Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
najeeb rahman youtber
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightസൈക്കിൾ മുതൽ വിമാനം...

സൈക്കിൾ മുതൽ വിമാനം വരെ; ഇത്​ നജീബിന്‍റെ വാഹന വേട്ട

text_fields
bookmark_border

പണ്ടുകാലത്തെ ജനങ്ങളുടെ പ്രധാന വിനോദമായിരുന്നു മൃഗവേട്ട. കാടും മേടും താണ്ടി അവർ മൃഗങ്ങളെ വേട്ടയാടി. കാലം മാറിയപ്പോൾ മൃഗവേട്ടയും ഇല്ലാതായി. എന്നാൽ, കാലത്തിനനുസരിച്ചുള്ള പുതിയ വേട്ടക്കിറങ്ങിയിരിക്കുകയാണ്​ നജീബ്​ റഹ്​മാൻ എന്ന യൂട്യൂബർ. വാഹനങ്ങളാണ്​​ ഈ വേട്ടക്കാരന്‍റെ പ്രധാന ഇര.

വ്യത്യസ്ത വാഹനങ്ങൾ തേടിപ്പിച്ച്​ നാടുകൾ ചുറ്റുകയാണ്​ ഈ ചെറുപ്പക്കാരൻ. അവ കാഴ്ചകളും അറിവുകളുമായി തന്‍റെ യൂട്യൂബ്​ ചാനലിലൂടെ പ്രേക്ഷകർക്ക്​ മുന്നിലെത്തിക്കുന്നു. Najeeb Rehman KP എന്ന യൂട്യൂബ്​ ചാനലിലെ Car Hunt സീരീസിലൂടെ ഇന്ത്യയിൽ ലഭ്യമല്ലാത്ത വാഹനങ്ങളെ പരിചയപ്പെടുത്തുന്നു ഇദ്ദേഹം.

മൂന്ന് വർഷം മുമ്പാണ്​ നജീബ്​ ചാനൽ ആരംഭിക്കുന്നത്​. 320ന്​ മുകളിൽ വിഡിയോകൾ ഇതുവരെ തന്‍റെ ചാനലിൽ സംപ്രേക്ഷണം ചെയ്തു. സൈക്കിൾ മുതൽ കപ്പലും വിമാനവുമെല്ലാം മലയാളികൾക്ക്​ ഇദ്ദേഹം പരിചയപ്പെടുത്തി. ലളിതവും വ്യത്യസ്തവുമായ അവതരണ ശൈലി നജീബിന്‍റെ ചാനലിനെ ജനപ്രിയമാക്കുന്നു.


കൂടെ ജോലി ചെയ്തിരുന്ന രണ്ട്​ സുഹൃത്തുക്കൾ ചാനൽ ആരംഭിച്ചതും അതിൽനിന്ന്​ വരുമാനം ലഭിച്ചതുമെല്ലാം കണ്ടാണ്​ ഈ മേഖലയിലേക്ക്​ കടന്നുവരുന്നത്​. കൂടാതെ അധ്യാപകനായി ജോലി ചെയ്തതിന്‍റെയും ചെറുപ്പം മുതൽ പ്രസംഗ മത്സരങ്ങളിൽ പ​ങ്കെടുത്തതിന്‍റെയും അനുഭവസമ്പത്ത്​ ഈ 29കാരനുണ്ടായിരുന്നു. വാഹനങ്ങളോടുള്ള അഭിനിവേശം കാരണം ചാനലും ആ വഴിക്ക്​ തന്നെ നീങ്ങാൻ തീരുമാനിച്ചു. നജീബിനെ സംബന്ധിച്ചിടത്തോളം രക്​തത്തിൽ അലിഞ്ഞുചേർന്നതായിരുന്നു വണ്ടിഭ്രാന്ത്​.

കാഴ്ചപ്പാടുകളിലെ വ്യത്യസ്തത

യൂട്യൂബ്​ ചാനൽ ആരംഭിച്ചതോടെ വാഹനങ്ങളെ നോക്കിക്കാണുന്ന രീതിയിൽ വ്യത്യാസം വന്നു. അവയെക്കുറിച്ച്​ കൂടുതൽ മനസ്സിലാക്കുകയും രസകരമായ വസ്തുകൾ കണ്ടെത്തുകയും ചെയ്തു. ഇങ്ങനെയാണ്​ അവ വിഡിയോകളായി മാറിയത്​. വാഹനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായുള്ള അഭിമുഖങ്ങൾ എന്നിവയും ഈ ചാനലിനെ സമ്പന്നമാക്കുന്നു.

വാഹനങ്ങളെ പോലെ തന്നെ ഡ്രൈവിങ്ങും ഏറെ ഹരം നൽകുന്ന കാര്യമാണ്​ നജീബിന്​. ദീർഘദൂര യാത്രകൾ പതിവാണ്​. ഒരിക്കലും മടുക്കാത്ത കാര്യമാണിതെന്ന്​ നജീബ്​ സാക്ഷ്യപ്പെടുത്തുന്നു​. ഡ്രൈവ്​ ചെയ്യുമ്പോൾ വാഹനത്തിന്‍റെ ഓരോ സ്വഭാവവും മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്​. എസ്​.യു.വികളോടും​ ആഡംബര വാഹനങ്ങളോടുമാണ്​ കൂടുതൽ താൽപ്പര്യം. അതിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട വാഹനം വോൾവോ എക്സ്​.സി 90 ആണ്​.

സൈക്കിൾ മുതൽ വിമാനം വരെ

സൈക്കിൾ മുതൽ വിമാനവും കപ്പലും വരെ മലയാളികൾക്ക്​ പരിചയപ്പെടുത്തിയ ചാനലാണിത്​. ഇത്​ തന്നെയാണ്​ ഈ ചാനലി​നെ വ്യത്യസ്തമാക്കുന്നത്​. ഇനി ട്രെയിനിന്‍റെ പ്രവർത്തനം സംബന്ധിച്ച വിഡിയോ ചെയ്യാനുള്ള ശ്രമത്തിലാണ്​ ഈ ചെറുപ്പക്കാരൻ​.

പുതിയ വാഹനങ്ങൾക്ക്​ പുറമെ വണ്ടിപ്രേമികൾ ഒരുപാട്​ കൊതിയോടെ നോക്കിനിന്നിരുന്ന പഴയ വാഹനങ്ങളും നജീബ്​ ചാനലിലൂടെ പരിചയപ്പെടുത്താറുണ്ട്​. ഓരോ വാഹനത്തെയും സംബന്ധിച്ച ചരിത്രം, അവ നിർമിക്കാനുണ്ടായ സാഹചര്യം, അതിന്‍റെ സവിശേഷതകൾ എന്നിവയെല്ലാം വിശദീകരിക്കും​. അതുകൂടാതെ വാഹനത്തിൽ ഒളിഞ്ഞിരിക്കുന്ന വസ്തുതകളും രസകരമായി ഇദ്ദേഹം അവതരിപ്പിക്കുന്നു. ഇത്​ പലർക്കും പുതിയ അറിവാണെന്ന്​ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽനിന്ന്​ വ്യക്​തം. ഒരു മിനിറ്റ്​ ദൈർഘ്യമുള്ള ഇൻഫർമോഷൻ വിഡിയോകളും നജീബ്​ ചെയ്യാറുണ്ട്​. ഇതിൽ പല വിഡിയോകളും ദശലക്ഷം കാഴ്ചകളുമായി മുന്നേറുകയാണ്​.


ചാനൽ ആരംഭിച്ചത്​ മുതലുള്ള നജീബിന്‍റെ ആഗ്രഹമായിരുന്നു വിമാനത്തിന്‍റെ വിഡിയോ ചെയ്യുക എന്നത്​. ഈയൊരു ആഗ്രഹവുമായി പല കമ്പനികളുമായും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. സുരക്ഷ പ്രശ്നങ്ങളാണ്​ ഇവിടെ വില്ലനായത്​. ഈ അവസരത്തിലാണ്​ സുഹൃത്ത്​ സഹായിക്കുന്നത്​.​ തൃശൂരിലെ സതേൺ കോളജ്​ ഓഫ്​ എൻജിനീയറിങ്ങുമായി അദ്ദേഹം ബന്ധപ്പെടുത്തി​. അവിടത്തെ എയറോനോട്ടിക്കൽ എൻജിനീയറിങ്​ വിദ്യാർഥികൾക്ക്​ പഠിക്കാനായി ലൈസൻസുള്ള പ്രൈവറ്റ്​ ജെറ്റുണ്ട്​​.

വിമാനം റിവ്യൂ ചെയ്യുന്നതിന്​ മുമ്പ്​ നല്ലരീതിയിൽ പഠനങ്ങൾ​ നടത്തി​. എയർ ഇന്ത്യയിൽ ജോലി ചെയ്തിരുന്ന ട്രെയിനറിൽനിന്ന്​ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. വിമാനത്തിന്‍റെ പ്രവർത്തനം, അതിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ചു. വിമാനം സ്​റ്റാർട്ട്​ ചെയ്യുന്നത്​ വരെ ഇവിടത്തെ ജീവനക്കാർ കാണിച്ചുകൊടുത്തു. ഇത്തരത്തിലുള്ള ഒരു വിഡിയോ മലയാളത്തിൽ ആദ്യമായിട്ടായിരുന്നു. ഇതുപോലെ ഹെലികോപ്​റ്ററിന്‍റെ പ്രവർത്തന വിഡിയോയും നജീബ്​ ചെയ്തിട്ടുണ്ട്​.

വഴിത്തിരിവായ ടൊയോട്ട വെൽഫെയർ

നജീബിന്‍റെ ചാനലിൽ ടൊയോട്ട വെൽഫെയറിന്‍റെ വിഡിയോ ആണ്​ ഏറ്റവും കൂടുതൽ പേർ കണ്ടത്​. 20 ലക്ഷത്തിന്​ അടുത്ത്​ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. അതുപോലെ വൈറലായതാണ്​ സ്​കോഡ കുഷാക്കിന്‍റെ വിഡിയോ. കുഷാക്കിലെ രഹസ്യമായതും എന്നാൽ രസകരവുമായ വസ്തുതകൾ അവതരിപ്പിച്ചതാണ്​​ ആ വിഡിയോയെ കൂടുതൽ ജനകീയമാക്കിയത്​. ഇതുപോലെ ചാനൽ ആരംഭിച്ചതിന്‍റെ ആദ്യകാലത്ത്​ ചെയ്ത എം.ജി ഹെക്ടർ വിഡിയോയും മറ്റൊരു നാഴികക്കല്ലായിരുന്നു. മറ്റാരും ചെയ്യാത്ത രീതിയിലുള്ള അവതരണം ജനം ഏറ്റെടുത്തു. ഇത്​ ചാനലിന്‍റെ​ മുന്നോട്ടുള്ള പ്രയാണത്തിന്​ വലിയ കരുത്തായി.

കാർ ഹണ്ട്​ സീരീസ്​

ഒരു നൂറ്റാണ്ടിന്​ മുകളിൽ പഴക്കമുണ്ട്​ ഇന്ത്യയിലെ കാർ ചരിത്രത്തിന്​. ബ്രിട്ടീഷുകാരുടെ കാലം മുതൽ കാറുകൾ ഇന്ത്യയിലേക്ക്​ വന്നുതുടങ്ങി. പിന്നീട്​ ഇന്ത്യൻ കമ്പനികൾ സ്വന്തമായി വാഹനങ്ങൾ നിർമാണം ആരംഭിച്ചു. ഇന്ന്​ സ്വദേശികളും വിദേശികളുമായ നിരവധി കമ്പനികളാണ്​ ഓരോ മാസവും പുതിയ വാഹനങ്ങൾ പുറത്തിറക്കുന്നത്​. ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മൾ കാണാത്ത പല വാഹനങ്ങളും രാജ്യത്തിന്‍റെ പുറത്തുണ്ട്​. അവയെക്കുറിച്ച്​ പലരും കേട്ടിട്ടുമുണ്ടാകും. ഇവയെ കൂടുതൽ അടുത്തറിയുക, അത്​ പ്രേക്ഷകരി​ലേക്ക്​ എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്​ നജീബ്​ തന്‍റെ കാർ​ വേട്ടക്ക്​ ഇറങ്ങുന്നത്​.


യു.എ.ഇയിൽനിന്നാണ്​ ഇതിന്​​ തുടക്കമിട്ടത്​. വാഹന​ങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം അതിന്‍റെ രസകരമായ പ്രവർത്തനങ്ങൾ, ആ നാട്ടിലെ വാഹന സംസ്കാരം, വാഹനങ്ങൾ ഉപോയഗിക്കുന്നവരുടെ കൂട്ടായ്മകൾ എന്നിവയും ഈ സീരിസിൽ പ്രതിപാദിക്കുന്നു​. യു.എ.ഇയിൽനിന്ന്​ മാത്രം 33​ വാഹനങ്ങളുടെ വിഡിയോ ചെയ്തു. കൂടാതെ ഈ വാഹനങ്ങൾ ഉപയോഗിച്ച്​ നിരവധി യാത്രകളും നടത്തി. ഫോർഡ്​ ബ്രോൺകോ, ബുഗാട്ടിയുടെ വിവിധ മോഡലുകൾ, ഫെരാറി മോൺസ തുടങ്ങിയ കാറുകളെ ആദ്യമായി മലയാളത്തിൽ പരിചയപ്പെടുത്തി.

മരുഭൂമിയിൽ രക്ഷകരായവർ

ദുബൈയിൽവെച്ച്​ ഷൂട്ടിനിടെ ദുരനുഭവവും നജീബിന്​ ഉണ്ടായിട്ടുണ്ട്​. ഡെസേർട്ട്​ സഫാരിക്കിടെ വാഹനമിടിച്ച്​ രണ്ട്​ കൈയും ഒടിഞ്ഞു. കാലിലും മുറിവേറ്റു. കൂടെയുണ്ടായിരുന്നവർ പൊലീസിൽ വിവരമറിയിച്ചു. അധികൃതർ ഉടൻ തന്നെ പാഞ്ഞെത്തി. ആദ്യമെത്തിയ ആൾ 'നജീബ്​ക്ക, എന്താണ്​ സംഭവിച്ചത്​' എന്ന്​ മലയാളത്തിൽ ചോദിച്ചാണ്​ അടുത്തേക്ക്​ വന്നത്​. തന്‍റെ ചാനൽ കാണുന്ന വ്യക്​തിയായിരുന്നുവത്​. വേദനക്കിടയിലും വലിയ ആശ്വാസം നൽകുന്നതായിരുന്നു ആ വാക്കുകൾ. മറുനാട്ടിൽ അദ്ദേഹത്തിന്‍റെ കരുതലുണ്ടാകുമെന്ന്​ ഉറപ്പിക്കാനായി.

കൂടാതെ ആശുപത്രിയിലുള്ള ജീവനക്കാർക്കും നജീബിനെ അറിയാമായിരുന്നു. ഇത്​ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. യൂട്യൂബ്​ ചാനൽ തന്‍റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളാണ്​ ഇതെന്ന്​ നജീബ്​ വിശ്വസിക്കുന്നു.

നാട്ടിലെത്തി സർജറി കഴിഞ്ഞ് മാസങ്ങൾ വിശ്രമമെടുത്തു​. തുടർന്ന്​ വീണ്ടും യു.എ.ഇയിലേക്ക്​ പറന്നാണ്​ ബാക്കി വാഹനങ്ങളുടെ വിഡിയോകൾ ഷൂട്ട്​ ചെയ്തത്​. കാർ ഹണ്ട്​ മറ്റു രാജ്യങ്ങളിലേക്ക്​ കൂടി വ്യാപിക്കാൻ ഒരുങ്ങുകയാണ് ഈ ചെറുപ്പക്കാരൻ​. ഗൾഫ്​ നാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയെല്ലാം പരിഗണനയിലുണ്ട്​.

മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്​ നജീബ്​. തിരൂർ എസ്​.എസ്​.എം പോളിടെക്നിക്കിൽനിന്ന്​ കമ്പ്യൂട്ടർ എൻജിനീയറിങ്​ പഠിച്ചിറങ്ങി​. ഇവിടെ​ അധ്യാപകനായും പ്രവർത്തിച്ചു. ഖത്തർ ആസ്ഥാനമായുള്ള എം.എൻ.സിയിൽ അനലിസ്​റ്റായി ജോലി ചെയ്തിട്ടുണ്ട്​. ഡിജിറ്റൽ മാർക്കറ്റിങ്​ മേഖലയിലും പ്രവർത്തിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car huntNajeeb Rehman KP
News Summary - From bicycles to airplanes; This is Najeeb's vehicle hunt
Next Story