കാർ പാർക്കിങ് ഇടത്തിനായി മുടക്കിയത് 13 ലക്ഷം ഡോളർ; ഹോേങ്കാങ്ങിലെ 'സൂപ്പർ റിച്ചി'െൻറ ജീവിതം പറയുന്നതെന്താണ്?
text_fieldsജീവിതത്തിൽ പലതരം സാമ്പത്തിക ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിച്ചിട്ടുണ്ടാകും. അതിൽ വീടും കാറും വാങ്ങാനും ബിസിനസ് തുടങ്ങാനുമുള്ള പ്രയാസങ്ങളും ഉണ്ടാകും. എന്നാൽ വാങ്ങിയ കാർ ഇടാനുള്ള ഇത്തിരി സ്ഥലത്തിനായി ബുദ്ധിമുട്ടുന്ന കോടീശ്വരന്മാരെകുറിച്ച് കേട്ടിട്ടുണ്ടോ? പൊങ്ങച്ച ചർച്ചകളിൽ താൻ അടുത്തുവാങ്ങിയ പാർക്കിങ് സ്ഥലത്തേക്കുറിച്ച് വാചാലമാകുന്ന ശതകോടീശ്വരന്മാർ. അങ്ങിനേയും ചിലർ ലോകത്തുണ്ട്. പറഞ്ഞുവരുന്നത് ഹോേങ്കാങ്ങിനെക്കുറിച്ചാണ്. ഏഷ്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഭവനങ്ങളും വിലകൂടിയ ഭൂമികളുമുള്ള അതേ ഹോേങ്കാങ്ങ്.
ഹോേങ്കാങ്ങിലെ ഏറ്റവും വിലപിടിച്ച റിയൽ എസ്റ്റേറ്റ് മേഖലകളിലൊന്നിൽ വിറ്റുപോയ പാർക്കിങ് സ്ഥലത്തിെൻറ മൂല്യം കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. 13 ലക്ഷം ഡോളറിനാണ് ഒരു കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം റിയൽ എസ്റ്റേറ്റ് കമ്പനി വാങ്ങിയത്. 13 ലക്ഷം ഡോളറെന്നാൽ ഏകദേശം 9.50 കോടി രൂപവരും. ഇത്രയും പണമുണ്ടെങ്കിൽ ലോകത്ത് ഇന്ന് ലഭ്യമായ ഏതൊരു സൂപ്പർ കാറും ഒരാൾക്ക് വാങ്ങാനാകുമെന്നതാണ് രസകരം.
ദി പീക് റെസിഡൻഷ്യൽ ഏരിയ
ഹോങ്കോങ്ങിലെ ദി പീക് റെസിഡൻഷ്യൽ ഏരിയയിലാണ് അപൂർവ്വമായ കച്ചവടം നടന്നത്. പഗാനി ഹുവേര, 2022 പോർഷെ 911 ജിടി 3, പോർഷെ 918 സ്‌പൈഡർ തുടങ്ങിയ എണ്ണംപറഞ്ഞ സ്പോർട്സ് കാറുകൾ വാങ്ങുന്നതിന് തുല്യമായ തുകക്കായിരുന്നു കച്ചവടം. 2019 ൽ ഹോങ്കോങ്ങിൽ തന്നെ 9,80,000 ഡോളറിന് ഒരു പാർക്കിങ് സ്ഥലം വിറ്റുപോയിരുന്നു. ഇൗ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്. ഇൗ സമയം ഒരു ചോദ്യം തീർച്ചയായും എല്ലാവരുടേയും മനസിൽ ഉയർന്നുവരാം. എന്തുകൊണ്ടാണ് ഹോങ്കോങ് ഇത്രമാത്രം ചെലവേറിയ നഗരമായി മാറുന്നത്. ഒന്നാമത്തെ കാരണം സ്ഥലപരിമിതിതന്നെ. വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിന് അനുസരിച്ച് സ്ഥലസൗകര്യം കൂടുന്നില്ല.
മറ്റൊന്ന് ഇത്തരമൊരു ഇടം നൽകുന്ന ഗ്ലാമറും ഉൗഹക്കച്ചവട വിപണിയിലെ മൂല്യവുമാണ്. ഏഷ്യയിലെതന്നെ ഏറ്റവും വിലകൂടിയ ഭൂമികളുള്ള വിക്ടോറിയ ഹാർബറിനടുത്താണ് പാർക്കിങ് സ്ഥലം. ഏഷ്യയിലെ ഏറ്റവും വിലയേറിയ വീടുകളും ഇവിടെയാണുള്ളത്. ഇൗ സ്ഥലം സ്വന്തമാക്കിയത് ഏതെങ്കിലും വ്യക്തിയല്ല എന്നതും ശ്രദ്ധേയമാണ്. മൗണ്ട് നിക്കോൾസൺ എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് പുതിയ കച്ചവടത്തിന് പിന്നിൽ. ആഗോള സാമ്പത്തിക കേന്ദ്രമായതിനാൽ ഹോങ്കോങ് വളരെ തിരക്കേറിയതും താമസിക്കാൻ ഏറ്റവും ചെലവേറിയതുമായ സ്ഥലങ്ങളിൽ ഒന്നാണ്.