ടൊയോട്ടയുടെ എക്കാലത്തേയും ക്ലാസിക് വാഹനമായ ലാൻഡ്ക്രൂസർ പുറത്തിറങ്ങിയിട്ട് 70 വർഷം പിന്നിട്ടിരിക്കുകയാണ്. ഇൗ വർഷം ടൊയോട്ട ലാൻഡ്ക്രൂസർ 300 എന്ന പേരിൽ പുത്തൻ വാഹനം കമ്പനി പുറത്തിറക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ 70ാം വാർഷികം അങ്ങിനെ മാത്രം ആഘോഷിച്ചാൽ പോര എന്നാണ് ടൊയോട്ടയുടെ തീരുമാനം. ആനിവേഴ്സറി എഡിഷനായി ലാൻഡ്ക്രൂസർ 70 എന്ന ക്ലാസിക് മോഡൽകൂടി നിർമിക്കുകയാണ് ജാപ്പനീസ് വാഹന ഭീമൻ. റെട്രോ-സ്റ്റൈൽ ലാൻഡ് ക്രൂസർ 70 വാഹനപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട മോഡലാണ്.
മൂന്ന് ബോഡി സ്റ്റൈലുകളിൽ ആനിവേഴ്സറി എഡിഷൻ ലഭിക്കും. വാഹനത്തിെൻറ 600 യൂനിറ്റുകൾ മാത്രമേ ഉത്പാദിപ്പിക്കൂ. 1984 ൽ ആണ് ആദ്യമായി 70 സീരീസ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിപണികളിൽ ഇപ്പോഴും ഇൗ മോഡൽ വിൽപ്പനയിലുണ്ട്. അരങ്ങേറിയപ്പോൾ ഉള്ള അതേ ഡിസൈനാണ് ഇപ്പോഴും ടൊയോട്ട പിന്തുടരുന്നതെന്നതും പ്രത്യേകതയാണ്. ഫ്രഞ്ച് വാനില, മെർലോട്ട് റെഡ്, സാനി ടൗപ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
സ്റ്റാൻഡേർഡ് 70 സീരീസ് ലാൻഡ് ക്രൂസറുമായി താരതമ്യപ്പെടുത്തുമ്പോൾ, ആനിവേഴ്സറി എഡിഷനിൽ നിരവധി മാറ്റങ്ങളുണ്ട്. പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രിൽ, വീൽ ആർച്ചുകൾക്ക് മുകളിലുള്ള ക്ലാഡിങ് എന്നിവ കറുപ്പ് നിറത്തിലാണ് വരുന്നത്. ഡാർക്ക് ട്രീറ്റ്‌മെൻറ് ചെയ്ത 16 ഇഞ്ച് അലോയ് വീലുകളും ഹെഡ്‌ലാമ്പ് ബേസലുകളും പ്രത്യേകതയാണ്. ഡിഎൽആറുകളും ഫോഗ് ലൈറ്റുകളും എൽഇഡി യൂനിറ്റുകളായി. 'ഹെറിറ്റേജ് 70' എന്ന ആനിവേഴ്സറി ലോഗോയും വാഹനത്തിന് നൽകിയിട്ടുണ്ട്. പ്രീമിയം ബ്ലാക്ക് അപ്ഹോൾസറിയാണ് ഉള്ളിൽ.
ഹൈലക്സ് പിക്കപ്പിൽ നിന്നെടുത്ത ലെതർ റാപ്ഡ് സ്റ്റിയറിങ് വീൽ, ലെതർ-റാപ്ഡ് ഗിയർ ലിവർ എന്നിവയും ഇതിലുണ്ട്. യുഎസ്ബി ചാർജിങ് പോർട്ടുകൾ, സെൻറർ കൺസോളിൽ രണ്ട് കപ്പ് ഹോൾഡറുകൾ, പവർ വിൻഡോകൾ എന്നിങ്ങനെയുള്ള സവിശേഷതകളും ആനിവേഴ്സറി എഡിഷനിൽ ചേർത്തിട്ടുണ്ട്. ചില വേരിയൻറുകളിൽ അഞ്ച് എയർബാഗുകളും നൽകിയിട്ടുണ്ട്. 202 എച്ച്പി, 430 എൻഎം, 4.5 ലിറ്റർ, ടർബോചാർജ്ഡ് വി 8 ഡീസൽ എഞ്ചിനാണ് ലാൻഡ് ക്രൂയിസർ 70 ആനിവേഴ്സറി പതിപ്പിന് കരുത്ത് പകരുന്നത്. 2016 ലെ അപ്ഡേറ്റ് മുതൽ 70 സീരീസ് മോഡലുകളിൽ ഉൾപ്പെടുത്തിയ എഞ്ചിനാണിത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഫോർവീൽ സംവിധാനവും വാഹനത്തിലുണ്ട്.
ലാൻഡ് ക്രൂയിസർ എന്നും ഒരു ബോഡി ഓൺ ഫ്രെയിം എസ്‌യുവി ആയിരുന്നു. ഇപ്പോഴും അതിൽ മാറ്റമൊന്നുമില്ല. എല്ലാ വേരിയൻറുകൾക്കും ലോ-റേഞ്ച് ട്രാൻസ്ഫർ കേസ്, ഫ്രണ്ട്, റിയർ ലോക്കിങ് ഡിഫറൻഷ്യലുകൾ, 3,500 കിലോഗ്രാം ടോവിംഗ് ശേഷി,130 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്ക് എന്നിവയും വാഹനത്തിന് നൽകിയിട്ടുണ്ട്.