ഡെലിവറി എടുക്കുന്നതിനിടെ പുത്തൻ കാർ നിയന്ത്രണംവിട്ട് താഴേക്ക് പതിച്ചു -വിഡിയോ
text_fieldsഡീലർഷിപ്പുകളിൽ നടക്കുന്ന വാഹനാപകടങ്ങൾ ഇപ്പോൾ അത്ര പുതുമയുള്ളതല്ല. സി.സി.ടി.വി കാമറകൾ വന്നതോടെ അത്തരം അപകടങ്ങളുടെ വിഡിയോകൾ വ്യാപകമായി പ്രചരിക്കാറുമുണ്ട്. കഴിഞ്ഞ ദിവസവും അത്തരമൊരു അപകടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ആന്ധ്രപ്രദേശിലെ രാജമുദ്രിയിലെ ഡീലർഷിപ്പിലാണ് അപകടം നടന്നത്. പുതിയ ഫോക്സ്‍വാഗൺ വെർട്യൂസ് സ്വന്തമാക്കി, ഷോറൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം നടന്നത്. ഷോറൂമിന് മുന്നിലെ ആറ് അടി താഴ്ചയിലെ റോഡിലേക്ക് കാർ മറിയുകയായിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. വാഹനത്തിന്റെ മുൻഭാഗത്തിന് കാര്യമായി തകരാറുണ്ട് എന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. ബംബറും ബോണറ്റിനുമെല്ലാം കാര്യമായി കേടുപാടുകളുണ്ട്. പുതിയ വാഹനം ഡ്രൈവ് ചെയ്തപ്പോൾ കാണിച്ച അബദ്ധമാണ് അപകടത്തിന് കാരണം എന്നാണ് കരുതുന്നത്. പലപ്പോഴും ഡെലിവറി എടുക്കാൻ വരുന്ന ഉപഭോക്താവിന്റെ സഭാകമ്പവും ഡ്രൈവിങ് സ്കിൽ ഇല്ലായ്മയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്. ഓട്ടോമാറ്റിക് വാഹനങ്ങൾ ആദ്യമായി ഓടിക്കുന്നവർക്കും പലപ്പോഴും അബദ്ധം പിണയാറുണ്ട്.