Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightലാൻഡ്റോവറിന്‍റെ...

ലാൻഡ്റോവറിന്‍റെ പാരമ്പര്യപ്പെരുമയിൽ കണ്ണിയായി ആസിഫ് അലിയും; ഡിഫൻഡർ സ്വന്തമാക്കി നടൻ

text_fields
bookmark_border
ലാൻഡ്റോവറിന്‍റെ പാരമ്പര്യപ്പെരുമയിൽ കണ്ണിയായി ആസിഫ് അലിയും; ഡിഫൻഡർ സ്വന്തമാക്കി നടൻ
cancel

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക എസ്.യു.വി മോഡലായ ഡിഫന്‍ഡര്‍ സ്വന്തമാക്കി നടൻ ആസിഫ് അലി. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 പതിപ്പാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയത്. 1.35 കോടി എക്‌സ്‌ഷോറൂം വിലയുള്ള വാഹനം കൊച്ചിയിലെ ഷോറൂമിൽ കുടുംബ സമേതം എത്തിയാണ് അദ്ദേഹം സ്വന്തമാക്കിയത്. നടന്മാരായ ജോജു ജോർജ്, ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ തുടങ്ങി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻവരെ ഡിഫർഡർ ഗ്യാരേജിലെത്തിച്ച പ്രമുഖരാണ്.

ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്‌സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡര്‍ ഒരുങ്ങിയിരിക്കുന്നത്. ബെയ്‌സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ എസ്.യു.വി. വിപണിയില്‍ എത്തുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസിലും ഐതിഹാസിക മോഡലിലെ ബോക്സി രൂപം നിലനിര്‍ത്തിയിട്ടുള്ളതും സവിശേഷതയാണ്.

ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത് മൂന്നു ലീറ്റർ ഡീസൽ എൻജിനാണ്. 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ 110-ന് സാധിക്കും.


പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ കേമനാക്കുന്നതില്‍ പ്രധാനം. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്‌ഡേറ്റ്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്.

ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നാണ് ഡിഫൻഡർ. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2019 ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. ‌‌ഒറിജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. കുറഞ്ഞ ഫ്രണ്ട്, റിയർ ഓവർഹാങ് ആണു പുതിയ ഡിഫൻഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകൾ ലഭ്യമാക്കുകയും വാഹനത്തെ ഓഫ്റോഡിങ് സാഹചര്യങ്ങൾക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു.


291 മി.മീ. ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 900 മി.മീ. വരെ വെള്ളത്തിലൂടെ പോകാനുമാകും. 3 ലീറ്റർ ഡീസൽ എൻജിൻ മോ‍ഡൽ കൂടാതെ മൂന്നു ലീറ്റർ പെട്രോൾ എൻജിൻ മോഡലും വാഹനത്തിനുണ്ട്. 400 ബിഎച്ച്പി കരുത്ത് നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ്.

മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. പക്വമാർന്ന വേഷങ്ങളിലൂടെ മലയാളസിനിമയിൽ സജീവമാവുകയാണ് ആസിഫ്. സിബി മലയിൽ സംവിധാനം ചെയ്ത 'കൊത്ത്' ആണ് ഒടുവിൽ റിലീസിനെത്തിയ ആസിഫ് ചിത്രം. കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ കൊത്ത് മികച്ച പ്രതികരണമാണ് നേടുന്നത്.

Show Full Article
TAGS:Asif Ali Land Rover Defender actor 
News Summary - Malayalam actor Asif Ali takes delivery of his new Land Rover Defender 110
Next Story