Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാഹനയാത്രികരുടെ പേടി സ്വപ്​നം, ഹൈവേ ഹിപ്​നോസിസ്​; സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്​
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightവാഹനയാത്രികരുടെ പേടി...

വാഹനയാത്രികരുടെ പേടി സ്വപ്​നം, 'ഹൈവേ ഹിപ്​നോസിസ്​'; സൂക്ഷിച്ചില്ലെങ്കിൽ അപകടം ഉറപ്പ്​

text_fields
bookmark_border

എങ്ങിനെയാണ്​ അപകടം നടന്നത്​ എന്ന ചോദ്യത്തിന്​ നാം സാധാരണ കേൾക്കുന്ന ഉത്തരങ്ങളിലൊന്നാണ്​ 'ഡ്രൈവർ ഉറങ്ങിപ്പോയി'എന്നത്​. 'അവനങ്ങിനെ പറ്റാറുള്ളതല്ലല്ലോ' എന്ന ആത്മഗതത്തിൽ നാം ആ അപകട വാർത്തയും നെടുവീർപ്പുകളോടെ വിട്ടുകളയും. പക്ഷെ അപ്പോഴേക്കും ഒരിക്കലും തിരിച്ചുവരാത്ത ദൂരത്തേക്ക്​ നമ്മുടെ പ്രിയപ്പെട്ടവർ യാത്രയായിട്ടുണ്ടാകും. 'ഉറങ്ങിപ്പോവുക' എന്നത്​ വാഹനയാത്രികർക്ക്​ സംഭവിക്കുന്ന വളരെ സഹജമായൊരു പ്രക്രിയയാണോ? അതിനുപിന്നിൽ ശാസ്​ത്രീയമായ എന്തെങ്കിലും കാരണങ്ങളുണ്ടോ? എന്തെല്ലാം ശ്രദ്ധിച്ചാൽ നമ്മുക്കീ പ്രശ്​നത്തിൽ നിന്ന്​ മുക്​തരാകാം, പരിശോധിക്കാം ഇക്കാര്യങ്ങൾ.

റോഡുകൾ എന്ന മരണപാതകൾ

നമ്മുടെ നാട്ടിലെ റോഡ്​ നിർമാതാക്കളുടെ മുൻഗണനാക്രമം എന്തൊക്കെയാണ്​. അപകടരഹിതമായി വാഹനം ഒാടുക എന്നത് എന്നെങ്കിലും അവരുടെ ശ്രദ്ധയിൽ ഉണ്ടായിട്ടുണ്ടോ. നാട്ടിൽ ഡ്രൈവിങ്​ ജോലിയിൽ ഏർപ്പെടുന്നവർക്ക്​ പ്രാഥമികമായ നിയമപരിജ്​ഞാനം എങ്കിലും ഉ​ണ്ടോ. ഇതിനെല്ലാത്തിനും വളരെ നെഗറ്റീവായ മറുപടികളാവും നാം കേട്ടിട്ടുണ്ടാവുക.

ഹൈവേകളിൽ സഞ്ചരിക്കു​േമ്പാഴാണ്​ റോഡ്​ നിയമങ്ങളെകുറിച്ചുള്ള ധാരണകളിൽ നാമെത്ര പിന്നിലാണെന്ന്​ ബോധ്യപ്പെടുക. നമ്മുടെ ട്രക്ക്​ ഡ്രൈവർമാരിലധികവും ഹൈവേകളിലെ ട്രാക്കുകളെപറ്റി അജ്​ഞരാണ്​. ചരക്കും കയറ്റി മൂന്നുവരിപാതകളിലെ സ്​പീഡ്​ ട്രാക്കിലൂടെ ഇവർ അലസഗമനം നടത്തുന്നത്​ കാണാനാകും. പിന്നിൽചെന്ന്​ ഹോണടിച്ചാൽ അപ്പുറത്തുകൂടി കയറി​െപ്പായ്​ക്കൂടെ എന്നാവും ചോദ്യം. നിങ്ങൾ പോകേണ്ടത്​ ഇടത്തേ അറ്റത്തെ വരിയിലൂടെയാണെന്നും വലതുവശത്തുള്ളത്​​ സ്​പീഡിനുപോകേണ്ട വാഹനങ്ങൾക്കുള്ള വഴിയാണെന്നും പറഞ്ഞാൽ പകച്ച നോട്ടമായിരിക്കും തിരികെലഭിക്കുക. പതിയെ എങ്കിലും ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത്​ ആശ്വാസകരമാണ്​.


രാജ്യത്ത്​ ഇപ്പോൾ നടക്കുന്ന വികസനങ്ങളിലധികവും റോഡുകളിലാണ്​. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിക്കുന്ന എക്​സ്​പ്രസ്​ ഹൈവേകൾ നിരവധി എണ്ണം പണിതുകൊണ്ടിരിക്കുന്നു. വൃത്തിയായി ഒഴുകുന്ന ഹൈവേകൾ ഡ്രൈവർമാർക്ക് സമ്മർദരഹിതമായ ഡ്രൈവിങ്​ അനുഭവം നൽകും. എന്നാൽ ഹൈവേകൾ മൈതാനങ്ങളാവു​േമ്പാൾ ചില പ്രശ്​നങ്ങളും പിറകേവരും. അതിൽ പ്രധാനമാണ്​ 'ഹൈവേ ഹിപ്​നോസിസ്'​. ഇന്ത്യൻ ഹൈവേകളുടെ സംരക്ഷണ ചുമതലയുള്ള നാഷണൽ ഹൈവേ അതോറിറ്റി ഇതേകുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തെ ഹൈവേകളിൽ നടക്കുന്ന വലിയൊരു ശതമാനം അപകടങ്ങൾക്കും കാരണം 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസമാണെന്ന്​ പഠനങ്ങളും തെളിയിക്കുന്നു.


എന്താണീ 'ഹൈവേ ഹിപ്​നോസിസ്​'

ദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്' എന്ന പ്രതിഭാസം. പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ഹിപ്​നോട്ടിക്​ അവസ്​ഥയാണ്​. നമ്മൾ ആദ്യം സൂചിപ്പിച്ചതുപോലെ യാത്രക്കിടെ ഡ്രൈവർ ഉറങ്ങുകയാണിവിടെ ചെയ്യുന്നത്​. പക്ഷെ സാധാരണ ഉറക്കത്തിൽനിന്ന്​ വ്യത്യസ്​തമായി കണ്ണുതുറന്നായിരിക്കും ഉറങ്ങുക എന്നുമാത്രം. അതുകൊണ്ടുതന്നെ എപ്പോഴാണ്​ നാം ഉറങ്ങുന്നതെന്ന്​ നമ്മുക്കുതന്നെ ധാരണയുണ്ടാകില്ല.

നേരായതും തടസരഹിതവുമായ ഹൈവേകളിൽ തുടർച്ചയായി വാഹനമോടിക്കുമ്പോൾ മിക്കപ്പോഴും ഡ്രൈവർ ഹൈവേ ഹിപ്നോസിസ് അഭിമുഖീകരിക്കാറുണ്ട്​. ഇത് ആർക്കും സംഭവിക്കാം. പരിചയസമ്പന്നനായ ഡ്രൈവറും തുടക്കക്കാരനുമൊന്നും ഇതിൽനിന്ന് മുക്​തരല്ല.​ വളരെ അപകടകരമായ അവസ്​ഥയാണിത്​. ഉയർന്ന വേഗതയിൽ ദാരുണമായ അപകടമായിരിക്കും ഹൈവേ ഹിപ്​നോസിസി​െൻറ ഫലമായി ഉണ്ടാവുക.

ശാസ്​​ത്രീയവശം

സാഹചര്യം ഗുരുതരമാണെന്ന്​ എല്ലാവർക്കും മനസിലായിട്ടുണ്ടാകും. ഹൈവേ ഹിപ്​നോസിസിന്​ ശാസ്​ത്രീയമായ ചില കാരണങ്ങളും കണ്ടെത്തിയിട്ടുണ്ട്​. പലപ്പോഴും ദീർഘമായി റോഡ് യാത്ര ചെയ്യുന്നവർക്ക് റോഡിന്റെ ഭൂരിഭാഗവും, അല്ലെങ്കിൽ കണ്ട കാഴ്​ച്ചകളിലധികവും ഓർമ്മിക്കാനാവില്ല. പ്രത്യേകിച്ച് ഇടവേളകളില്ലാതെ തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഇത് സാധാരണമാണ്​. ഇതിനുകാരണം ചില മസ്​തിഷ്​ക പ്രവർത്തനങ്ങളാണ്​. ഒരു വ്യക്തി ഇന്ദ്രിയങ്ങളുടെ പിന്തുണയില്ലാതെ കാർ ഓടിക്കുന്ന അവസ്ഥയാണ് ഹൈവേ ഹിപ്നോസിസി​െൻറ കുറഞ്ഞ രൂപം. നമ്മുടെ തലച്ചോർ സൃഷ്​ടിക്കുന്ന പ്രതീതി യാഥാർഥ്യങ്ങളാണ്​ ഇതിനുകാരണം. മനുഷ്യന്റെ മസ്​തിഷ്​കം ഏറെ സങ്കീർണ്ണമാണ്. ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ, സ്റ്റിയറിങും ആക്​സിലലേറ്ററും നിയന്ത്രിക്കുന്നതുപോലുള്ള തുടർച്ചയായ കർമങ്ങൾ ബ്രെയിൻ സ്വയമേവ ഏറ്റെടുക്കുന്നു. വളരെ സുഗമമായി നടക്കുന്ന പ്രക്രിയ നാം ചിലപ്പോൾ അറിയണമെന്നുതന്നെയില്ല. ഇതുതന്നെയാണ്​ ഹൈവേഹിപ്​നോസിസി​െൻറ അടിസ്​ഥാന കാരണവും.

തടസങ്ങളില്ലാത്ത റോഡ്, സുഖപ്രദമായ ഡ്രൈവർ സീറ്റ്, പശ്ചാത്തല സംഗീതം തുടങ്ങിയവ നമ്മുടെ തലച്ചോറിനെ ട്രാൻസ് പോലെയുള്ള അവസ്​ഥയിലേക്ക്​ നയിക്കും. നമ്മുടെ മനസ്സ് എത്രത്തോളം ജാഗ്രതയുള്ളതാണ്​ എന്നതിനെ ആശ്രയിച്ച് ഹൈവേ ഹിപ്​നോസിസ്​ നീണ്ടുനിൽക്കും. ഇത്​ ചില സെക്കൻഡുകളിൽ തുടങ്ങി നിരവധി മിനിറ്റുകൾ നിലനിൽക്കാം. ഡ്രൈവർ ഹൈവേ ഹിപ്നോസിസിലൂടെ കടന്നുപോകുമ്പോൾ, കൂടുതൽ ജോലിയില്ലാത്തതിനാൽ തലച്ചോറിന്റെ ഒരു ഭാഗം അടച്ചുപൂട്ടാൻ തുടങ്ങുന്നു. മസ്​തിഷ്​കം ഊർജ്ജം ലാഭിക്കാൻ തുടങ്ങുകയും എല്ലാ പ്രവർത്തികളും യാന്ത്രികമാവുകയും ചെയ്യും. ഈ സമയത്ത് നമ്മുടെ കാലും കൈകളും വാഹനത്തെ നിയന്ത്രിക്കുന്നു. അത് ഡ്രൈവർക്ക് മനസ്സിലാകണമെന്നില്ല. വാഹനത്തിന് മുന്നിൽ എന്തെങ്കിലും തടസംവന്നാൽ മസ്​തിഷ്​കം ഉണരും. എന്നാൽ ഡ്രൈവർ പ്രതികരിക്കുമ്പോഴേക്കും സമയം വൈകിയിരിക്കും. ഹൈവേയിലെ അതിവേഗ അപകടങ്ങളിൽ ഭൂരിഭാഗവും ഇക്കാരണത്താലാണ്​ സംഭവിക്കുക.


പരിഹാര മാർഗങ്ങൾ

ഡ്രൈവറുടെ മസ്​തിഷ്​കം എപ്പോൾ ഹിപ്നോസിസിലേക്ക് പോകുമെന്ന് പ്രവചിക്കുക അസാധ്യമാണ്. എന്നാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ നമ്മുക്ക്​ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഹൈവേകളിൽ ചെറു ഹംപുകൾ ചേർത്തുവച്ചിരിക്കുന്നത്​ കണ്ടിട്ടില്ലേ. ഹൈവേ ഹിപ്​നോസിസ്​ തടയാനാണിത്​. റംപ്​ൾ സ്​ട്രിപ്​സ്​ അല്ലെങ്കിൽ സ്ലീപ്പർ ലൈൻസ്​ എന്ന്​ വിളിക്കുന്ന ഇവ ഒരുപരിധിവരെ ഫലപ്രദവുമാണ്​. ഇതുകൂടാതെ യാത്രകളിൽ സ്വയം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങൾകൂടി പരിശോധിക്കാം.

1. ലോങ്​ ഡ്രൈവുകൾക്കിടയിൽ ഇടവേളകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. 60-90 മിനിറ്റ് ഡ്രൈവ് ചെയ്​തശേഷം ഒരു ബ്രേക്ക്​ എടുക്കുക. നമ്മുടെ തലച്ചോറിന് ഇടവേളയുമില്ലാതെ ദീർഘനേരം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ യത്രക്കിടയിൽ ബ്രേക്കുകൾ അനിവാര്യമാണ്​.

2. അതിരാവിലെയോ അർധരാത്രിക്കുശേഷമോ വാഹനമോടിക്കുന്നത് ഉറക്കം വരുത്താനുള്ള സാധ്യത വർധിപ്പിക്കും. വിശ്രമത്തിനായി ശരീരം തലച്ചോറിനെ അടച്ചുപൂട്ടാൻ ശ്രമിക്കും. കഴിയുമെങ്കിൽ അത്തരം സമയങ്ങളിൽ വാഹനമോടിക്കുന്നത് ഒഴിവാക്കണം.

3. ഉയർന്നതോതിൽ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുക (എനർജി ഡ്രിങ്ക്​സ്​), എസി ഓഫ് ചെയ്​ത്​ വാഹനം ഒാടിക്കുക, സഹായി ഒപ്പമുണ്ടെങ്കിൽ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയവയും നല്ലതാണ്​.

4. ഒ​ന്നോ രണ്ടോ മണിക്കൂറുകളുടെ ഇടവേളയിൽ വാഹനം വശങ്ങളിലേക്ക്​ നിർത്തി സോഷ്യൽ മീഡിയകൾ പരിശോധിക്കുക, ഗെയിമുകൾ കളിക്കുക, അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നതും ഹൈവേ ഹിപ്​നോസിസ്​ തടയാൻ മികച്ച മാർഗമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwayAccident NewsAccident NewsHighway Hypnosis
News Summary - What’s ‘Highway Hypnosis’, & how it can affect anyone: We explain
Next Story