
വളർത്തുമൃഗങ്ങളുമായി ട്രെയിൻ യാത്ര പോകണോ? ലളിതമായ ഈ നടപടിക്രമങ്ങൾ പാലിച്ചാൽ മതി
text_fieldsയാത്ര പോകുമ്പോൾ നമ്മിൽ പലരേയും അലട്ടുന്ന കാര്യമാണ് വളർത്തുമൃഗങ്ങളുടെ പരിരക്ഷ. നീണ്ട യാത്രകളാെണങ്കിൽ പ്രത്യേകിച്ചുംപെലപ്പോഴും അയൽപക്കത്തോ മറ്റോ ഇവരെ ഏൽപ്പിച്ച് പോകുന്നവരും ഉണ്ട്. യാത്രകളിൽ വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാൻ തീരുമാനിച്ചാൽ അതിനും നമുടെ നാട്ടിൽ ഒരുപാട് പരിമിതികളുണ്ട്. പെറ്റ്-ഫ്രണ്ട്‌ലിയായുള്ള താമസ സ്ഥലം കണ്ടെത്തലും മറ്റും ബുദ്ധിമുട്ടുള്ള കാര്യമാണ്.
എന്നാൽ യാത്രകളിൽ വളർത്തുമൃഗങ്ങളെ കൂട്ടുവാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ നിലപാടാണ് നമ്മുടെ റെയിൽവേക്കുള്ളത്. അടുത്തിടെ സതേൺ റെയിൽവേ പുറത്തിറക്കിയ നിർദ്ദശമനുസരിച്ച് ട്രെയിനിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാനാവും. കൃത്യമായ ബുക്കിംഗോടു കൂടിയെ ഇതിന് സാധ്യമാവുകയുള്ളൂ. വളർത്തുമൃഗങ്ങൾക്കൊപ്പം യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്ക് നടപടികൾ കൂടുതൽ ലളിതമാക്കുകയും ചെയ്തിട്ടുണ്ട് നമ്മുടെ റെയിൽവേ.
വളർത്തുനായകൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിക്കാനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയം അടുത്തിടെ തയാറാക്കിയിരുന്നു. വളർത്തുമൃഗങ്ങളുടെ ബുക്കിങ് അവകാശം ടിടിഇക്ക് നൽകുന്ന കാര്യവും റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.
യാത്രാ ദിവസം പ്ലാറ്റ്‌ഫോമിലെ പാഴ്‌സൽ ബുക്കിങ് കൗണ്ടറുകൾ സന്ദർശിച്ച് മുഴുവൻ കൂപ്പേയും ബുക്ക് ചെയ്‌താൽ വളർത്തുമൃഗങ്ങളുടെ കൂടെ യാത്ര ചെയ്യാം എന്നതായിരുന്നു ഇതുവരെയുള്ള നിയമം. വളർത്തുമൃഗങ്ങളെ എസി ഫസ്റ്റ് ക്ലാസിലോ ഫസ്റ്റ് ക്സാസ് ക്യാബിനിലോ കൂപ്പെയിലൊ അല്ലെങ്കിൽ ലഗേജ് ബുക്കിങിൽ ലഗേജ് കം ബ്രേക്ക് വാനിൽ ട്രെയിൻ മാനേജറുടെയോ ഗൈഡിന്‍റെയോ മേൽനോട്ടത്തില് കൊണ്ടുപോകാം. പക്ഷേ ഇതുമൂലം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകളാണ് ഉണ്ടായിരുന്നത്.
ഇത് കണക്കിലെടുത്താണ് വളർത്തുമൃഗങ്ങൾക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. ഇതിനായി ഐആർസിടിസിയുടെ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ആന, കുതിര, നായ്ക്കൾ, പക്ഷികൾ എന്നിങ്ങനെ എല്ലാ വലിപ്പത്തിലുള്ള മൃഗങ്ങൾക്കും പ്രത്യേകമാണ് നിയമങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് അവരുടെ യാത്രകളിൽ ഉടമകളെ അനുഗമിക്കാനും അവസരമുണ്ട്.
നടപടി ക്രമം
1. ടിക്കറ്റ് ബുക്ക് ചെയ്യുക.
2. ടിക്കറ്റുകളുടെ കോപ്പി എടുത്ത് നിങ്ങൾ ട്രെയിനിൽ കയറുന്ന സ്റ്റേഷനിലെ ചീഫ് റിസർവേഷൻ ഓഫീസർക്ക് ഒരു അപേക്ഷ എഴുതുക.
3. വളർത്തുമൃഗത്തിനുള്ള എല്ലാ വാക്സിനേഷനുകളും പൂർത്തിയാക്കി സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിക്കുക. പുറപ്പെടുന്നതിന് 24-48 മണിക്കൂർ മുമ്പ് ഒരു മൃഗഡോക്ടറിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും വാങ്ങണം.
4. പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂർ മുമ്പ് ക്യാബിൻ സ്ഥിരീകരിച്ച് നിങ്ങൾക്ക് മെസ്സേജ് വരും.
5. സ്റ്റേഷനിലെത്തി പാഴ്സൽ ഓഫീസിൽ പോയി ടിക്കറ്റുകൾ, വാക്സിനേഷൻ കാർഡുകൾ, വളർത്തുമൃഗങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ കാണിക്കുക.
6. എല്ലാ രേഖകളുടെയും ഫോട്ടോകോപ്പികൾ, ടിക്കറ്റ്, ഒരു ഫോട്ടോ ഐഡി എന്നിവ കൈവശം വച്ചിരിക്കണം. തുടർന്ന് പെറ്റ് ബുക്കിങ്ങിനായി ആവശ്യപ്പെടുക. തുടർന്ന് ഭാരം നോക്കി ലഗേജ് ഫീസ് അടയ്ക്കുക.
7. മൃഗങ്ങൾക്കായി ഭക്ഷണം, വെള്ളം തുടങ്ങിയവ കയ്യിൽ കരുതിയിരിക്കണം.
8. പാസഞ്ചർ നെയിം റെക്കോർഡിൽ പേരുള്ള ഒരു യാത്രക്കാരന് ഒരു നായയെ മാത്രമേ ഒപ്പം കൊണ്ടുപോകുവാൻ സാധിക്കൂ.
എന്നാൽ എസി 2 ടയർ, എസി 3 ടയർ, എസി ചെയർ കാർ, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് കംപാർട്ട്‌മെന്റുകളിൽ ഇപ്പോഴും വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ റെയിൽവേ അനുവദിച്ചിട്ടില്ല. യാത്രക്കാരൻ അവരുടെ പെറ്റ്‌സിനായി ടിക്കറ്റ് ബുക്ക് ചെയ്തില്ലെങ്കിൽ, അവരിൽ നിന്ന് കനത്ത പിഴ ഈടാക്കുകയും ചെയ്യും. ടിക്കറ്റ് നിരക്കിന്റെ ആറിരട്ടിയാണ് ടിടിഇ ഇതിനായി ഈടാക്കുന്നത്.