
േഗ്ലാസ്റ്റർ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ച് എം.ജി; എതിരാളികളുടെ ചങ്കിടിപ്പേറും
text_fieldsമോറിസ് ഗാരേജ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന പുത്തൻ എസ്.യു.വി ഗ്ലോസ്റ്റർ ഒക്ടോബർ എട്ടിന് പുറത്തിറക്കും. എം.ജിയുടെ ഫ്ലാഗ്ഷിപ്പ് മോഡലാണ് േഗ്ലാസ്റ്റർ. ടൊേയാട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, മഹീന്ദ്ര അൾടുറാസ് 4ജി തുടങ്ങിയവയോടാകും ഇൗ കരുത്തൻ ഏറ്റുമുട്ടുക.
എം.ജി ഗ്ലോസ്റ്ററിെൻറ ബുക്കിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഒാൺലൈനായോ ഷോറൂമുകൾ വഴിയോ ഒരു ലക്ഷം രൂപ നൽകി ആവശ്യക്കാർക്ക് വാഹനം ബുക്ക് ചെയ്യാം. നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ് വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ് വേരിയൻറുകൾ. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ടാകും. ഏകദേശം 40 ലക്ഷമാണ് വില പ്രതീക്ഷിക്കുന്നത്.
2.0 ലിറ്റർ എഞ്ചിൻ
രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഗ്ലോസ്റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്.പി കരുത്തും 375 എൻ.എം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. രണ്ടാമത്തേത് 218 എച്ച്.പിയും 480 എൻ.എം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂനിറ്റാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്.
ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്ത് കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ് ഉണ്ടാകില്ല.
വേരിയൻറുകൾ
കമ്പനി വെബ്സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ ആറ് സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടിലാകും വരിക. ഷാർപ്പിൽ ആറ്, ഏഴ് സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇ.എസ്.പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും.
സൗകര്യങ്ങൾ
ചൈനീസ് കമ്പനികളുടെ പ്രത്യേകതയായ എക്യുപ്മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർടെക്, പനോരമിക് സൺറൂഫ്, പേവർഡ് ആൻറ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവുമായാണ് വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പേവർഡ് ടെയിൽഗേറ്റ്, എൽ.ഇ.ഡി ഹെഡ്ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമി ഓട്ടോണമസ് വാഹനം
സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്റ്ററിലുണ്ട്. ഫോർഡ് എൻഡവർ പോലുള്ള എതിരാളികളിൽ ഹാൻഡ് ഫ്രീ പാർകിങ് അവതരിപ്പിക്കുമ്പോൾ ലൈൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്.
