സർവീസിനുകൊടുത്ത പുത്തൻ സ്കോർപിയോയുമായി കറക്കം; ലൊക്കേഷനും ട്രിപ്പ് ഹിസ്റ്ററിയും വച്ച് കയ്യോടെ പൊക്കി ഉടമ
text_fieldsസർവ്വീസിന് നൽകിയ മഹീന്ദ്രയുടെ പുത്തൻ എസ്.യു.വിയായ സ്കോർപിയോ എൻ സർവീസ് സെന്റർ ജീവനക്കാർ റൈഡിന് കൊണ്ടുപോയതായി ഉടമ. അശ്വിൻ സി തകിയാർ എന്നയാളാണ് തന്റെ യൂട്യൂബ് ചാനലിൽ ഇതുമായി ബന്ധപ്പെട്ട വിഡിയോ അപ്‌ലോഡ് ചെയ്തത്. തന്റെ പുതിയ സ്‌കോർപിയോ എൻ എസ്.യു.വിയുടെ എഞ്ചിൻ വയറിങ് ഹാർനെസ് കത്തിനശിച്ചതിനെ തുടർന്നാണ് ഡൽഹിയിലെ മഹീന്ദ്ര സർവീസ് സെന്ററിൽ വണ്ടി എത്തിച്ചതെന്ന് ഇദ്ദേഹം പറയുന്നു. തകരാർ പരിഹരിക്കുന്നതിനായി രണ്ട് ദിവസത്തേക്ക് ഡീലർഷിപ്പിൽ സൂക്ഷിച്ച വണ്ടിയെടുത്ത് സർവീസ് സെന്ററിലെ ജീവനക്കാർ കറങ്ങിയെന്നും ഉടമ ആരോപിക്കുന്നു.
സർവീസിന് കൊടുത്ത സ്കോർപിയോ എൻ നിരത്തിലൂടെ പോകുന്നത് കണ്ട് വ്ലോഗറിന്റെ പിതാവ് അദ്ദേഹത്തെ ഫോണിൽ വിളിക്കുകയായിരുന്നു. വണ്ടിയോടിക്കുന്നത് ആരെന്ന് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വണ്ടി സർവീസി സെന്ററിലാണെന്നും ഇതുവരെ കിട്ടിയില്ലെന്നും അറിഞ്ഞതോടെ വ്ലോഗറിന് കാര്യം മനസിലായി.
കണക്‌റ്റഡ് ഫീച്ചറുകളോടെ മഹീന്ദ്ര സ്കോർപിയോ എൻ ഒരുക്കിയിരിക്കുന്നതിനാൽ എസ്.യു.വി എവിടെയെന്ന് കണ്ടെത്താൻ ഉടമയ്ക്ക് അധിക സമയമൊന്നും വേണ്ടിവന്നില്ല. വ്ലോഗർ വാഹനത്തിന്റെ ലൊക്കേഷനും ലാസ്റ്റ് ട്രിപ്പ് ഹിസ്റ്ററിയും പരിശോധിച്ചപ്പോൾ സർവീസ് സെന്ററിൽ നിന്ന് ആരോ എസ്.യു.വി പുറത്തേക്ക് ഓടിച്ചുപോയതായി കണ്ടെത്തി. ഏകദേശം 1 മണിക്കൂർ കൊണ്ട് 28 കിലോമീറ്ററാണ് സർവീസ് സെന്ററിൽ നിന്നും സ്കോർപിയോ ഓടിച്ചുകൊണ്ടുപോയത്.
ഉടമയുടെ ഫോണിലെ അഡ്രിനോക്സ് ആപ്ലിക്കേഷൻ ട്രാവൽ ഹിസ്റ്ററിയും കാർ എടുത്ത സ്ഥലങ്ങളുടെ റൂട്ട് മാപ്പും വ്യക്തമായി കാണിക്കുന്നുണ്ട്. ഉടമ സർവീസ് സെന്ററിലെത്തി ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ജീവനക്കാർ കാർ ഡ്രൈവ് ചെയ്യാനായി പുറത്തുകൊണ്ടുപോയതായി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ മഹീന്ദ്രക്ക് പരാതി നൽകുമെന്നാണ് വ്ലോഗർ പറയുന്നത്.