Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2025 7:02 AM IST Updated On
date_range 8 Oct 2025 7:02 AM ISTറോഡ് സുരക്ഷ നടപടികൾ ശക്തിപ്പെടുത്തണം -സുപ്രീംകോടതി
text_fieldsbookmark_border
camera_alt
സുപ്രീം കോടതി
ന്യൂഡൽഹി: മോട്ടോർ വാഹന നിയമപ്രകാരം റോഡ് സുരക്ഷ നടപടികൾ ശക്തിപ്പെടുത്താനുള്ള നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും വിജ്ഞാപനം ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് ആറ് മാസത്തെ സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ഇതിനായി മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 138 (1എ), 210ഡി എന്നീ വകുപ്പുകൾ പ്രകാരം നിയമനിർമാണം നടത്താനാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
കാൽനടയാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടും കോടതി നിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ ഏഴു മാസത്തിന് ശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും. സുപ്രീംകോടതിയുടെ പ്രധാന നിർദേശങ്ങൾ:
- 50 നഗരങ്ങളിൽ തിരക്കേറിയ സ്ഥലങ്ങളിലെ നടപ്പാതകളിൽ ഓഡിറ്റ് നടത്തണം. ദേശീയ റോഡ് സുരക്ഷാ പ്രകാരം നിർദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണോ നിർമാണമെന്ന് പരിശോധിക്കണം. പോരായ്മകൾ കണ്ടെത്തി സമയബന്ധിത നടപടികൾ സ്വീകരിക്കണം. കാൽനടയാത്രക്കാർക്ക് പരിക്കോ മരണങ്ങളോ സംഭവിച്ച സ്ഥലങ്ങൾക്ക് മുൻഗണന നൽകണം. ഓട്ടോമേറ്റഡ് കാമറ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുടെ ഘട്ടം ഘട്ടമായുള്ള വിന്യാസം നടപ്പാക്കണം.
- കാൽനട യാത്രക്കാർക്കുള്ള അടിപ്പാതകൾ, മേൽപ്പാതകൾ എന്നിവ മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കണം. ഇതിലൂടെ സഞ്ചരിക്കുന്നവരുടെ സുരക്ഷക്കായി വെളിച്ചം, പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾ, അപായ ബട്ടണുകൾ ക്രമീകരിക്കണം. റോഡ് മുറിച്ചുകടക്കുന്ന സ്ഥലങ്ങളിലും പരിശോധന വേണം. സീബ്ര ക്രോസിങ്ങുകൾ ദൃശ്യതയോടെ അടയാളപ്പെടുത്തണം. രാത്രികാല പ്രകാശം ഉറപ്പാക്കണം. നടപ്പാതകളിലെ കൈയേറ്റങ്ങൾ, അനധികൃത പാർക്കിങ്ങുകൾ തുടങ്ങിയവ തടയണം.
- വാഹന ഹെഡ്‌ലൈറ്റുകൾക്ക് അനുവദനീയമായ പരമാവധി പ്രകാശവും ബീം ആംഗിളുകളും നിർദേശിക്കുകയും വാഹന ഫിറ്റ്‌നസ് സർട്ടിഫിക്കേഷനിലും മറ്റു പരിശോധനകൾ വഴിയും നടപടി ഉറപ്പാക്കുകയും വേണം. അനധികൃത ഹെഡ്‌ലൈറ്റുകൾക്ക് പിഴ ചുമത്താൻ ലക്ഷ്യമിട്ടുള്ള ഡ്രൈവുകൾ നടത്തണം. അനധികൃത ചുവപ്പ്-നീല സ്ട്രോബ് ഫ്ലാഷിങ് ലൈറ്റുകൾ, നിയമവിരുദ്ധ ഹൂട്ടറുകൾ എന്നിവ പൂർണമായും നിരോധിക്കണം.
- ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരും പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമറ്റ് ധരിക്കുന്നതിന് നിയമം കർശനമായി നടപ്പാക്കണം. കാമറകൾ വഴി നിരീക്ഷണം ശക്തമാക്കണം. ഹെൽമറ്റ് ധരിക്കാത്തവർക്ക് പിഴ ചുമത്തിയ ആളുകളുടെ എണ്ണവും തുകയും ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തതും കോടതിയെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

