സൗദി ഡാക്കർ റാലി 2026; ഏഴാം പതിപ്പിന് ഇന്ന് തുടക്കം
text_fieldsസൗദി ഡാക്കർ റാലിയിൽ നിന്നുമുള്ള ചിത്രങ്ങൾ
യാംബു: ലോകത്തിലെ ഏറ്റവും വലിയ സ്പോട്സ് കാർ മത്സരമായ ‘സൗദി ഡാക്കർ റാലി 2026’ന് ഇന്ന് (ശനിയാഴ്ച) തുടക്കം കുറിക്കും. യാംബു ചെങ്കടൽ തീരത്ത് നിന്ന് ആരംഭിക്കുന്ന റാലി സൗദിയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഈ മാസം 17ന് യാംബുവിൽ തിരിച്ചെത്തി സമാപിക്കും. ഡാക്കർ റാലിയിൽ പങ്കെടുക്കുന്നതിനുള്ള പ്രത്യേക വാഹനങ്ങളും മോട്ടോർ സൈക്കിളുകളുമെല്ലാം യാംബുവിലെ ക്യാമ്പിൽ സജ്ജമായിരിക്കുകയാണ്.
ഡാക്കർ റാലി 2026ലെ സൗദി ടീമിനെ നയിക്കുന്ന യസീദ് അൽ രജ്ഹി മറ്റു ചില റൈഡർമാരോടൊപ്പം
തുടർച്ചയായ ഏഴാമത്തെ വർഷമാണ് സൗദി മരുഭൂമി ഡാക്കർ റാലിയുടെ മത്സര ട്രാക്കാവുന്നത്. സംഘാടകരായ സൗദി മോട്ടോർ സ്പോർട്‌സ് കമ്പനിയും അമോറി സ്‌പോർട്‌സ് ഓർഗനൈസേഷനും റാലിക്ക് വേണ്ടി ഏറ്റവും മികവുറ്റ സൗകര്യങ്ങളും സാങ്കേതിക വിദ്യകളുമാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന റൈഡർമാർ, വിവിധ വാഹനങ്ങളിലെ ഡ്രൈവർമാർ, നാവിഗേറ്റർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം അവസാനവട്ട ഒരുക്കത്തിലാണ്.
ആഗോള ശ്രദ്ധ നേടിയ ലോകത്തിലെ ഏറ്റവും വലിയ ഓഫ്-റോഡ് മോട്ടോർ സ്‌പോർട്‌സ് മത്സരമായ ഡാക്കർ റാലിയുടെ 48-ാമത് പതിപ്പാണ് സൗദിയുടെ മരുഭൂമിയിൽ നടക്കുന്നത്. സൗദിയിൽ ഇത് ഏഴാമത്തെ പതിപ്പും. ലോകമെമ്പാടുമുള്ള 69 രാജ്യങ്ങളിൽനിന്ന് 39 വനിതകളുൾപ്പെടെ 812 മത്സരാർഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. അൾട്ടിമേറ്റ് ബി, അൾട്ടിമേറ്റ്, സ്റ്റോക്ക്, ചലഞ്ചർ, സൈഡ് ബൈ സൈഡ്, ട്രക്കുകൾ, മോട്ടോർ സൈക്കിളുകൾ, ക്വാഡ് ബൈക്കുകൾ എന്നിങ്ങനെ എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായി 433 വാഹനങ്ങളിലാണ് ഇവർ മത്സരിക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നവർ മൊത്തം 7,994 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടിവരും. അതിൽ 4,840 കിലോമീറ്റർ സമയബന്ധിതമായ പ്രത്യേക ഘട്ടങ്ങളാണ്.
യാംബുവിലെ ഡാക്കർ ക്യാമ്പിൽനിന്ന്
ഇന്നും നാളെയും യാംബു മേഖലയിൽ തന്നെ നടക്കുന്ന റാലി പിന്നീട് അൽഉല, ഹാഇൽ, റിയാദ്, വാദി ദവാസിർ, ബീഷ, ഹനാക്കിയ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോയ ശേഷം യാംബുവിൽ തന്നെ സമാപിക്കും. ഈ വർഷത്തെ ഡാക്കർ റാലിയിൽ പുതിയ 10 പേർ ഉൾപ്പെടെ സൗദിയിൽനിന്ന് 25 യുവതീയുവാക്കൾ മത്സരാർഥികളായി പങ്കെടുക്കുന്നുണ്ട്. സൗദിയിൽ നേരത്തേ നടന്ന എല്ലാ റാലികളിലും പങ്കെടുക്കുകയും കഴിഞ്ഞ വർഷത്തെ ഒരു വിഭാഗത്തിൽ ചാമ്പ്യനുമായ യസീദ് അൽ രാജ്ഹിയാണ് സൗദി ടീമിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

