന ജങ്ഷനുകളിലും പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പരിസരങ്ങളിലും ട്യൂഷൻ സെന്ററുകൾക്ക് സമീപത്തും മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡും ട്രാഫിക് പൊലീസും സംയുക്തമായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

പെട്രോൾ പമ്പുകൾക്കും കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇന്ധനം നൽകരുതെന്ന് മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്ന പമ്പുകൾക്കെതിരെയും നിയമനടടികൾ സ്വീകരിക്കുന്നതാണ്. റോഡുകളിലെ ജീവന് ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്ന രക്ഷിതാക്കൾ സ്വന്തം കുടുംബത്തെയും സമൂഹത്തെയും വലിയ അപകടത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കേരള പൊലീസിന്റെ ഔദ്യോഗിക നമ്പറുകളിലോ മോട്ടോർ വാഹന വകുപ്പിന്റെ ഹെൽപ്പ്‌ലൈൻ വഴിയോ വിവരം കൈമാറാവുന്നതാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala MVD Warns Parents Over Underage Driving and Vehicle Seizure
Next Story