
ഗൂഗിള്‍ മാപ്‌സ് ഇനിമുതൽ 3D യിലും വഴികാണിക്കും; ആദ്യമെത്തുക 15 നഗരങ്ങളിൽ
text_fieldsലോകത്ത് മനുഷ്യർക്ക് ഏറ്റവുംകൂടുതൽ ഉപകാരപ്പെട്ട കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഗൂഗിൾ മാപ്സ്. ഗൂഗിൾ മാപ്സിന്റെ ഉപകാരശത്തപ്പറ്റി അറിയണമെങ്കിൽ അതിന്റെ ഉപയോഗത്തെപ്പറ്റി അറിയണം. ഗൂഗിള്‍ മാപ്സ് പ്രതിദിനം 20 ബില്യണ്‍ കിലോമീറ്റര്‍ ദിശ കാണിക്കുന്നു എന്നാണ് കണക്ക്. മനുഷ്യന്റെ യാത്രകളെ വിമോചിപ്പിച്ചതിൽ വാഹനങ്ങൾപോലെത്തന്നെ പ്രധാന പങ്കുവഹിച്ച് ഒന്നാണ് ഗൂഗിൾ മാപ്സ്.
നിലവിൽ 2Dയിൽ വഴികാണിക്കുന്ന മാപ്സിന്റെ 3D വകഭേദം പുറത്തിറക്കാനൊരുങ്ങുകയാണ് ഗൂഗിൾ. ലൈവ് 3D യിലാവും ഇനിമുതൽ മാപ്സ് വഴികാട്ടുക. ലോകമെമ്പാടുമുള്ള 15 നഗരങ്ങളിലാവും ആദ്യം ഈ സൗകര്യം ലഭ്യമാവുക. ‘ഇമ്മേഴ്‌സീവ് വ്യൂ ഫോർ റൂട്ട്സ്’ എന്നാണ് കമ്പനി പുതിയ അപ്ഡേഷനെ വിളിക്കുന്നത്. പരിഷ്കരിച്ച ഗൂഗിൾ മാപ്‌സിൽ ട്രാഫിക് സിമുലേഷൻ, ബൈക്ക് പാതകൾ, സങ്കീർണ്ണമായ കവലകൾ, പാർക്കിങ് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.
ആംസ്റ്റർഡാം, ബെർലിൻ, ഡബ്ലിൻ, ഫ്ലോറൻസ്, ലാസ് വെഗാസ്, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്, പാരീസ്, സാൻ ഫ്രാൻസിസ്കോ, സാൻ ജോസ്, സിയാറ്റിൽ, ടോക്കിയോ, വെനീസ് തുടങ്ങിയ നഗരങ്ങളിലാവും ആദ്യഘട്ടത്തിൽ 3D സൗകര്യം ലഭ്യമാവുക. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് സേവനം ലഭിക്കകും. വാഹനമോടിക്കുമ്പോൾ നാവിഗേഷനും ഈ സൗകര്യം ഉപയോഗിക്കാം.
ഗൂഗിള്‍ മാപ്‌സിലുള്ള കോടിക്കണക്കിന് ഏരിയല്‍ ചിത്രങ്ങളും സ്ട്രീറ്റ് വ്യൂസും ഉപയോഗിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഒരു നഗരത്തിന്റെ ഡിജിറ്റല്‍ മോഡല്‍ സൃഷ്ടിക്കുന്നത്. ഡ്രൈവിങിനിടെ നാവിഗേഷനും ത്രിമാന അനുഭവം ലഭ്യമാകും. ഗൂഗിള്‍ മാപ് അപ്‌ഡേറ്റില്‍ ഒരാള്‍ തന്റെ ലക്ഷ്യസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ യാത്രയ്ക്കിടയില്‍ റോഡിലെ ലൈവ് ട്രാഫിക് അപ്ഡേറ്റ്, ബൈക്ക് പാതകള്‍, നടപ്പാതകള്‍, കവലകള്‍, പാര്‍ക്കിങ് എന്നിവയുടെ മള്‍ട്ടി-ഡൈമന്‍ഷണല്‍ ഇന്റര്‍ഫേസ്ങ്‍ലഭ്യമാകും. യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നതിനായി സഹായിക്കാന്‍ അപ്‌ഡേറ്റഡ് ഗൂഗിള്‍ മാപ്‌സില്‍ കാലാവസ്ഥ പ്രവചന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ബുധനാഴ്ചയാണ് 3D മാപ്സ് പുറത്തിറക്കിയത്. ‘ഈ ഫീച്ചര്‍ ഒരാള്‍ക്ക് എങ്ങനെ സഹായകരമാണെന്ന് മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒരു വലിയ നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുകയാണ്. 200 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്ര. ഇമ്മേഴ്സീവ് വ്യൂ ഫോര്‍ റൂട്‌സ് ഉപയോഗിച്ച് നിങ്ങള്‍ക്ക് മുഴുവന്‍ റൂട്ടും ഒരു 3D മാപ്പായി കാണാന്‍ പറ്റും’-സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ഉടൻ ലഭിക്കില്ല.