"ഹമ്മേ തട്ടിക്കൊണ്ടു പോണ വണ്ടി വന്നണ്ടേയ്"; നൊസ്റ്റാൾജിയ@ പീക്ക് -'ദ കിഡ്നാപ്പേഴ്സ് വാൻ'
text_fields"എടാ ഓടിക്കോ, പിള്ളാരെ പിടിത്തക്കാര്ടെ വണ്ടി വന്നണ്ടേയ്!" 90's കിഡ്സിന്റെ വിഖ്യാത നൊസ്റ്റാൾജിയകളിൽ മുൻനിരയിലാണ് ഈ ഡയലോഗിന് സ്ഥാനം. അതിന് കാരണമായത് ഒരു പാവത്താൻ വാഹനമാണെന്നത് അതിലേറെ രസകരമായ കാര്യമാണ്. 1990 കാലത്ത് ഇടവഴികളിലൂടെ ഓടിച്ചു വരുന്ന ഈ വാഹനത്തിന്റെ ഡ്രൈവർക്ക് വഴി ചോദിക്കാൻ വേണ്ടി പോലും വാഹനം നിർത്താൻ പറ്റില്ലായിരുന്നു എന്ന് അൽപം അതിശയോക്തിയോടെ പറഞ്ഞാൽ തെറ്റില്ല താനും. കാരണം ഈ വാഹനം കാണുമ്പോ തന്നെ " ഹമ്മേ തട്ടിക്കൊണ്ടു പോണ വണ്ടി വന്നണ്ടേ" എന്നായിരുന്നു ആളുകളുടെ പൊതു മനോവികാരം. ഏതാണീ അധോലോകവാഹനമെന്ന് എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. എങ്കിലും ഒരു ബിൽഡപ്പിനു വേണ്ടി, വാഹനത്തിന്റെ പേര് കുറച്ചൂടി വായിച്ചു പോയി കഴിഞ്ഞിട്ട് പറയാം. തട്ടു പൊളിപ്പൻ മാസ് സിനിമകളിലൊക്കെ നായകൻ്റെ എൻട്രി കുറച്ച് ലേറ്റായിട്ടാണല്ലോ ഉണ്ടാകാറ്.
ഈ വാഹനത്തിൽ എന്തൊക്കയുണ്ടെന്ന് ചോദിച്ചാൽ ഓ ഒന്നുമില്ല എന്ന് തന്നെ പറയണ്ടി വരും. ഓർമകളിലും സിനിമകളിലും ജീവിതത്തിലും വില്ലനായും നായകനായും സഹായിയായും തകർത്താടിയ ഒരു മൾട്ടിപർപ്പസ് വാഹനം ഇന്ത്യൻ നിരത്തുകളിൽ ചരിത്രം സൃഷ്ടിച്ചത് വിസ്മയജനകം തന്നെയായിരുന്നു. മാരുതി 800 എന്ന എക്കാലത്തെയും ഇതിഹാസ വാഹനം പുറത്തിറങ്ങി ഒരു വര്‍ഷത്തിന് ശേഷം 1984 ഡിസംബറിലാണ് മാരുതി, ഒരു വിവിധോദ്യേശ വാഹനം അവതരിപ്പിക്കുന്നത്. 'ഓമ്നി'യെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി കാണുമെന്ന് കരുതുന്നു.
വിപണിയിലവതരിപ്പിച്ച് നാലു വർഷത്തിനു ശേഷം 1988ലാണ് ഈ വാഹനത്തിന് ഓമ്നി എന്ന പേരിട്ടതു പോലും. മൂന്ന് ദശാബ്‌ദക്കാലം ഡിസൈനിലോ ഫീച്ചറിലോ കാര്യമായ ഒരു വ്യത്യാസവും ഓമ്‌നിക്ക് നിർമാതാക്കൾ വരുത്തിയില്ല. 796 സി.സി ഇൻലൈൻ ത്രീ സിലിണ്ടർ എൻജിനോടെ വന്ന മാരുതി 800 കാറിന്റെ അതേ 'ഹൃദയ'മാണ് ജനലക്ഷങ്ങൾക്ക് പ്രിയങ്കരമായി മാറിയ ഓമ്നിയെന്ന ഈ ഓമന വാഹനത്തിനും നൽകിയത്. ഏകദേശം 5000 RPMൽ (revolutions per minute) 35 bhp (brake horce power) കരുത്തിൽ 59 Nm ടോർക്ക് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു ഈ വാഹനം. നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് വരവ്. സാങ്കേതികത്വങ്ങൾക്കപ്പുറം പറഞ്ഞാൽ ഇതല്ല, ഇതിലപ്പുറം വലിച്ചു കേറ്റുമായിരുന്നു എന്നതാണ് വസ്തുത. നിരത്തിൽ വന്ന ശേഷം ഓമ്‌നിക്ക് ഒരു എൻജിൻ മാറ്റം ഉണ്ടായിട്ടില്ല.
ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം 1998ലാണ് പേരിനെങ്കിലും മറ്റുചില മാറ്റങ്ങൾ വന്നത്. റൗണ്ടിന് പകരം ചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, കാർബ്യൂറേറ്ററിന് പകരം ഇ.എഫ്.ഐ (ഇലക്ട്രോണിക് ഫ്യൂവൽ ഇൻജക്ഷൻ) സംവിധാനം ഉൾപ്പടെ അല്ലറ ചില്ലറ പരിഷ്കാരങ്ങൾ മാത്രം. സ്റ്റിയറിങ്ങ്, ഡാഷ് ബോർഡ് എന്നിവയിൽ മാത്രം കൈ വെച്ചത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളിൽ പെടുകയുമില്ല. ഡ്രമിന് പകരം ഡിസ്ക് ബ്രേക്ക് പോലും കമ്പനി ഓപ്ഷനലായി കൊണ്ടു വന്നതുമില്ല. എട്ടോളം പേർക്ക് യാത്ര ചെയ്യാമെന്നതും ചെലവ് കുറഞ്ഞ മെയിന്റനെൻസും അത്യാവശ്യത്തിലധികം മൈലേജും ഓമ്‌നിയെ ഇന്ത്യൻ നിരത്തുകളുടെ ഓമനയാക്കി മാറ്റുകയായിരുന്നു എന്നതാണ് വസ്തുത.
ബൂട്ട് ലിഡ് വണ്ടിയുടെ റൂഫ് ടോപ്പോളം പൊക്കത്തിൽ പൊക്കി വെയ്ക്കാൻ പറ്റുന്നതിനാൽ നല്ല മഴയത്ത് കടയോട്/ വീടിനോട് ചേർത്ത് നിർത്തി സാധനങ്ങളിറക്കിയാലും നനയില്ല എന്ന് തമാശ രൂപേണ പറയാറുണ്ട്. എട്ട് സീറ്റർ കൂടാതെ 5 സീറ്റർ കോൺഫിഗറേഷനോടെയും കാർഗോ പതിപ്പിലും ഓമ്നി ലഭ്യമായിരുന്നു. 3 പോയൻ്റ് ഇ.എൽ.ആർ ( Emergency Locking Retractor) സീറ്റ് ബെൽറ്റ് അല്ലാതെ മറ്റ് യാതൊരു സേഫ്റ്റി ഫീച്ചറും ഉണ്ടായിരുന്നില്ല. ഏതാണ്ട് രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ പ്രൈസ് റെയ്ഞ്ചിൽ 36 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റിയിൽ ഏകദേശം 14-15 വരെ മൈലേജ് സഹിതം (പെർലിറ്റർ പെട്രോൾ) ഇത്രയും ഉപകാരപ്രദമായ വാഹനം അക്കാലത്ത് എന്നല്ല ഒരു കാലത്തും വന്നിട്ടില്ല എന്നത് ഒട്ടും അതിശയോക്തിയല്ല താനും. എ പില്ലർ ഉൾപ്പെടെ നേരിയ ഭാഗമായതിനാൽ നല്ല ക്ലിയർ വിസിബിലിറ്റി ഓമ്നി ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്നുണ്ട്. ഈ ഒരു പെട്ടി ഷെയ്പ്പ് ബോഡി ആയതിനാൽ സ്പീഡ് കംഫർട്ട് സോൺ 60-70 കി.മീറ്ററാണ്. അതിനു മുകളിലേക്ക് കയറുന്തോറും വണ്ടിക്ക് മേലുള്ള കൺട്രോൾ കുറയുന്നുണ്ട് എന്നതും ഓടിച്ചു നോക്കിയാൽ മനസ്സിലാവും.
മറ്റൊരു കൗതുകം ഈ വണ്ടിയുടെ ടയർ പൊസിഷനാണ്. നമ്മൾ ഡ്രൈവ് ചെയ്യാൻ ഇരിക്കുന്നതിൻ്റെ തൊട്ടുതാഴെയാണ് ടയറുകൾ വരുന്നത്. കാറിലൊക്കെ സ്റ്റിയറിങ്ങിന് കുറച്ചു മുന്നിലാണല്ലോ ഫ്രണ്ട് ടയറുകൾ സ്ഥിതി ചെയ്യുന്നത്.
മലിനീകരണ നിയന്ത്രണ മാനദണ്ഡ നിയമപ്രകാരം 2000ത്തിൽ BS 2 ഓമ്നിയും കളത്തിലെത്തി. 2003-2004 കാലഘട്ടത്തിൽ എൽ.പി.ജി കിറ്റ് (Liquified Petroleum Gas) ഘടിപ്പിച്ച ഓമ്നിയും വന്നു. കുറഞ്ഞ മുടക്കിൽ കുറഞ്ഞ പണച്ചെലവിൽ കൂടുതൽ ഓട്ടത്തിന് ഗ്യാസ് സിലിണ്ടർ ഓമ്നി എന്നത് ഈ വാഹനത്തെ ഏറ്റവും താഴെത്തട്ടിലുള്ള ജനവിഭാഗത്തിന് കൂടി എത്തിപ്പിടിക്കാവുന്ന വിധം ജനകീയരിൽ ജനകീയമായി മാറ്റി. സ്ലൈഡ് ചെയ്യാവുന്ന തരത്തിലുള്ള ഡോറുകൾ ആയതിനാൽ ഏത് കുഞ്ഞിടവഴികളിൽ പോലും നിർത്തി ആളെ കയറ്റിയിറക്കാൻ ഉപകാരപ്രദമാണ്. സ്ലൈഡ് ഡോർ തുറന്നു വെച്ച ഓമ്നിയിൽ കുട്ടിക്കാലത്ത് ഓടിപ്പിടിത്തം കളിച്ചത് രസകരമായ അനുഭൂതിയായിരുന്നു. വേറെ ഒരു വാഹനത്തിലും ഇത്രയും അനായാസമായി ഓടിക്കേറിയിറങ്ങി പുറത്തേക്ക് ചാടാൻ പറ്റില്ല. 35 വർഷത്തോളം നിറഞ്ഞാടി ഒടുവിൽ മിനി ആംബുലൻസായി വരെ ഓടിയ ഓമ്നിയെ കൊണ്ട് അതിന് പറ്റാവുന്നത്ര പണികളെല്ലാം ആളുകൾ ചെയ്യിപ്പിച്ചു. ഇതൊരു ഫാമിലി വാഹനമാണോ. ലഗേജ് കാരിയറാണോ, ആംബുലൻസാണോ, ഗുണ്ടകളുടെ വണ്ടിയാണോ എന്നതെല്ലാം മനോധർമം പോലെയും വാങ്ങിയവന്റെ ആവശ്യങ്ങൾക്കനുസരിച്ചും മാറി മറിഞ്ഞു കൊണ്ടിരുന്നു. 165 എം.എം ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരുന്നു ഈ വാഹനത്തിന്. ഇത് മനസ്സിലാക്കാൻ ഇപ്പോൾ വിപണിയിലുള്ള ചില വാഹനങ്ങളുടെ ജി.സി എത്രയെന്ന് നോക്കാം. മാരുതി സ്വിഫ്റ്റ് -163 എം.എം, ഹ്യുണ്ടായ് i20-170 എം.എം, മാരുതി ആൾട്ടോ800-160 എംഎം, ടൊയോട്ട ഇന്നോവ- 176 എംഎം, ഹോണ്ട സിറ്റി- 165 എം.എം, ഹ്യുണ്ടായ് ക്രറ്റ-190 എം.എം, മാരുതി വാഗൺ ആർ-165 എം.എം എന്നിങ്ങനെയാണ്.
വിവിധോദ്ദേശ്യ വാഹനം എന്നതിന്റെ അക്ഷരാർഥത്തിലുള്ള പര്യായമായിരുന്നു എക്കാലവും ഓമ്നി എന്നതിൽ യാതൊരു തർക്കത്തിനും ഇടമില്ല. ബോളിവുഡിലും കോളിവുഡിലും മോളിവുഡിലുമടക്കം ഇന്ത്യൻ സിനിമയുടെ 1990കൾ മാരുതി ഓമ്നിക്ക് സ്വന്തമാണ്. ഏറ്റവും പ്രിയപ്പെട്ട ' കിഡ്നാപ്പേഴ്സ്' വാൻ പലവിധ ഉപയോഗങ്ങളോടെ ഒരു പവർ സ്റ്റിയറിങ്ങ് പോലുമില്ലാതെ, ആളുകൾക്ക് തന്നെ എങ്ങനെ ഉപയോഗിക്കണമെന്നാണോ ആഗ്രഹം അങ്ങനെ തന്നെയെന്ന മട്ടിൽ ഇന്നും പണിയെടുക്കുന്നു, നിർമാതാക്കൾ പണി നിർത്തിയിട്ടും. എ.സിയുടെ കംപ്രസ്സറിനും കണ്ടൻസറിനും ഇടം കണ്ടെത്താവുന്ന സ്പേസ് ഇല്ലാത്തതിനാൽ തന്നെ ഈ വാഹനം ജനിച്ച വർഷം മുതൽ ഉൽപാദനം അവസാനിപ്പിച്ച വർഷം വരെ എ.സി ഉണ്ടായിരുന്നില്ല എന്നതും ഇന്നത്തെ കാലത്തിരുന്ന് ആലോചിക്കുമ്പോൾ വിചിത്രമാണെന്ന് തോന്നാം. എ.സി യൊക്കെ എല്ലാ വാഹനങ്ങൾക്കും സ്റ്റാൻഡേർഡ് ഫീച്ചറായി മാറിയ കാലത്തിരുന്നു കൊണ്ട് ചിന്തിക്കാതിരുന്നാൽ ഓമ്നി ഒരു കില്ലാടിയാണ്. ഒരു വാഹനം വേഗതയിൽ ഓടിക്കാനുള്ള കോൺഫിഡൻസ് തരുന്നത് അതിന്റെ ബ്രേക്കിങ്ങ് മികവാണെന്നതിൽ തർക്കമില്ല. എ.ബി.എസ്, അഡാസ് ഉൾപ്പടെ അത്രമാത്രം ഫീച്ചറുകൾ ഇന്ന് നിരത്തിലിറക്കുന്ന വാഹനങ്ങളിൽ നിർമാതാക്കൾ നിരത്താറുണ്ട്. അങ്ങനെ നോക്കുമ്പോൾ ഓമ്നി എന്നാൽ എന്താണ്?നാല് ടയർ, സീറ്റുകൾ, സ്റ്റിയറിങ് , ആഡംബരമായി ആകെയുള്ളത് സീറ്റ് ബെൽറ്റ് മാത്രം.
രാജ്യത്ത് നടപ്പിലാക്കിയ പുതിയ സുരക്ഷ മാനദണ്ഡ (Bharat New Vehicles Safety Assessment Program) ചട്ടങ്ങളും നിയമങ്ങളുമാണ് ഓമ്നി എന്ന വാഹനത്തെ 2019ഓടെ വിപണിയിൽ നിന്ന് മാറ്റാൻ നിർമാതാക്കളെ നിർബന്ധിതരാക്കിയത്. 2001-2009 കാലത്ത് വേഴ്സ എന്ന പേരിൽ ഒരു ഫാമിലി വാൻ മാരുതി പുറത്തിറക്കിയെങ്കിലും അത്ര കണ്ട് ഹിറ്റായില്ല. വിലയും കൂടുതലായിരുന്നു. ചേട്ടച്ചാരായ വേഴ്സയുടെ ക്ഷീണം തീർക്കാൻ, ഓമ്നിയുടെ പിൻഗാമിയായി 2010ലാണ് കൂടുതൽ സ്പേസും സംവിധാനങ്ങളുമായി ഈക്കോ എന്ന മോഡൽ മാരുതി പുറത്തിറക്കിയത്. ഏറ്റവും വില കുറഞ്ഞ 5 സീറ്റർ എന്ന പേരിൽ 540 ലീറ്റർ ബൂട്ട്സ്പേസ് സഹിതമായിരുന്നു ഈക്കോയുടെ അവതാരപ്പിറവി. എയർബാഗും ഓമ്നിയെ അപേക്ഷിച്ച് മുന്നിൽ കുറച്ചൂടി ഉന്തി നിൽക്കുന്ന ബോണറ്റും ഉള്ളതിനാൽ ഇച്ചിരി സേഫ്റ്റിയുണ്ടെന്ന് ജാഡക്ക് ചുമ്മാ പറയാം ഈക്കോക്ക്. എന്നാൽ ഓമ്നിയുടെ മൈലേജൊന്നും ഇതിന് പ്രതീക്ഷിക്കണ്ട. ഒരു പെട്രോൾ കുടിയൻ എന്ന് പറഞ്ഞാലും തെറ്റില്ല. ഓമ്നി ഒരു വല്ലാത്ത പഹയൻ ജിന്ന് തന്നെയായിരുന്നു. ഒരു സൗകര്യവുമില്ലാത്ത, സേഫ്റ്റിയു മില്ലാത്ത വാഹനം എത്ര കണ്ട് സൂപ്പർ ഹിറ്റായി എന്നത് വാഹന ചരിത്രത്തിലെ തന്നെ സുപ്രധാന ഏടാണ്. ഓമ്നിയുടെ കാലത്ത് ഓമ്നിയേ സാധാരണക്കാരന് ഉണ്ടായിരുന്നുള്ളൂ, ഈക്കോയുടെ കാലമായപ്പോൾ മറ്റു പല വാഹന നിർമാതാക്കളും സമാന ഡിസൈനിൽ വാഹനമിറക്കിയെന്നത് മറ്റൊരു കാര്യം.
മാരുതി സുസുക്കി പുറത്തിറക്കിയതിൽ വിൽപ്പനയുടെ ഗ്രാഫിൽ മുൻനിരയിൽ നിന്ന ആദ്യ അഞ്ച് മോഡലുകളിലൊന്ന് ഓമ്നിയായിരുന്നു ഒരു കാലത്ത്.
(ആൾട്ടോ- 31.7 ലക്ഷം യൂനിറ്റ്,
മാരുതി 800- 29.1 ലക്ഷം
വാഗൺ ആർ.- 21.3 ലക്ഷം
ഓമ്നി- 19.4 ലക്ഷം
സ്വിഫ്റ്റ്- 19.4 ലക്ഷം യൂനിറ്റ്).
'ഒറ്റയാൾ പട്ടാളം' എന്ന മലയാളം സിനിമയിൽ വില്ലൻമാർ സഞ്ചരിക്കുന്ന ഓമ്നി നിർണായക സമയത്ത് സ്റ്റാർട്ടാകാൻ മടിക്കുന്ന സീൻ ഓർമയില്ലേ? നിരാശയോടെ ഡ്രൈവർ വീണ്ടും വീണ്ടും ട്രൈ ചെയ്യുന്നതും കൂടെയുള്ളവർ പരിഹസിച്ച് ചിരിക്കുന്നതും ഒടുവിൽ ദേഷ്യം പിടിച്ച് സ്റ്റിയറിങ്ങിൽ ഒരിടി കൊടുക്കുന്നതും ഞൊടിയിടയിൽ വണ്ടി സ്റ്റാർട്ടാകുന്നതുമായ രംഗം ഓമ്നിയെ കളിയാക്കിയതാണോ അതിന്റെ മികവ് കാണിക്കാനാണോ എന്നറിഞ്ഞുകൂടാ. മറ്റൊന്ന് ഇതൊരു റിയർ വീൽ ഡ്രൈവ് വാഹനമാണെന്നതാണ്.
പവറെടുക്കുന്നതെല്ലാം പുറകിൽ നിന്നാണ്. അതുകൊണ്ട് തന്നെ മാരുതി 800 പോലെ സമാന എൻജിനുള്ള വാഹനത്തേക്കാൾ പവർ ഫുള്ളായി ഫീൽ ചെയ്യും. എന്നിരുന്നാലും ഒരു തുള്ളലും ഓവർ ടേക്കിൽ ലാഗും ഉള്ളതായി ഇത് ഓടിച്ചവർക്ക് മനസിലാകും. സീറ്റിനടിയിലാണ് എൻജിനെന്നതിനാൽ ലോങ്ങ് യാത്രയിൽ ചൂടിങ്ങനെ അടിച്ചു കേറി മൂടകം "ശ് ശ്ശൂ" പരുവമാക്കുന്ന അവസ്ഥ വലിയ പോരായ്മയായിരുന്നു. തണുപ്പിക്കാമെന്ന് വെച്ചാൽ എ.സി യൊട്ട് ഇല്ല താനും. സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള ആ ശബ്ദം പ്രത്യേക ഫീൽ തന്നെയാണ്. പിന്നെ ആ വിഖ്യാത വിറയലും ഉലച്ചിലും ഓടുമ്പോഴൊക്കെ കൂടെ കാണും. ഗിയർ ഷിഫ്റ്റ് ഒന്നും ഒട്ടും സ്മൂത്തല്ല. വിൻഡ് സ്ക്രീൻ മങ്ങുകയോ അഴുക്കാവുകയോ ചെയ്താൽ സ്പ്രേ ചെയ്യാവുന്ന സംവിധാനം അക്കാലത്തേ ഓമ്നിയിലുണ്ടായിരുന്നു. പുതുതലമുറ വാഹനങ്ങളിലേതുപോലെ സ്പ്രേയിങ്ങിനൊപ്പമല്ല വാഷിങ്ങെന്ന് മാത്രം. "Every time i see a Maruti Omni van running on the road, I feel someone has been kidnapped" 1990കളിൽ ജനിച്ചവരുടെ ഓർമകളെ ത്രസിപ്പിച്ചു നിർത്തിയ ഡയലോഗാണ് ഇപ്പോ നിങ്ങൾ വായിച്ചു കഴിഞ്ഞത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് വണ്ടി വരയ്ക്കുമ്പോൾ ആദ്യം ഒരു ചതുരപ്പെട്ടി, താഴെ രണ്ട് വട്ടപൂജ്യം, പുറകിൽ ഒരു പുകക്കുഴൽ: വര തീർന്നു, ഓമ്നി റെഡി. അത്ര സിംപിൾ രൂപമായിരുന്നു, എത് കൊച്ചുകുട്ടിക്കും വരയ്ക്കാൻ പറ്റുന്ന ഡിസൈൻ.
A big small car എന്ന ടാഗ് ലൈനിൽ എത്തി വിപണി കീഴടക്കിയ ഓമ്നി പോലെയുള്ള മറ്റു വാഹനങ്ങൾ ( ടൂവീലർ, ത്രീ വീലർ, ഫോർ വീലർ) ഓർമയിൽ വരുന്നവർ കമൻ്റ് ബോക്സിൽ കം ഓൺ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.