ഖത്തറിൽ ആദ്യ സി.എൻ.ജി ട്രക്ക് പുറത്തിറക്കി സീഷോർ ഓട്ടോമൊബൈൽസ്
text_fieldsദോഹ: ഖത്തറിലെ ഗതാഗത മേഖലയിൽ മുന്നേറ്റമായി, സീഷോർ ഓട്ടോമൊബൈൽസ് രാജ്യത്തെ ആദ്യത്തെ സി.എൻ.ജിയിൽ (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) പ്രവർത്തിക്കുന്ന ട്രക്ക് അവതരിപ്പിച്ചു. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ചട്ടക്കൂടുകൾക്ക് അനുസൃതമായി പാരിസ്ഥിതികവും സാമ്പത്തികവുമായ ഘടകങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ സുസ്ഥിരമായ മൊബിലിറ്റിയിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്. മീന തുറമുഖത്ത് വിശിഷ്ടാതിഥികളും വ്യവസായ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സി.എൻ.ജി ട്രക്ക് ഔദ്യോഗികമായി പുറത്തിറക്കി. സീഷോർ ഗ്രൂപ്പിന്റെ ഭാഗമായ സീഷോർ ഓട്ടോമൊബൈൽസ് സിനോട്രക്ക് വാഹനങ്ങളുടെ ഖത്തറിലെ മുൻനിര വിതരണക്കാരാണ്.
സീഷോർ ഗ്രൂപ് വൈസ് ചെയർമാൻ സഖർ സഈദ് എസ്.എ അൽ മൊഹന്നദി സി.എൻ.ജി ട്രക്കിന്റെ താക്കോൽ റെഡി -മിക്സ് ഖത്തർ ജനറൽ മാനേജർ ജോനാഥൻ ബ്രൂക്ക്സിന് കൈമാറി. സീഷോർ ഗ്രൂപ് ജനറൽ മാനേജർ നിസാം മുഹമ്മദ് അലി, സഈദ് സഖർ എസ്.എ. അൽ മൊഹന്നദി, സിനോട്രക്ക് പ്രതിനിധി മോർവെൻ, റെഡി മിക്സ് ഗ്രൂപ്പിന്റെ മുതിർന്ന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാരിസ്ഥിതിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയുടെ രാജ്യത്തുടനീളം ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി നിലകൊള്ളുന്ന സ്ഥാപനമാണ് ഭാഗമായി റെഡി-മിക്സ് ഖത്തർ.
എട്ട് വർഷത്തിലേറെയായി ലോകത്തിലെ മുൻനിര ഹെവി-ഡ്യൂട്ടി വാണിജ്യ വാഹന നിർമാതാക്കളായ സിനോട്രക്കിനെ ഖത്തറിലെ വാഹന വിപണിയിലെ ഏറ്റവും വിശ്വസനീയവും ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്നതുമായ പേരുകളിൽ ഒന്നായി സീഷോർ ഓട്ടോമൊബൈൽസ് അവതരിപ്പിക്കുന്നു. സിനോട്രക്കിന്റെ മികച്ച സാങ്കേതിക മികവ്, മികച്ച പ്രകടനം, വിൽപനാനന്തര സേവനങ്ങൾ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
സി.എൻ.ജി ട്രക്ക് ഔദ്യോഗികമായി പുറത്തിറക്കിയതുലൂടെ സീഷോർ ഓട്ടോമൊബൈൽസ് ട്രക്കുകൾ എത്തിക്കുക മാത്രമല്ല -നവീകരണം, കൂടുതൽ മികച്ച ഹരിത ഭാവിയുമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സീഷോർ ഗ്രൂപ് വൈസ് ചെയർമാൻ സഖർ സഈദ് എസ്.എ. അൽ മൊഹന്നദി പറഞ്ഞു. ഓരോ പുതിയ സംരംഭത്തിലൂടെയും കൂടുതൽ മികച്ചതും, സുസ്ഥിരവും, ഊർജക്ഷമതയുള്ളതുമായ ഖത്തറിന്റെ ഭാവിക്കായി സീഷോർ ഓട്ടോമൊബൈൽസ് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സീഷോർ ഓട്ടോമൊബൈൽസ് ഖത്തറിൽ സി.എൻ.ജി സിനോ ട്രക്ക് ലോഞ്ചിങ് ചടങ്ങിനിടെ, സീഷോർ ഗ്രൂപ് വൈസ് ചെയർമാൻ സഖർ സഈദ് എസ്.എ അൽ മൊഹന്നദി, സീഷോർ ഗ്രൂപ് ജനറൽ മാനേജർ നിസാം
മുഹമ്മദ് അലി, സഈദ് സഖർ എസ്.എ. അൽ മൊഹന്നദി, സിനോട്രക്ക് പ്രതിനിധി മോർവെൻ, റെഡി -മിക്സ് ഖത്തർ ജനറൽ മാനേജർ ജോനാഥൻ ബ്രൂക്ക്, റെഡി മിക്സ് ഗ്രൂപ്പിന്റെ മുതിർന്ന പ്രതിനിധികൾ എന്നിവർ
ഖത്തറിൽ ആദ്യമായി സി.എൻ.ജി ട്രക്ക് അവതരിപ്പിക്കുന്നതിൽ അഭിമാനിക്കുന്നതായി സീഷോർ ഗ്രൂപ് വൈസ് ചെയർമാൻ സലാം സഈദ് എസ്.എ. അൽ മൊഹന്നദി പറഞ്ഞു. ഈ നേട്ടം പുതിയ ഉൽപന്നം അവതരിപ്പിക്കുക എന്നതിലുപരി, നവീകരണത്തോടും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതും ഗതാഗത മേഖലയിലെ മുന്നേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുസ്ഥിരവും ഊർജക്ഷമതയുമുള്ള ഖത്തറിന്റെ ഗതാഗത മേഖലയുടെ ഭാവിക്കുവേണ്ടി സി.എൻ.ജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വുഖൂദിനെയും ഖത്തർ എനർജിയെയും പിന്തുണക്കുന്നതിൽ സീഷോർ ഓട്ടോമൊബൈൽസ് അഭിമാനിക്കുന്നതായി മാനേജിങ് ഡയറക്ടർ ഇ.എസ്. മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. ഖത്തറിൽ ആദ്യത്തെ സി.എൻ.ജി ട്രക്ക് പുറത്തിറക്കി ഗതാഗത, ലോജിസ്റ്റിക്സ് വ്യവസായത്തിൽ സുസ്ഥിരവും ചെലവ് കുറഞ്ഞതും പാരിസ്ഥിതിക സൗഹൃദവുമായ മാർഗങ്ങൾ അവതരിപ്പിക്കുകയാണെന്ന് സീഷോർ ഗ്രൂപ് ജനറൽ മാനേജർ നിസാം മുഹമ്മദ് അലി കൂട്ടിച്ചേർത്തു.
അതേസമയം, മേഖലയിലെ ബ്രാൻഡിന്റെ വളർച്ചയെ സൂചിപ്പിച്ച് സിനോട്രക്ക് ജി.സി.സി ജനറൽ മാനേജർ സക്കറി പറഞ്ഞു - 2024 ൽ മൊത്തം വിൽപനയിൽ സിനോട്രക്ക് ജി.സി.സിയിൽ ഒന്നാം സ്ഥാനം നേടി, നവീകരണം, സ്പെയർ പാർട്സുകളുടെ ലഭ്യത, ഉപഭോക്താക്കളെ പിന്തുണക്കുന്ന സേവന മാതൃകകൾ എന്നിവയാണ് ഞങ്ങളുടെ വിജയത്തിന്റെ പ്രേരകശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിസ്ഥിതി സൗഹൃദ ഗതാഗതം
സി.എൻ.ജി ട്രക്ക് അവതരിപ്പിച്ച് ഖത്തറിലെ ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് സിനോട്രക്ക്. കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സി.എൻ.ജി) സാങ്കേതികവിദ്യ പാരിസ്ഥിതികവും സാമ്പത്തികവുമായ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് സി.എൻ.ജി ട്രക്കുകൾ 25 ശതമാനം വരെ കുറവ് കാർബൺ ബഹിർഗമനമാണ് പുറത്തുവിടുന്നത്. കുറഞ്ഞ ഇന്ധനവിലയും കുറഞ്ഞ അറ്റകുറ്റപ്പണികളും മാത്രമുള്ളതിനാൽ, സി.എൻ.ജി വാഹനങ്ങൾ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനക്ഷമത വാഗ്ദാനം ചെയ്യുന്നു.
പരമ്പരാഗത ഡീസൽ വാഹനങ്ങളുടെ ചെലവിന്റെ മൂന്നിലൊന്നിൽ താഴെ മാത്രമാണ് സി.എൻ.ജി വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് വരുന്നുള്ളൂ. സി.എൻ.ജി ആഭ്യന്തരമായി ലഭ്യമായ ഇന്ധനമാണ്, ആയതിനാൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും ഖത്തർ എനർജിയുടെ സുസ്ഥിര ഇന്ധന നയങ്ങളുമായി യോജിച്ചു പോകുകയും ചെയ്യുന്നു. ഇതുവഴി, സീഷോർ ഓട്ടോമൊബൈൽസ് ഒരു വാഹനം പുറത്തിറക്കുക മാത്രമല്ല, മികച്ച ഗതാഗത മാതൃകക്ക് തുടക്കമിടുകയുമാണ്.
സുസ്ഥിര ഭാവിയെ കെട്ടിപ്പടുക്കുന്നു
സീഷോർ ഓട്ടോമൊബൈൽസിന്റെ സി.എൻ.ജി സംരംഭം ഖത്തറിന്റെ വിശാലമായ സുസ്ഥിരതാ ലക്ഷ്യങ്ങളുമായി യോജിച്ചുപോകുന്നതോടൊപ്പം സുസ്ഥിര ഭാവിയെ കെട്ടിപ്പടുക്കുന്നു. ട്രാക്ടർ ഹെഡുകൾ, മിക്സറുകൾ, ടിപ്പറുകൾ എന്നിവയുൾപ്പെടെ ഒന്നിലധികം സിനോട്രക്ക് മോഡലുകളിലേക്ക് സി.എൻ.ജി വാഹനങ്ങൾ വ്യാപിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതിലൂടെ വ്യാവസായിക, നിർമാണ മേഖലകൾക്കായി സമ്പൂർണ ഹരിത ഫ്ലീറ്റ് പരിഹാരം നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും, മറ്റ് ഇന്ധന ബദലുകൾ പ്രോത്സാഹിപ്പിക്കുന്നതിനും, ഗൾഫ് മേഖലയിലെ പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് പുതിയ മാതൃകകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും ഇതിലൂടെ പിന്തുണക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

