ഇത്രയും സിമ്പിളായ കാരവനോ? മലയാള സിനിമാ താരത്തിന്റെ റോഡ് ട്രിപ്പ് വൈറൽ
text_fieldsറോഡ് ട്രിപ്പും കാരവനുമൊക്കെ ഇപ്പോൾ മലയാളികൾക്ക് സുപരിചിതമാണ്. സർക്കാർ തന്നെ കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ്. കേരളത്തിലെ ഏറ്റവും മികച്ച കാരവനുകളുള്ളത് സിനിമാ താരങ്ങൾക്കാണ്. ആഡംബരം നിറച്ച ഇത്തരം വാഹനങ്ങൾക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ സൗകര്യമാണുള്ളത്. എന്നാൽ മലയാളത്തിലെ യുവ താരവും താരപുത്രനുമായ ഒരാളുടെ സമൂഹമാധ്യമ അകൗണ്ടിൽ പങ്കുവച്ച റോഡ് ട്രിപ്പ് ചിത്രം വൈറലായിരിക്കുകയാണ്. സംഭവം വൈറലാകാൻ കാരണം അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന്റേയും സൗകര്യങ്ങളുടേയും ലാളിത്യംകൊണ്ടാണ്.
സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിൻഭാഗമാണ് ചിത്രങ്ങളിൽ ആദ്യം കാണുന്നത്. അതിലേക്കു നോക്കിയാൽ ടവ്വലുകൾ, ഷോർട്സ്, ഷൂസ്, ചായപ്പാത്രം എന്നിവയെല്ലാം എങ്ങനെയെല്ലാമോ വാരി നിരത്തിയത് കാണാം. പുറത്തൊരു ചെറിയ മേശമേൽ പാചകത്തിന് അത്യാവശ്യം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചില വസ്തുക്കളുമുണ്ട്. എല്ലാ താരങ്ങളും ഓണച്ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ, മലയാളത്തിന്റെ ഈ യുവതാരം വ്യത്യസ്തനാവുന്നത് തന്റെ യാത്രാചിത്രങ്ങൾ പങ്കുവച്ചാണ്.
സിനിമയേക്കാൾ സാഹസികത ഇഷ്‌ടപ്പെടുന്ന മലയാളത്തിന്റെ പ്രിയ താരപുത്രൻ പ്രണവ് മോഹൻലാലാണിത്. നിലവിൽ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. സ്‌പെയിൻ, അയർലൻഡ് എന്നിവിടങ്ങളിൽ താൻ എത്തി എന്ന് പറഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ അടുത്തിടെ അദ്ദേഹം ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പോസ്റ്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
തന്റെ സിനിമകളുടെ പ്രൊമോഷന് പോലും മഷിയിട്ടു നോക്കിയാൽ കാണാത്ത പ്രണവിന്റെ ഇഷ്‌ട വിനോദം യാത്രയാണ്. ഓണമൊക്കെയല്ലേ, നാട്ടിൽ വന്നുകൂടെ എന്നെല്ലാം ആരാധകർ കമന്റ് സെക്ഷനിൽ ചോദിക്കുന്നുണ്ടെങ്കിലും പ്രണവ് മറുപടി പറഞ്ഞിട്ടില്ല. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് അവസാനം പുറത്തുവന്ന പ്രണവ് ചിത്രം.

