നിക്കണ്ട... തിരക്കണ്ട... ടെൻഷൻ അടിക്കണ്ട; ഇനി ടോൾ നൽകൽ നിസാരം
text_fieldsപ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ദേശീയ പാതകളിൽ ഇനിമുതൽ ടോൾ നൽകാൻ കാത്തിരിക്കേണ്ടി വരില്ല. രാജ്യത്തെ ആദ്യ മൾട്ടി-ലൈൻ-ഫ്രീ-ഫ്ലോ ട്രോളിങ് സിസ്റ്റം ഗുജറാത്തിൽ അവതരിപ്പിച്ചു. ഗുജറാത്ത് ദേശീയപാത 48ലെ 'ചോര്യസി ടോൾ' പ്ലാസയിലാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (NHAI) ഇന്ത്യൻ ഹൈവേ മാനേജ്‌മന്റ് കമ്പനി ലിമിറ്റഡും (IHMCL) ചേർന്നുകൊണ്ട് ഐ.സി.ഐ.സി.ഐ ബാങ്കുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്.
ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള ഈ ടോൾ സിസ്റ്റം അനുസരിച്ച് യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെയോ വേഗത കുറക്കാതെയോ ടോൾ നൽകി മറികടക്കാൻ സാധിക്കുന്ന സംവിധാനമാണ് മൾട്ടി-ലൈൻ-ഫ്രീ-ഫ്ലോ ട്രോളിങ് സിസ്റ്റം. നാഷണൽ ഹൈവേ അതോറിറ്റിയുടെ ന്യൂഡൽഹി ആസ്ഥാനത്ത് വെച്ച് ചെയർമാൻ സന്തോഷ് കുമാർ യാദവിന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
രാജ്യത്തെ ടോൾ പിരിവിലുള്ള തടസ്സങ്ങൾ മാറ്റി കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ പദ്ധതിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഫാസ്ടാഗ് വഴി തന്നെയാകും ഇത്തരം ടോൾ ബൂത്തുകളിൽ നിന്നും ടോൾ ഈടാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഗുജറാത്തിലെ ചോര്യസി ടോൾ പ്ലാസയിൽ നടപ്പിലാക്കിയ പദ്ധതി ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ 25 ടോൾ ബൂത്തുകളിലേക്ക് വ്യാപിപ്പിക്കാനാണ് ദേശീയ ഹൈവേ അതോറിറ്റിയുടെ നീക്കം.
'ആധുനിക ട്രോളിങ് രീതിയിലെ നാഴികക്കല്ലായി മൾട്ടി-ലൈൻ-ഫ്രീ-ഫ്ലോ ട്രോളിങ് സിസ്റ്റം രേഖപ്പെടുത്തും. ജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ടോൾ നൽകാനും ടോൾ ബൂത്തുകൾ കൂടുതൽ കാര്യക്ഷമമാക്കാനും ഈ പദ്ധതികൊണ്ട് സാധിക്കുമെന്ന്' ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ സന്തോഷ് കുമാർ യാദവ് പറഞ്ഞു.
മൾട്ടി-ലൈൻ-ഫ്രീ-ഫ്ലോ ട്രോളിങ് സിസ്റ്റം ആർ.എഫ്.ഐ.ഡി റീഡേഴ്സ് ഉപയോഗിച്ചോ, എ.എൻ.പി.ആർ കാമറകൾ വഴി ഫാസ്ടാഗ്, വാഹന രജിസ്റ്റർ നമ്പർ തിരിച്ചറിഞ്ഞോ ടോൾ പിരിക്കാൻ സഹായിക്കും. അതിനാൽ ടോൾ ബൂത്തുകൾ വഴി കടന്നുപോകുന്ന വാഹനങ്ങൾ നിർത്തേണ്ടി വരില്ല എന്നതാണ് പുതിയ ടോൾ സിസ്റ്റത്തിന്റെ പ്രയോജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

