
പൃഥ്വിരാജിന് പിറന്നാൾ സമ്മാനമായി കിടിലൻ കാർ നൽകി ഭാര്യ സുപ്രിയ
text_fieldsനടനും സംവിധായകനുമായ പൃഥ്വിരാജിന് അപ്രതീക്ഷിത പിറന്നാൾ സമ്മാനവുമായി ഭാര്യ സുപ്രിയ. മിനി കൂപ്പറിെൻറ പെർഫോമൻസ് വാഹനമായ ജെ.സി.ഡബ്ല്യു അഥവാ ജോൺ കൂപ്പർ വർക്സ് ആണ് സുപ്രിയ പൃഥ്വിരാജിന് സമ്മാനിച്ചത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം മിനിയിൽ നിന്നാണ് വാഹനം വാങ്ങിയത്. ഇരുവരും ചേർന്ന് വാഹനം ഷോറൂമിലെത്തി സ്വീകരിക്കുന്നതിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മിനി ജോൺ കൂപ്പർ വർക്സ് പതിപ്പ് 2019 ലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മിനി കൂപ്പർ മോഡലുകൾക്കായുള്ള യുകെയിലെ ഒരു ട്യൂണിങ് ഹൗസാണ് ജെ.സി.ഡബ്ല്യു. റിബൽ ഗ്രീൻ നിറത്തിലുള്ള സ്പോർട്ടി ലുക്കുള്ള കാറിന് റെഡ് ഹൈലൈറ്റുകൾ ലഭിക്കും. 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. എഞ്ചിൻ 234 പിഎസും 320 എൻഎം ടോർക്കും സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. കാറിെൻറ മൊത്തത്തിലുള്ള ഡിസൈൻ സാധാരണ മിനി കൂപ്പർ എസിന് സമാനമാണ്.
എഞ്ചിൻ കൂടുതൽ കരുത്ത് സൃഷ്ടിക്കുന്നതിനാൽ, കാറിന് അഡാപ്റ്റീവ് സസ്പെൻഷനും മുൻ ബമ്പറിലെ എയർവെൻറുകളും വലിയ ഡിസ്ക് ബ്രേക്കുകളും ലഭിക്കും. 6.1 സെക്കൻഡിൽ കാറിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സ്‌ക്രീൻ, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ഹാർമൻ കാർഡൺ സ്പീക്കർ സിസ്റ്റം, ജെസിഡബ്ല്യു കസ്റ്റം സ്പോർട്സ് സീറ്റുകൾ തുടങ്ങിയ ഉള്ളിലുണ്ട്. രാജ്യത്ത് ലഭ്യമായ മിനിയുടെ ഏറ്റവും ചെലവേറിയ പെർഫോമൻസ് ഹാച്ച്ബാക്കാണ് ജെ.ഡബ്ല്യു.സി. വില ഏകദേശം 45.50 ലക്ഷം രൂപയാണ്.