
മെഴ്‌സിഡസ് ബെൻസ് കാര്‍ പ്ലാന്‍റില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു
text_fieldsജർമൻ വാഹനനിർമാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ കാര്‍ പ്ലാന്‍റില്‍ നടന്ന വെടിവയ്പ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. പ്രീമിയം മോഡലുകൾ നിർമ്മിക്കുന്ന ജർമനിയിലെ സോളിംഗനിലെ പ്ലാന്റിലാണ് സംഭവം. ലോകത്തിലെതന്ന മെഴ്‌സിഡസിന്റെ ഏറ്റവും വലിയ പ്ലാന്റുകളിൽ ഒന്നാണിത്.
എസ്-ക്ലാസ് സെഡാന്റെയും ഇക്യുഎസ് ഇലക്ട്രിക് വാഹനത്തിന്റെയും മേബാക്കിന്റേയുമൊക്കെ നിമാണം നടക്കുന്ന പ്ലാന്റാണിത്. ഏകദേശം ആകെ 35,000 തൊഴിലാളികളാണ് ഇവിടെയുള്ളത്. ജർമ്മൻ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, 53 വയസ്സുള്ള ഒരാൾ പ്ലാന്‍റില്‍ പ്രവേശിക്കുകയും തുടര്‍ച്ചയായി വെടിയുതിർക്കുകയുമായിരുന്നു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി പൊലീസിന് കൈമാറി. എന്നാൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ അപ്പോഴേക്കും മരണത്തിന് കീഴടങ്ങി.
വളരെ സുരക്ഷിതവും നിയന്ത്രിത എൻട്രി, എക്സിറ്റ് പോയിന്റും ഉള്ളതാണ് പ്ലാന്റെന്നും എന്നിട്ടും പ്രതി എങ്ങനെയാണ് തോക്കുമായി അകത്ത് കടന്നതെന്ന് വ്യക്തമല്ലെന്നുമാണ് ബെൻസ് അധികൃതർ പറയുന്നത്. പ്രതിയുടെ ലക്ഷ്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്ലാന്റിലെ ഉത്പാദനം ഈ ആഴ്ച അവസാനം വരെ നിർത്തിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ടുപേർ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികള്‍ അല്ലെന്നും ബെൻസുമായി കരാറുള്ള കമ്പനിയിലെ ജീവനക്കാരാണെന്നുമാണ് വിവരം.
കൊല്ലപ്പെട്ടവരുടെ കുടുംബത്തോടും സ്ഥാപനത്തിലെ മറ്റെല്ലാ ജീവനക്കാരോടും അനുശോചനം രേഖപ്പെടുത്തുന്നതായി മെഴ്‌സിഡസ് ബെൻസ് പ്രസ്താവനയില്‍ പറഞ്ഞു.