
'സ്വിറ്റ്സർലൻഡ് ഇ.വികൾക്ക് നിയന്ത്രണം ഏർപ്പൈടുത്തുന്നു'; വാർത്തക്ക് പിന്നിലെ സത്യം ഇതാണ്
text_fieldsലോകം ഫോസില്‍ ഇന്ധനങ്ങളിൽനിന്ന് വൈദ്യുതിയിലേക്കുള്ള ചുവടുമാറ്റത്തിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വാർത്ത വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയത്. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ് ഇ.വി കൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു എന്നായിരുന്നു ആ വാർത്ത. എന്താണ് ഈ വിവരത്തിനുപിന്നിലെ യാഥാർഥ്യം. നമ്മുക്ക് പരിശോധിക്കാം.
പ്രചരണം ഇങ്ങിനെ
സ്വിറ്റ്സർലൻഡ് അത്യാവശ്യ യാത്രകള്‍ക്കല്ലാതെ എല്ലാ ഇവികളുടെയും ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നു എന്നാണ് വാർത്ത പരന്നത്. ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ ശൈത്യകാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. ശൈത്യകാലത്ത് കാര്യങ്ങള്‍ മോശമായാല്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നിര്‍ദ്ദേശങ്ങള്‍ സ്വിസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്വിറ്റ്സർലൻഡിലെ വൈദ്യുത പ്രതിസന്ധി
വേനല്‍ക്കാലത്ത് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇത്തരം പ്രതിസന്ധിയില്‍ അകപ്പെടാന്‍ കാരണം. രാജ്യത്തിന്റെ പകുതിയിലധികമോ അല്ലെങ്കില്‍ 60 ശതമാനമോ ഊര്‍ജം ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് വരുന്നത്, എന്നാല്‍ ശൈത്യകാലത്ത് ഉല്‍പ്പാദനം മന്ദഗതിയിലാവുകയും രാജ്യം ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രധാനമായും വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും യൂറോപ്പിലുടനീളം വൈദ്യുതി ഇറക്കുമതിയില്‍ കുറവുണ്ടാക്കിയിരുന്നു. ഇത് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക വിതരണത്തെയും രൂക്ഷമായി ബാധിച്ചു. ഇതിനൊപ്പം സ്വിറ്റ്സര്‍ലന്‍ഡ് ജലവൈദ്യുത പദ്ധതികളെ വല്ലാതെ ആശ്രിയക്കുന്നതുമാണ് ഊര്‍ജ്ജ ക്ഷാമത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്താണ് വാസ്തവം
സ്വിറ്റ്സർലൻഡ് വൈദ്യുത മേഖലയിൽ നിയന്ത്രണം കൊണ്ടുവരുന്നു എന്നത് സത്യമാണ്. സ്വിസ് ഫെഡറല്‍ ഇലക്ട്രിസിറ്റി കമ്മീഷൻ എല്‍കോം ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഈ വര്‍ഷം ജൂണില്‍ ഫ്രഞ്ച് ആണവോര്‍ജ്ജ ഉല്‍പാദനത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ ശൈത്യകാലത്തെ വൈദ്യുതി വിതരണം അനിശ്ചിതത്വത്തില്‍ തുടരുമെന്ന് അവർ ഇതിനകം വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയുടെ സ്ഥിതിയും ഇതുതന്നെയാണ്. വിവിധ ആഗോള പ്രശ്നങ്ങള്‍ കാരണം ഈ വര്‍ഷം ഊര്‍ജ്ജ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍, ഈ രാജ്യങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം മാത്രമേ കാണൂ. അതിനാല്‍, സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഊര്‍ജ്ജം കയറ്റുമതി ചെയ്യുന്നത് ചിന്തിക്കുകയേ വേണ്ട. തല്‍ഫലമായി, എല്‍കോം ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിന് 4-ഘട്ട പദ്ധതി ആവിഷ്‌കരിക്കുകയായിരുന്നു.
ഇതിൽ മൂന്നാംഘട്ടത്തിൽ മാത്രമാണ് ഇ.വി നിയന്ത്രണത്തെപറ്റി പറയുന്നത്. ഈ നടപടികള്‍ അനുസരിച്ച്, നഗരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി രാജ്യം ഇ.വി ചാര്‍ജിങ് പരിമിതപ്പെടുത്തും. തികച്ചും അത്യാവശ്യമായ യാത്രകള്‍ക്ക് മാത്രമേ ഇ.വികള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കൂ. 'രാജ്യത്തിന്റെ വൈദ്യുതി വിതരണം സുരക്ഷിതമാക്കുന്നതിന് വൈദ്യുതോർജ്ജം ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും'എന്ന പേരിൽ കരട് വിജ്ഞാപനവും രാജ്യം തയ്യാറാക്കിയിട്ടുണ്ട്.
നാല് ഘട്ടങ്ങളായി നടപ്പാക്കുന്ന നടപടികളിൽ മൂന്നാമതായാണ് ഇ-മൊബിലിറ്റി എസ്കലേഷൻ പരാമർശിച്ചിരിക്കുന്നത്. 'തികച്ചും അത്യാവശ്യമായ യാത്രകൾക്ക് മാത്രമേ ഇലക്ട്രിക് കാറുകളുടെ സ്വകാര്യ ഉപയോഗം അനുവദനീയമായിട്ടുള്ളൂ'എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കെട്ടിടങ്ങള്‍ 20 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 68 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ മാത്രമേ ചൂടാക്കാവൂ തുടങ്ങിയ കാര്യങ്ങളും ഇ.വി നിരോധനത്തിനൊപ്പം നിർദേശിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടാന്‍ സംഗീത കച്ചേരികള്‍, നാടക പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുമെന്നും വിജ്ഞാപനം പറയുന്നു.
ചുരുക്കത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കല്ല ഇലക്ട്രിസിറ്റിക്കാണ് സ്വിറ്റസർലൻഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി വൈദ്യുത പ്രതിസന്ധി രൂക്ഷമായില്ലെങ്കിൽ ഈ നിയന്ത്രണം ഉണ്ടാവുകയുമില്ല. പ്രതിസന്ധി ഉണ്ടായാൽതന്നെ ഘട്ടംഘട്ടമായിട്ടാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നും വിജ്ഞാപനം പറയുന്നുണ്ട്.