പുത്തൻ സ്കോർപ്പിയോയുടെ സൺറൂഫ് ചോർന്നൊലിച്ചു; വിഡിയോ വൈറൽ
text_fieldsശ്രദ്ധിച്ചില്ലെങ്കിൽ സൺറൂഫുകൾ പണിതരും എന്ന് ഓർമപ്പെടുത്തുന്ന വിഡിയോ വൈറൽ. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. വെള്ളച്ചാട്ടത്തിനടിയില്‍ പാര്‍ക്ക് ചെയ്ത മഹീന്ദ്ര സ്‌കോര്‍പിയോ എൻ എസ്.യു.വിയുടെ സണ്‍റൂഫ് ചോര്‍ന്ന സംഭവമാണ് പ്രചരിക്കുന്നത്.
വെള്ളച്ചാട്ടത്തിൽ സ്കോർപ്പിയോ കഴുകാം എന്ന് കരുതിയാണ് യുവാക്കൾ വാഹനം പാർക്ക് ചെയ്തത്. ശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ സൺറൂഫ് ചോരുകയായിരുന്നു. സൺറൂഫിൽ മാത്രമല്ല ടോപ്പിലെ സ്പീക്കറുകളിലും ലൈറ്റിലുമെല്ലാം വെള്ളം കയറിയെന്നാണ് വിഡിയോയിൽ നിന്ന് മനസിലാകുന്നത്. വാഹനത്തിനുള്ളിലേക്ക് വെള്ളം ചോര്‍ന്നാല്‍ റൂഫില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഉപകരണങ്ങൾക്ക് കേടുപാടുകള്‍ സംഭവിക്കാനിടയുണ്ട്. ക്യാബിന്‍ ലാമ്പും റൂഫില്‍ ഘടിപ്പിച്ച സ്പീക്കറുകളുമെല്ലാം കേടാകും. വാഹനത്തിന്റെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഘടകങ്ങളിലേക്ക് വെള്ളം കയറിയാല്‍ നാശനഷ്ടങ്ങള്‍ അവിടെക്കൊണ്ടൊന്നും തീരില്ല.
സൺറൂഫ് ചോരുമോ?
സണ്‍റൂഫ് ഫിറ്റ് ചെയ്യുന്ന സമയത്ത് ചോര്‍ച്ചയില്ലെന്ന് ഉറപ്പാക്കാന്‍ വാട്ടര്‍ ടൈറ്റ്‌നസ് ഗ്ലൂ, റബ്ബര്‍ സീല്‍ എന്നിവ കൃത്യതയോടെ ഉപയോഗിക്കണം. വാഹന നിര്‍മാണ സമയത്ത് ഇത് കൃത്യമായി ഒരുക്കേണ്ടത് അത്യാവശ്യമാണ്. വാഹനം വില്‍പ്പനക്ക് അയയ്ക്കുന്നതിന് മുമ്പ് ചോര്‍ച്ചകള്‍ തിരിച്ചറിയുന്നതിനും ഉണ്ടെങ്കില്‍ തന്നെ അവ പരിഹരിക്കുന്നതിനും പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്. ഇതൊക്കെ ചെയ്താലും അതിശക്തമായ വെള്ളത്തിന്റെ ഒഴുക്കിൽ സൺറൂഫ് ചോരാൻ ഇടയുണ്ട്.
യാത്രക്കിടെ ഇത്തരം എന്തെങ്കിലും സാഹചര്യം നേരിടേണ്ടി വന്നാല്‍ ഒരു വിദഗ്ധന്റെ സഹായം തേടുന്നതാണ് ഉത്തമം. ക്യാബിനിലേക്ക് വെള്ളം ഒഴുകുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടാകാനും തീപിടുത്തമുണ്ടാകാനുമുള്ള സാധ്യത വര്‍ധിപ്പിക്കും. റൂഫിലൂടെ കാറിനുള്ളിലേക്ക് വെള്ളം ചോരുമ്പോള്‍ അത് നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. അപ്‌ഹോള്‍സ്റ്ററി, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍, മറ്റ് ഭാഗങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിക്കും. വണ്ടിക്കകത്ത് വെള്ളം എത്തിയാല്‍ അത് തുരുമ്പിന് കാരണമാകും.