
രസകരമായ ‘മീം’ ഉണ്ടാക്കാൻ അറിയാവുന്നവരാണോ നിങ്ങൾ; ഒല ഇലക്ട്രിക് സ്കൂട്ടർ സൗജന്യമായി നൽകാമെന്ന് കമ്പനി
text_fieldsസോഷ്യൽ മീഡിയയിലെ ആശയ പ്രകാശന രീതികളിൽ ഒന്നാണ് മീമുകൾ. തമാശയിലൂടെ സാമൂഹിക വിമർശനമാണ് മീമുകളിലൂടെയും ട്രോളുകളിലൂടെയും നടക്കുന്നത്. നല്ല മീമുകൾ ഉണ്ടാക്കുന്നവർക്ക് ഒല ഇലക്ട്രിക് സ്കൂട്ടർ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി സി.ഇ.ഒ ഭവിഷ് അഗർവാൾ.
'മീം ഫെസ്റ്റ്' എന്നാണ് പുതിയ മത്സരത്തിന് ഒല പേര് നൽകിയിരിക്കുന്നത്. പെട്രോള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രസകരമായ മീമുകള്‍ പങ്കുവെക്കാനാണ് ഭവിഷ് അഗർവാൾ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ‘മീമുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ഡിജിറ്റല്‍ ലൈഫിന്റെ ഭാഗമായ മീമുകള്‍ വെറും ഒരു ചിത്രം കൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ സംവദിക്കുന്നു. ഏറ്റവും മികച്ച മീം ഒരുക്കുന്നയാള്‍ക്ക് ഓല എസ് 1 പ്രോ സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കും’-ഭവിഷ് ട്വിറ്ററിൽ കുറിച്ചു. തൊട്ടുപിന്നാലെ മീം പ്രളയം തന്നെയാണ് ട്വിറ്ററില്‍.
പ്രഖ്യാപനത്തിനുപിന്നാലെ ട്വിറ്ററിൽ പെട്രോള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട മീമുകൾ നിറഞ്ഞു. പെട്രോള്‍ വിലയും ഡീസല്‍ വിലയും പരസ്പരം പോരടിക്കുന്നതും ഇ.വി വാങ്ങുന്നവരുടെ ആശ്വാസവുമെല്ലാം ഹിറ്റ് സിനിമ രംഗങ്ങള്‍ ഉപയോഗിച്ചുള്ള മീമുകളിലൂടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.