ഇ -സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധം
text_fieldsദോഹ: ഖത്തറിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പുതിയ ചട്ടക്കൂടുകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഇലക്ട്രിക് സ്കൂട്ടറുകളെയും ഗതാഗത നിയമത്തിന് പരിധിയിൽ കൊണ്ടുവരുന്ന പുതിയ ഗതാഗത നിയമം (2026-ലെ നിയമം നമ്പർ 19) ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച പുതിയ നിയമപ്രകാരം ഇ -സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും നമ്പർ പ്ലേറ്റും നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ നിയമ പ്രകാരം, ഇലക്ട്രിക് സ്കൂട്ടറുകളോ സമാന വാഹനങ്ങളോ ലൈസൻസിങ് അതോറിറ്റിയിൽ നിശ്ചിത ഫീസ് അടച്ച് പേര് രജിസ്റ്റർ ചെയ്യണം. ആർട്ടിക്കിൾ 16 പ്രകാരം രജിസ്ട്രേഷന് ശേഷം അതോറിറ്റി നൽകുന്ന നമ്പർ പ്ലേറ്റ് ഘടിപ്പിച്ചിരിക്കണം. പ്ലേറ്റുകളുടെ നിറം, ആകൃതി, നിരക്ക് എന്നിവ സംബന്ധിച്ച തീരുമാനങ്ങൾ പിന്നീട് പുറപ്പെടുവിക്കും.
ഖത്തറിൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമത്തിലൂടെ സുപ്രധാന നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും റോഡ് ഉപയോഗം ക്രമീകരിക്കുന്നതിലും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
പുതിയതായി പുറത്തിറക്കിയ 2026 -ലെ 19-ാം നമ്പർ ട്രാഫിക് നിയമം സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രാലയം അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗതാഗത മേഖലയിലെ ആധുനിക മാറ്റങ്ങൾ, ട്രാഫിക് മാനേജ്മെന്റ് സാങ്കേതികവിദ്യകൾ, എന്നിവക്ക് അനുസൃതമായി ഉത്തരവാദിത്തങ്ങളും കടമകളും കൃത്യമായി നിർവചിക്കുന്നതാണ് പുതിയ നിയമമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിയമത്തിലെ പ്രധാന വ്യവസ്ഥകൾ, ലക്ഷ്യങ്ങൾ, നിയമപരവും പ്രായോഗികവുമായ വശങ്ങൾ, നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടികൾ എന്നിവ വിശദീകരിക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പുതിയ നിയമത്തിലെ വ്യവസ്ഥകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കൃത്യമായി എത്തിക്കുന്നതിനായി വിപുലമായ ബോധവൽക്കരണ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ ഭാഷകളിലുള്ള മാർഗനിർദ്ദേശങ്ങൾ, പഴയ നിയമവുമായുള്ള താരതമ്യം, സംശയനിവാരണങ്ങൾ, ഇൻഫോഗ്രാഫിക്സ്, ഹ്രസ്വ വീഡിയോകൾ, മാധ്യമ അഭിമുഖങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ നിയമത്തിൽ പറയുന്ന കാര്യങ്ങൾ
- മോട്ടോർ വാഹനങ്ങളുടെയോ ഇലക്ട്രിക് സ്കൂട്ടറുകളുടെയോ ഉടമയുടെ പേര്, വ്യക്തിഗത വിവരങ്ങൾ എന്നിവയിൽ മാറ്റമുണ്ടായാൽ 10 ദിവസത്തിനുള്ളിൽ ലൈസൻസിങ് അതോറിറ്റിയെ അറിയിക്കണം.
- സൈക്കിൾ ട്രാക്കുകൾ ഇല്ലാത്ത റോഡുകളിൽ വലതുവശം ചേർന്ന് ഒന്നിന് പുറകെ ഒന്നായി മാത്രമേ സൈക്കിളുകളും ഇ -സ്കൂട്ടറുകളും ഓടിക്കാവൂ. ഇ സ്കൂട്ടറുകൾക്ക് പ്രത്യേക ട്രാക്കുകൾ ഉള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പോകുന്ന പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ പാടില്ല.
- മോട്ടോർ സൈക്കിളുകൾ, സാധാരണ സൈക്കിളുകൾ, ഇലക്ട്രിക് സൈക്കിളുകൾ /സ്കൂട്ടറുകൾ എന്നിവ ഓടിക്കുന്നവർ, കൈകൊണ്ട് സിഗ്നലുകൾ നൽകുന്ന സന്ദർഭങ്ങളിലൊഴികെ, ഹാൻഡിൽബാറിൽ പിടിക്കാതെ വാഹനം ഓടിക്കിന്നത് നിരോധിച്ചിട്ടുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന മറ്റ് വാഹനങ്ങളിൽ പിടിച്ചുനിൽക്കുക, മുൻചക്രം ഉയർത്തി അഭ്യാസപ്രകടനങ്ങൾ നടത്തുക, ഗതാഗതത്തിന് തടസ്സമോ അപകടമോ ഉണ്ടാക്കുന്ന രീതിയിൽ സാധനങ്ങൾ കൊണ്ടുപോവുക എന്നിവക്കും വിലക്കുണ്ട്.
- പ്രത്യേക സീറ്റുകൾ ഘടിപ്പിച്ചിട്ടില്ലാത്ത മോട്ടോർ സൈക്കിളുകളിലും, ഇ-സ്കൂട്ടറുകളിലും മറ്റൊരാളെ കയറ്റി യാത്ര ചെയ്യാൻ പാടുള്ളതല്ല.
- മോട്ടോർ സൈക്കിളുകൾ, സാധാരണ സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ എന്നിവയിൽ യാത്രചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം.

