Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Dont make these mistakes when charging EVs; Battery life can be increased up to 30 percent
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightഇ.വികൾ ചാർജ്...

ഇ.വികൾ ചാർജ് ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ചെയ്യരുത്; ബാറ്ററിയുടെ ആയുസ്സ് 30 ശതമാനംവരെ വർധിപ്പിക്കം

text_fields
bookmark_border

ഇ.വികൾ വാങ്ങുമ്പോൾ നാം അനുഭവിക്കുന്ന പ്രധാനപ്രശ്നം ബാറ്ററി ചാർജും അതുമൂലമുള്ള നൂലാമാലകളുമാണ്. ഒറ്റ ചാർജിൽ ലഭിക്കുന്ന റേഞ്ച്, ചാർജ് ചെയ്യാനെടുക്കുന്ന സമയം, ബാറ്ററിയുടെ ലൈഫ് സ്പാൻ എന്നിവയിലുള്ള ആശങ്കയാണ് ഇ.വി വാങ്ങാൻ ഇപ്പോഴും നമ്മുക്കുള്ള തടസം. യഥാർഥത്തിൽ ഈ കാര്യങ്ങളിൽ അത്രയധികം ആശങ്കപ്പെടേണ്ടതുണ്ടോ​? നമ്മുക്ക് പരിശോധിക്കാം.

ലിഥിയം അയൺ ബാറ്ററി

ഇന്ന് നാം ഉപയോഗിക്കുന്ന വിലയേറിയ ഉപകരണങ്ങളിലെല്ലാം ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററികളാണ്. ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാന പ്രത്യേകത അവയ്ക്ക് കുറഞ്ഞ ഭാരത്തില്‍ കൂടുതല്‍ വൈദ്യുതോര്‍ജം ശേഖരിച്ചുവയ്ക്കാന്‍ കഴിയും എന്നതാണ്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ഭാരം കുറയ്ക്കാന്‍ കഴിയും.

ഇന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ക്യാമറകള്‍ തുടങ്ങി മിക്കവാറും ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ക്കെല്ലാം ഊര്‍ജം നല്‍കാന്‍ ഉപയോഗിക്കുന്നവയാണ് ലിഥിയം അയോണ്‍ ബാറ്ററികള്‍. മാത്രമല്ല, ഇലക്ട്രിക് കാറുകളിലുമെല്ലാം ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്നുണ്ട്. മുമ്പ് റീചാര്‍ജബിള്‍ ബാറ്ററികളായി ഉപയോഗിച്ചിരുന്നത് നിക്കല്‍ കാഡ്മിയം ബാറ്ററികളും നിക്കല്‍ ലോഹ ഹൈഡ്രൈഡ് ബാറ്ററികളും ആയിരുന്നു. പിന്നീടാണ് ഇവയെ പുറന്തള്ളി ലിഥിയം അയോണ്‍ ബാറ്ററികള്‍ രംഗത്തെത്തുന്നത്. നിക്കല്‍ അധിഷ്ഠിത ബാറ്ററികളെ അപേക്ഷിച്ച് ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് താരതമ്യേന വില കൂടുതലാണ്.

ഒരുകിലോ ഭാരമുള്ള ലിഥിയം അയോണ്‍ ബാറ്ററി സംഭരിക്കുന്നത്രയും ഊര്‍ജം സൂക്ഷിക്കാന്‍ ആറുകിലോ ലെഡ് ആസിഡ് ബാറ്ററി വേണ്ടിവരും. ഭാരം കുറയുമ്പോള്‍ ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവ് കുറയുന്നു, കൈകാര്യംചെയ്യാന്‍ കൂടുതല്‍ എളുപ്പമാകുന്നു തുടങ്ങി ഒട്ടേറെ ഗുണങ്ങളുണ്ട്. മാത്രമല്ല, മറ്റ് ബാറ്ററികളെ അപേക്ഷിച്ച് ഉപയോഗിക്കാതിരിക്കുമ്പോഴുള്ള ചാര്‍ജ്നഷ്ടം ഇവയ്ക്ക് തീരെ കുറവാണ്.

നിക്കല്‍ കാഡ്മിയം എന്നീ ഘനലോഹങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ കാര്യമായ മലിനീകരണം ഉണ്ടാക്കുന്നില്ല. നിക്കല്‍ അധിഷ്ഠിത ബാറ്ററികളുടെ മറ്റൊരു പ്രശ്നം മെമ്മറി ആണ്. അതായത് പൂര്‍ണമായും ബാറ്ററി ചാര്‍ജ് കഴിയുന്നതിനു മുമ്പ് വീണ്ടും ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുന്നു. അതുകൊണ്ട് ഇടയ്ക്ക് നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ പൂര്‍ണമായും ഡിസ്ചാർജ് ചെയ്യേണ്ടത് അത്യാവശ്യമായിരുന്നു.

പ്രവർത്തന രീതി

എല്ലാ ബാറ്ററികള്‍ക്കും പ്രധാനമായി മൂന്ന് ഭാഗങ്ങളാണുള്ളത്. വിപരീത ചാര്‍ജുകളുള്ള രണ്ട് ഇലക്ട്രോഡുകള്‍, ഇവയെ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോലൈറ്റ് എന്നിവയാണത്. ഇലക്ട്രോലൈറ്റ് എന്ന ലായനിയില്‍ പോസിറ്റീവ്, നെഗറ്റീവ് ചാര്‍ജുകളുള്ള രണ്ട് ഇലക്ട്രോഡുകള്‍ മുക്കിവച്ചിരിക്കുന്നു. ദ്രാവകരൂപത്തിലുള്ള ലായനികളാണ് കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും ഇപ്പോള്‍ ജെല്‍ രൂപത്തിലും ഖരരൂപത്തിലുമുള്ള പോളിമര്‍ ഇലക്ട്രോലൈറ്റുകളും ഉപയോഗിക്കുന്നുണ്ട്. അതുവഴി ഇലക്ട്രോലൈറ്റ് ചോര്‍ച്ചപോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍കഴിയും.

ലിഥിയം അയോണ്‍ ബാറ്ററികളില്‍ ലിഥിയം കൊബാള്‍ട്ട് ഓക്സൈഡ്, ഗ്രാഫൈറ്റ് എന്നിവ ഇലക്ട്രോഡുകളായും ലിഥിയം സംയുക്തങ്ങളുടെ ലായനികള്‍ ഇലക്ട്രോലൈറ്റ് ആയും ഉപയോഗിക്കുന്നു. രണ്ട് ഇലക്ട്രോഡുകള്‍ക്കിടയിലെ ലിഥിയം അയോണുകളുടെ കൈമാറ്റമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ ലിഥിയം കൊബാള്‍ട്ട് ഓക്സൈഡില്‍നിന്ന് ലിഥിയം അയോണുകള്‍ സ്വതന്ത്രമായി ഇലക്ട്രോലൈറ്റിലൂടെ ഗ്രാഫൈറ്റ് ഇലക്ട്രോഡിലെത്തുന്നു. ഇവ ഗ്രാഫൈറ്റ് ഘടനയ്ക്കുള്ളില്‍ ഉള്ളടക്കംചെയ്യപ്പെടുകയും ഡിസ്ചാര്‍ജ്ചെയ്യുന്ന സമയത്ത് ലിഥിയം കൊബാള്‍ട്ട് ഓക്സൈഡ് ഇലക്ട്രോഡിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടെ കൈമാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണുകളാണ് വൈദ്യുതോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത്.

ബാറ്ററി എങ്ങിനെ ഉപയോഗിക്കാം?

ഒരുപാട് ഗുണങ്ങൾ ഉ​െണ്ടങ്കിലും ലിഥിയം അയൺ ബാറ്ററികൾക്ക് ചില ദോഷങ്ങളും ഉണ്ട്. അതിന് കാരണം അവയുടെ പ്രവർത്തന രീതിയാണ്. ലിഥിയം അയൺ ബാറ്റികൾ ഒരിക്കലും പൂർണമായി ചാർജ് ചെയ്യുകയോ പൂർണമായി ഡിസ്ചാർജ് ചെയ്യാൻ അനുവദിക്കുകയോ ചെയ്യരുത്. ബാറ്ററി 100 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യുന്നത് ബാറ്ററിയുടെ കാര്യക്ഷമത കുറക്കാനുള്ള പ്രധാന കാരണമാണ്.

ഇത്തരം ബാറ്റികൾ ഒരിക്കലും അധികനേരം ചാർജറിൽ കുത്തിയിടരുത്. ബാറ്ററി അതിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ചാര്‍ജ് ചെയ്താല്‍ കാഥോഡ്, ആനോഡ് ഇലക്‌ട്രോഡുകളുടെ ആക്ടീവ് മെറ്റീരിലയലുകള്‍ കുറയും. ഇത് ആത്യന്തികമായി ബാറ്ററിയില്‍ നിന്ന് പുറത്തുവരുന്ന വൈദ്യുതിയുടെ അളവ് കുറയ്ക്കും. ബാറ്ററി ഫുള്‍ കപ്പാസിറ്റിയിലോ ദീര്‍ഘനേരമോ ചാര്‍ജ് ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കും.

എന്താണ് ഉചിതമായ രീതി

ലിഥിയം അയണ്‍ ബാറ്ററികള്‍ 80 ശതമാനത്തില്‍ കൂടാതെയും അതേ സമയം 20 ശതമാനത്തില്‍ കുറയാതെയും ചാർജ് നിലനിര്‍ത്തണം. ഇങ്ങിനെ ചെയ്താല്‍ അവ ദീര്‍ഘകാലം ഉപയോഗിക്കാം. ബാറ്ററിക്കുള്ളിലെ ചാര്‍ജ് ഒരു നിശ്ചിത നിലവാരത്തില്‍ താഴെയാകുമ്പോഴും കൂടുമ്പോഴും മര്‍ദ്ദം ഉണ്ടാകുന്നു. ഇതുമൂലം ബാറ്ററി ശേഷി ക്രമേണ കുറയുന്നു. അതിനാല്‍ ചാര്‍ജ് വളരെ കുറവോ അധികമോ ആകാതെ സൂക്ഷിക്കുന്നതാണ് നല്ലത്.

മറ്റൊരു കാര്യം, ഒരിക്കലും വാഹനം 100 ശതമാനം ചാർജ് ചെയ്യരുത് എന്നല്ല പറഞ്ഞതിന് അർഥം. ഇ്ലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി പാക്ക് ഒരുകൂട്ടം സെല്ലുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഈ സെല്ലുകൾ പല അളവിലാണ് ചാർജ് ചെയ്യുമ്പോൾ നിറയുന്നത്. ഒരു ഇ.വി ബാറ്ററി പാക്കിൽ 100 സെല്ലുകൾ ഉണ്ടെങ്കിൽ ഇവയുടെ എല്ലാം ശരാശരിയാണ് ചാർജിങ് ശതമാനമായി സ്ക്രീനിൽ കാണിക്കുന്നത്.

80 ശതമാനം വാഹനം ചാർജ് ആവുമ്പോൾ ഇതിൽ ചില സെല്ലുകൾ 50ഉം ചിലത് 80ഉം ചിലത് 90ഉം ഒക്കെ ആയിരിക്കും. ഇടയ്ക്ക് ഇവയെല്ലാം 100 ശതമാനം ആക്കുന്നത് ബാറ്ററിയുടെ ആയുസ്സിന് നല്ലതാണ്. ഇതിനായി സ്ലോ ചാർജർ ഉപയോഗിച്ച് മാസത്തിൽ രണ്ടുതവണയെങ്കിലും ഇ.വികൾ പൂർണമായും ചാർജ് ചെയ്യണം. ശ്രദ്ധിക്കേണ്ടത് ഇതിനായി ഫാസ്റ്റ് ചാർജർ ഒരിക്കലും ഉപയോഗിക്കരുത് എന്നതാണ്.

ഫാസ്റ്റ് ചാർജിങ് അത്യാവശ്യത്തിനുമാത്രം

പല വാഹന നിര്‍മാതാക്കളും ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഇ.വിക്കൊപ്പം ഒരു ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വളരെ വേഗത്തില്‍ ബാറ്ററിയില്‍ ചാര്‍ജ് നിറക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. ബാറ്ററി ഏറെക്കാലം ഉപയോഗിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുക.

ചൂടിനെ സൂക്ഷിക്കുക

കാലാവസ്ഥയും ബാറ്ററിയുടെ ആയുസ്സ് നിശ്ചയിക്കുന്ന ഒരു ഘടകമാണ്. കഠിനമായ ചൂടും അതിശൈത്യവും ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കും. അതിനാല്‍ തന്നെ ശൈത്യകാലത്തും കൊടുംവേനലിലും ബാറ്ററി 20 മുതല്‍ 40 ശതമാനം കുറവ് റേഞ്ച് നല്‍കുമെന്ന കാര്യം മനസ്സില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ലിഥിയം അയൺ ബാറ്ററിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമാണ് ചൂട്.

ഇവയുടെ പ്രവര്‍ത്തനക്ഷമത ഊഷ്മാവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. പൂജ്യംമുതല്‍ 45 ഡിഗ്രിവരെയാണ് പൊട്ടിത്തെറിയോ മറ്റ് അപകടങ്ങളോ ഇല്ലാതെ സുരക്ഷിതമായി ഇവ ഉപയോഗിക്കാന്‍കഴിയുന്ന താപനില. ഉയര്‍ന്ന ഊഷ്മാവ് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കാനിടയാക്കും. ബാറ്ററി ചൂടാകുമ്പോള്‍ രാസവസ്തുക്കളുടെ വിഘടനം വേഗത്തിലാകുന്നു. അങ്ങനെ ആയുസ്സ് കുറയുന്നു. അതുപോലെതന്നെ ബാറ്ററി ഫ്രീസറില്‍വച്ച് പൂജ്യം ഡിഗ്രിയില്‍ കൂടുതല്‍ തണുപ്പിക്കുന്നതും നല്ലതല്ല. അന്തരീക്ഷ താപനിലയില്‍ ഈര്‍പ്പംകുറഞ്ഞ സ്ഥലത്ത് ബാറ്ററി സൂക്ഷിക്കുന്നതാണ് ആയുസ്സും പ്രവര്‍ത്തനശേഷിയും നിലനിര്‍ത്താന്‍ നല്ലത്. താരതമ്യേന സുരക്ഷിതമാണ് എങ്കിലും ബാറ്ററിക്കുണ്ടാകുന്ന ചെറിയ കേടുപാടുകള്‍പോലും പൊട്ടിത്തെറിയിലേക്ക് നയിക്കാമെന്നതിനാല്‍ ഇവ ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും സൂക്ഷിക്കേണ്ടതുണ്ട്.

ഇ.വികൾ വെയിലത്ത് അധികം നിർത്തിയിടുന്നതും നല്ലതല്ല. കിയ പോലുള്ള കമ്പനികളുടെ വിലകൂടിയ ഇ.വി കാറുകളിൽ ബാറ്ററി തണുപ്പിക്കാനുള്ള ഫാനുകൾ ഉണ്ട്. വെയിലത്ത് നിർത്തിയിട്ട് വാഹനം ചൂടാവുകയാണെങ്കിൽ ഈ ഫാൻ താനേ ഓണാകും. ഇതിനുള്ള കറണ്ടും ബാറ്ററിയിൽ നിന്നാകും എടുക്കുക. ഇത് ചാർജ് കുറയാനും ബാറ്ററി കൂടുതൽ ചാർജ് ചെയ്യാനും ഇടയാക്കും.

ഒരുപാട് തവണ ചാർജ് ചെയ്യരുത്

ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ചില്ലെങ്കില്‍പ്പോലും അവയിലെ രാസവസ്തുക്കള്‍ വിഘടിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍തന്നെ ഇവയുടെ ആയുസ്സ് കുറവാണ്. എല്ലാ ബാറ്ററിക്കും ഒരു ചാർജിങ് സൈക്കിൾ ഉണ്ടാകും. ഫുൾ ചാർജ് ചെയ്ത് ഡിസ്ചാർജ് ആകുന്നതാണ് ഒരു സർക്കിൾ നിലവാരം അനുസരിച്ച് ഇത് കൂടുകയും കുറയുകയും ചെയ്യും. അതിനാൽത്തന്നെ ബാറ്ററി അധിക തവണ ചാര്‍ജ് ചെയ്യുന്നത് അത്ര നല്ലതല്ല.

ചാർജിങ്ങിന് നിർമാതാവ് നിർദേശിക്കുന്ന യഥാര്‍ഥ വോള്‍ട്ടേജിലുള്ള ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷയ്ക്കും ബാറ്ററിയുടെ ആയുസ്സിനും നല്ലത്. അധികം വോൾട്ടേജുള്ള ചാര്‍ജറുകള്‍ ഉപയോഗിക്കുന്നത് ഓവര്‍ ചാര്‍ജിങ്ങിനും അതുവഴി ബാറ്ററിയുടെ നാശത്തിനും കാരണമാകും. രാത്രി മുഴുവന്‍ ബാറ്ററി ചാര്‍ജ്ചെയ്തിടുന്നത് ഓവര്‍ ചാര്‍ജിങ്ങിനും ബാറ്ററി ചൂടാകാനും ഇടയാക്കുന്നതിനാല്‍ നല്ലതല്ല. എന്നാല്‍ ഇപ്പോള്‍ ഏതാണ്ടെല്ലാ പ്രമുഖ കമ്പനികളും ഓവര്‍ചാര്‍ജിങ് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ ബാറ്ററിയില്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബാറ്ററികള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ നല്ല പരിചരണം ആവശ്യമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ ഒരു ഇവി ഉടമയാണെങ്കില്‍ വണ്ടി വീട്ടില്‍ വെച്ച് ചാര്‍ജ് ചെയ്യുകയാണെങ്കില്‍ സ്ലോ ചാര്‍ജിംഗ് ചാര്‍ജറുകള്‍ ഉപയോഗിച്ച് 80 ശതമാനത്തില്‍ കൂടുതലും എന്നാല്‍ 20 ശതമാനത്തില്‍ കുറയാതെയും ചാര്‍ജ് ചെയ്യാന്‍ ശ്രദ്ധിക്കുക.

ലിഥിയം അയോണ്‍ ബാറ്ററികളുടെ വൈദ്യുതി സംഭരിക്കാനുള്ള കഴിവ്, ചാര്‍ജിങ് ശേഷി, ആയുസ്സ്, സുരക്ഷ എന്നിവയെല്ലാം വര്‍ധിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ടൈറ്റാനിയം ഡയോക്സൈഡ്, വിവിധതരം നാനോകണികകള്‍, കാര്‍ബണ്‍ നാനോട്യൂബ്, ഗ്രാഫീന്‍, ലോഹ ഓക്സൈഡുകള്‍, പോളിമറുകള്‍ എന്നിവയെല്ലാം ഉപയോഗിച്ച് ഗവേഷണങ്ങള്‍ നടക്കുന്നു. പുതിയ സാ​ങ്കേതികവിദ്യ വരുന്നതുവരെ ലിഥിയം അയൺ തന്നെയാകും നമ്മുടെ ഊർജത്തിന്റെ പ്രധാന സ്രോതസ്സായി തുടരുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:battery chargeelectric vehicleautotipslithium ion battery
News Summary - Don't make these mistakes when charging EVs; Battery life can be increased up to 30 percent
Next Story