‘ഇതാ ചോരാത്ത സ്കോർപ്പിയോ’; ജാള്യത മറയ്ക്കാൻ പുതിയ വിഡിയോയുമായി മഹീന്ദ്ര
text_fieldsവെള്ളച്ചാട്ടത്തിന് താഴെ നിർത്തിയപ്പോൾ ചോർന്നൊലിക്കുന്ന പുത്തൻ സ്കോർപ്പിയോ എസ്.യു.വിയുടെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് ബദലായി പുതിയൊരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മഹീന്ദ്ര അധികൃതർ. വൈറലായ വിഡിയോയ്ക്ക് സമാനമായി ഇവിടേയും വെള്ളച്ചാട്ടത്തിനടിയിൽ പാർക്ക് ചെയ്‌ത സ്കോർപ്പിയോ ആണ് കാണുന്നത്. എന്നാൽ ഈ വാഹനത്തിന്റെ സൺറൂഫ് ചോരുന്നില്ല എന്ന് കാണാനാകും.
സൺറൂഫ് ചോരുന്ന വിഡിയോയ്ക്ക് താഴെ വലിയ വിമർശനമാണ് ഉണ്ടായത്. ഇനി ഒരിക്കലും സൺറൂഫുള്ള കാർ വാങ്ങില്ല എന്നും മഹീന്ദ്രയുടെ നിർമാണ നിലവാരം മോശമാണെന്നും നിരവധിപേർ കമന്റ് ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയായാണ് കമ്പനി തന്നെ സോഷ്യൽ മീഡിയയിലൂടെ പുതിയ വിഡിയോ പങ്കുവച്ചത്.
വെള്ളച്ചാട്ടത്തിന് താഴെ സ്കോർപിയോ പാർക്ക് ചെയ്‌താണ് കമ്പനി പുതിയ വിഡിയോ എടുത്തിരിക്കുന്നത്. സ്‌കോർപിയോയുടെ മുകളിൽ ശക്തിയായി വെള്ളം വീഴുന്നുണ്ടെങ്കിലും യാതൊരു ലീക്കേജും സംഭവിക്കുന്നില്ല. വെള്ളം സീറ്റിലേക്ക് വരികയോ കാറിന്റെ അകത്തെ ഭാഗങ്ങൾ നനയുകയോ ചെയ്യുന്നില്ലെന്നും വിഡിയോയിൽ കാണിക്കുന്നുണ്ട്. പ്രൊഫഷണൽ ആയ ആളുകളാണണ്‍വിഡിയോ നിർമിച്ചതെന്നും ഇത് അനുകരിക്കരുതെന്നും മഹീന്ദ്ര വിഡിയോയുടെ അവസാനം അഭ്യർഥിക്കുന്നുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ സൺറൂഫുകൾ പണിതരും എന്ന് ഓർമപ്പെടുത്തുന്നതായിരുന്നു ആദ്യ വിഡിയോ. വെള്ളച്ചാട്ടത്തിൽ സ്കോർപ്പിയോ കഴുകാം എന്ന് കരുതിയാണ് യുവാക്കൾ വാഹനം പാർക്ക് ചെയ്തത്. ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ സൺറൂഫ് ചോരുകയായിരുന്നു. സൺറൂഫിൽ മാത്രമല്ല ടോപ്പിലെ സ്പീക്കറുകളിലും ലൈറ്റിലുമെല്ലാം വെള്ളം കയറിയെന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. വാഹനത്തിനുള്ളിലേക്ക് വെള്ളം ചോര്‍ന്നാല്‍ റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കാനിടയുണ്ട്. ക്യാബിന്‍ ലാമ്പും റൂഫില്‍ ഘടിപ്പിച്ച സ്പീക്കറുകളുമെല്ലാം കേടാകും. വാഹനത്തിന്റെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഘടകങ്ങളിലേക്ക് വെള്ളം കയറിയാല്‍ നാശനഷ്ടങ്ങള്‍ അവിടെക്കൊണ്ടൊന്നും തീരില്ല.
സൺറൂഫ് ചോരുമോ?
സണ്‍റൂഫ് ഫിറ്റ് ചെയ്യുന്ന സമയത്ത് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍ വാട്ടര്‍ ടൈറ്റ്‌നസ് ഗ്ലൂ, റബ്ബര്‍ സീല്‍ എന്നിവ കൃത്യതയോടെ ഉപയോഗിക്കണം. വാഹന നിര്‍മാണ സമയത്ത് ഇത് കൃത്യമായി ഒരുക്കേണ്ടത് അത്യാവശ്യമാണ്. വാഹനം വില്‍പ്പനക്ക് അയയ്ക്കുന്നതിന് മുമ്പ് ചോര്‍ച്ചകള്‍ തിരിച്ചറിയുന്നതിനും ഉണ്ടെങ്കില്‍ തന്നെ അവ പരിഹരിക്കുന്നതിനും പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ഇതൊക്കെ ചെയ്താലും അതിശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ സൺറൂഫ് ചോരാൻ ഇടയുണ്ട്.
യാത്രക്കിടെ ഇത്തരം എന്തെങ്കിലും സാഹചര്യം നേരിടേണ്ടി വന്നാല്‍ ഒരു വിദഗ്ധന്റെ സഹായം തേടുന്നതാണ് ഉത്തമം. ക്യാബിനിലേക്ക് വെള്ളം ഒഴുകുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാകാനും തീപിടുത്തമുണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. റൂഫിലൂടെ കാറിനുള്ളിലേക്ക് വെള്ളം ചോരുമ്പോള്‍ അത് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും. വണ്ടിക്കകത്ത് വെള്ളം എത്തിയാല്‍ അത് തുരുമ്പിന് കാരണമാകും.
Just another day in the life of the All-New Scorpio-N. pic.twitter.com/MMDq4tqVSS
— Mahindra Scorpio (@MahindraScorpio) March 4, 2023
സാധാരണയായി ഈ സൺറൂഫ് പാനലുകളിൽ ഡ്രെയിനേജ് ദ്വാരങ്ങളുണ്ട്. അതിലൂടെയാണ് അടിഞ്ഞുകൂടിയ വെള്ളം സുരക്ഷിതമായ എക്സിറ്റ് പാസേജിലേക്ക് പോകുക. ഈ ഡ്രെയിനേജ് ദ്വാരങ്ങളിൽ അഴുക്കോ മറ്റ് കാര്യങ്ങളോ വന്ന് അടഞ്ഞുപോയാൽ സൺറൂഫ് പാളിയിൽ വെള്ളം നിറഞ്ഞുനിൽക്കും. അങ്ങനെയും സൺറൂഫ് ചോരാം.