2020 ജൂലൈയിലാണ് സുസുക്കി എക്രോസ് എന്നപേരിൽ ഹൈബ്രിഡ് എസ്.യു.വി യു.കെയിൽ അവതരിപ്പിച്ചത്. ടൊയോട്ട ആർഎവി 4 പേരുമാറ്റി അവതരിപ്പിച്ച വാഹനമായിരുന്നു ഇത്. ഇന്ത്യയിലൊക്കെ ബലേനോയും ബ്രെസ്സയുമൊക്കെ ടൊയോട്ടയുടെ പേരിട്ട് വരുന്ന അതേ പ്രതിഭാസം തന്നെയാണിത്. പക്ഷെ ഇവിടെ അത് സുസുക്കിയാണ് വായ്പ്പക്കാരൻ എന്നുമാത്രം.ടൊയോട്ട ആർഎവിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല സുസുക്കി എക്രോസ്. ഗ്രിൽ, ഫ്രണ്ട് ബമ്പർ, ഫോഗ് ലാമ്പുകൾ, 19 ഇഞ്ച് വീലുകൾ, ബാഡ്ജിങ് എന്നിവ പോലുള്ള കുറച്ച് മാത്രമാണിവിടെ സുസുക്കിയുടേതായുള്ളത്.
സ്റ്റിയറിംഗ് വീൽ ഡിസൈൻ, ഇലക്ട്രോണിക് സ്പീഡോമീറ്റർ, സെൻറർ കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് മുതൽ ട്രാൻസ്മിഷൻ ലിവർ വരെ ഇൻറീരിയർ ഏതാണ്ട് സമാനമാണ്. ചുവന്ന സ്റ്റിച്ചിങുള്ള ലെതറിൽ പൊതിഞ്ഞ സീറ്റുകളിൽ സുസുക്കി എന്നെഴുതിയിട്ടുണ്ടെന്ന് മാത്രം. എക്രോസിെൻറ ഇൻറീരിയർ വിശാലമാണ്. ഫോർവേഡ് കൊളിഷൻ വാണിങ്, ലൈൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവ പോലുള്ള ആർഎവി 4െൻറ സവിശേഷതകൾ ഇവിടേയുമുണ്ട്.
വൈറ്റ്, സിൽവർ, ബ്ലാക്ക്, റെഡ്, ഗ്രേ, ബ്ലൂ എന്നീ ആറ് നിറങ്ങളിൽ വാഹനം ലഭ്യമാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകൾ സംയോജിപ്പിച്ച 2.5 ലിറ്റർ I4 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്. ഒരു സിവിടി ഗിയർബോക്സും മുഴുവൻസമയ ഫോർവീൽ സിസ്റ്റവും വാഹനത്തിനുണ്ട്. 302 എച്ച്.പിയാണ് പരമാവധി കരുത്ത്. 18.1 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ പ്രാപ്തിയുള്ളതാണ്. 45,600പൗണ്ട് ആണ് വില.