'എൽ.എം.വി എന്നാൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെന്ന് അറിയാത്തവരും ഉണ്ട്; പരിഹാരം കാണണം'
text_fieldsവിദേശത്തെ ഡ്രൈവിങ് അനുഭവങ്ങൾ പങ്കുവച്ച് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും ബ്ലോഗറുമായ മുരളി തുമ്മാരുകുടി. സമൂഹമാധ്യമത്തിലാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്. ജർമ്മനിയിൽ താമസിക്കുന്ന അദ്ദേഹം അവിടെ ഡ്രൈവിങ് ലൈസൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ ദുരനുഭവങ്ങളാണ് പോസ്റ്റിൽ വിവരിച്ചിരിക്കുന്നത്.
ജർമ്മനിയിൽ വണ്ടി ഓടിക്കണമെങ്കിൽ ജർമ്മൻ ലൈസൻസ് വേണമെന്നും ഡിപ്ലോമാറ്റ് ആയതിനാൽ പക്ഷെ നാട്ടിലെ ലൈസൻസ് കൊടുത്താൽ ഇവിടുത്തെ ലൈസൻസ് മാറിക്കിട്ടുമെന്നും മുരളി തുമ്മാരുകുടി പറയുന്നു. 'നാട്ടിലെ ലൈസൻസ് കൊടുത്തപ്പോൾ ആണ് പ്രശ്നം. ലൈസൻസിൽ ഏതു വാഹനം ആണ് ഓടിക്കാൻ അനുവദിച്ചിട്ടുള്ളതെന്ന് എഴുതിയിട്ടുള്ളത് എൽ.എം.വി എന്നാണ്. ഇത് ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെന്നും കാർ അത്തരത്തിൽ ഒരു ലൈറ്റ് മോട്ടോർ വെഹിക്കിൾ ആണെന്നും നിങ്ങൾക്കും എനിക്കും അറിയാം, പക്ഷെ ജർമ്മനിയിലെ സർക്കാർ സംവിധാനത്തിന് മനസ്സിലാകുന്ന ഭാഷയല്ല. ഇക്കാര്യം നമ്മുടെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് ഒന്ന് ശ്രദ്ധിക്കണം. വിദേശങ്ങളിൽ ഉപയോഗിക്കുന്ന കോഡുകൾ നമ്മുടെ ലൈസൻസിലും കൊണ്ടുവരാൻ നോക്കണം' അദ്ദേഹം കുറിച്ചു.
'ജർമ്മനിയിൽ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഓഫീസ് ഉണ്ട്. നമ്മുടെ ലൈസൻസ്, ബർത്ത് സർട്ടിഫിക്കറ്റ്, അക്കാദമിക്ക് സർട്ടിഫിക്കറ്റ് ഒക്കെ ഏത് ഭാഷയിൽ, ഏത് ഗ്രേഡിൽ ഒക്കെ ആണെങ്കിലും അവിടെ കൊണ്ട് കൊടുത്താൽ അതിൻ്റെ ജർമ്മൻ പരിഭാഷയും തുല്യതയും എഴുതി തരും. ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ അത് അംഗീകരിക്കുകയും ചെയ്യും. ഇത്തരത്തിൽ ഒരു സ്ഥാപനം നമുക്കും വേണം. നാട്ടിൽ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം ഉണ്ടെങ്കിൽ പോലും തുല്യത സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ നമ്മൾ സമയം ചിലവാക്കണം. ഇതൊക്കെ ഒന്ന് ഏകോപിപ്പിച്ച് ഓട്ടോമേറ്റ് ചെയ്താൽ ഏറെ സമയം ലാഭിക്കാം'-തുടർന്ന് അദ്ദേഹം എഴുതുന്നു.