Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightപരിഷ്‍കരിച്ച സിറ്റി,...

പരിഷ്‍കരിച്ച സിറ്റി, വെർന, സിയാസ് നിരത്തിലേക്ക് ; സെഡാൻ വസന്തം നിലയ്ക്കുന്നില്ല

text_fields
bookmark_border
Can updated Ciaz, Verna and City
cancel

ഒരു കാലത്ത് കാർ എന്നാൽ നമ്മുടെ മുന്നിൽ തെളിഞ്ഞുവരുന്ന രൂപം സെഡാനുകളുടേതായിരുന്നു. നീണ്ട് പരന്ന് ഒഴുകിവരുന്ന രൂപവും യാത്രാസുഖവും ആയിരുന്നു സെഡാനുകളുടെ പ്രത്യേകത. എന്നാൽ കുറച്ചുകാലമായി സെഡാനുകളുടെ ജനപ്രീയത എസ്.യു.വികൾ കവർന്ന് എടുക്കുകയാണ്. എസ്.യു.വി അല്ലെങ്കിൽ പിന്നെ എം.പി.വി എന്നതായി ഉപഭോക്താവിന്റെ സ്വാഭാവിക തിരഞ്ഞെടുപ്പ്.

വരും നാളുകളിൽ ഇന്ത്യൻ മധ്യവർഗത്തിന് ഏറ്റവും പ്രിയങ്കരമായ മൂന്ന് സെഡാനുകൾ പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ് വിവിധ നിർമാതാക്കൾ. ഹ്യൂണ്ടായ് വെർന, മാരുതി സിയാസ്, ഹോണ്ട സിറ്റി എന്നിവയാണവ. നേരത്തേതന്നെ സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗൺ വെർട്ടിസും സെഡാൻ സെഗ്മെന്റിന് വലിയ ഉണർവ്വ് നൽകിയിരുന്നു. അതിനൊപ്പം സെഡാൻ നിരയിലേക്ക് പുതിയ വാഹനങ്ങൾകൂടി എത്തുമ്പോൾ പഴയ പ്രതാപം തിരിച്ചുപിടിക്കാമെന്നാണ് നിർമാതാക്കൾ കരുതുന്നത്.


വെർന

പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിലെ താരമാകാനുറച്ചാണ് ഹ്യുണ്ടായി വെർന പുതിയ അവതാരത്തിൽ പിറവിയെടുക്കുന്നത്. കാറിനായുള്ള ഔദ്യോഗിക ബുക്കിങ് ഹ്യൂണ്ടായ് ആരംഭിച്ചിട്ടുണ്ട്. ഡിസൈനിലെ മാറ്റം തന്നെയാവും ഏറ്റവും ശ്രദ്ധേയം. ബ്രാൻഡിന്റെ പുതിയ 'സെൻസസ് സ്‌പോർട്ടിനെസ്' ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വാഹനം.

വാഹനത്തിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതുതലമുറ വെർനയുടെ രണ്ട് ടീസർ ചിത്രങ്ങളാണ് ഹ്യുണ്ടായി പുറത്തുവിട്ടിരിക്കുന്നത്. ഒന്നിൽ പുതിയ സൈഡ് പ്രൊഫൈലിന്റെയും കൂടുതൽ ആധുനികമായ പിൻഭാഗത്തിന്റെയും സാന്നിധ്യമാണ് കാണിക്കുന്നത്. ആഗോള വിപണിയിലുള്ള എലാൻട്രയിൽ നിന്നും സോനാറ്റയിൽ നിന്നും ഡിസൈൻ പ്രചോദനം നേടിയാണ് പുത്തൻ വെർനയും ഒരുക്കിയിരിക്കുന്നത്.

വശക്കാഴ്ച്ചയിൽ ക്രോമിൽ പൂർത്തിയാക്കിയ വിൻഡോ ലൈനും നോച്ച്ബാക്ക് പോലെയുള്ള റൂഫും വെർനയ്ക്ക് മനോഹരമായ രൂപമാണ് സമ്മാനിക്കുന്നത്. പുതിയ ക്യാരക്‌ടർ ലൈനുകൾ, വലിയ വിൻഡ്‌ഷീൽഡ്, കറുത്ത നിറത്തിലുള്ള പില്ലറുകൾ എന്നിവയ്‌ക്ക് പുറമെ നേർത്ത സ്ട്രിപ്പോടുകൂടിയ കണക്‌റ്റഡ് എൽ.ഇ.ഡി ടെയിൽ ലാമ്പുകളുമുണ്ട്. പിൻ ബമ്പറും പുതിയതായിരിക്കും.

ഇത്തവണ ഡീസൽ എഞ്ചിൻ ഉപേക്ഷിച്ചാവും പുതുതലമുറയിലേക്ക് വെർന ചേക്കേറുന്നത്. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങളാണ് ഡീസൽ പതിപ്പിനെ ഒഴിവാക്കാൻ ഹ്യൂണ്ടായെ പ്രേരിപ്പിച്ചത്. പുതിയ 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ GDI പെട്രോൾ എഞ്ചിൻ വാഹനത്തിൽ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ ടർബോചാർജ്‌ഡ് യൂനിറ്റുള്ള എഞ്ചിൻ 160 ബി.എച്ച്.പി കരുത്തും 253 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂനിറ്റുമായോ എഞ്ചിൻ ജോടിയാക്കും.

1.5 ലിറ്റർ ഫോർ സിലിണ്ടർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തുടർന്നും സൊഡാന്റെ ഭാഗമായി തുടരും. ഈ എഞ്ചിൻ 115 ബി.എച്ച്.പി കരുത്തും 144 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. 1.5 ലിറ്റർ ഇവോ പെട്രോൾ എഞ്ചിനുള്ള ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്കോഡ സ്ലാവിയ എന്നിവരായിരിക്കും വെർനയുടെ പ്രധാന എതിരാളികൾ. സമഗ്രമായി പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡും സെന്റർ കൺസോളും എഡകസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യകൾ അടങ്ങുന്ന ഫീച്ചർ നിരയായിരിക്കും വാഹനത്തിൽ കമ്പനി കൊണ്ടുവരികയെന്നാണ് സൂചന.


സിറ്റി

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഹോണ്ട തങ്ങളുടെ ജനപ്രിയ സെഡാനായ സിറ്റിയുടെ പുതുതലമുറ പുറത്തിറക്കുന്നത്. കോസ്‌മെറ്റിക് മാറ്റങ്ങൾക്കൊപ്പം കൂടുതൽ സവിശേഷതകളുള്ള പുതിയ വേരിയന്റുകളും സിറ്റിക്ക് ലഭിക്കും. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിങ്ങനെ ചെറിയ നവീകരണങ്ങളാവും കാറിന് ലഭിക്കുക.

വെന്റിലേറ്റഡ് സീറ്റുകൾ, എഡാസ്, അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി അധിക ഫീച്ചറുകളും വാഹനത്തതിന് ലഭിക്കും. വേരിയന്റ് ലൈനപ്പ് നവീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ഡീസൽ എഞ്ചിൻ ഒഴിവാക്കിയാവും സിറ്റിയെ ഹോണ്ട അവതരിപ്പിക്കുക. പുതിയ ഹൈബ്രിഡ് പതിപ്പിന്റെ സാന്നിധ്യം സിറ്റിക്ക് ഗുണമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 119 bhp കരുത്തിൽ 145 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് കരുത്തേകുക.


സിയാസ്

സേഫ്റ്റി അപ്‌ഡേറ്റുകളുമായി തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ സിയാസിനെ മാരുതി അവതരിപ്പിക്കുന്നത്. മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അധിക സുരക്ഷാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന പുതിയ സിയാസ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഒപ്പം തന്നെ പുതിയ നെക്‌സ ബ്ലാക്ക് എഡിഷന്‍ സിയാസും പുറത്തിറക്കിയിട്ടുണ്ട്.

സിയാസില്‍ മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP),ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡാകും. ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഗ്രാന്‍ഡ്യൂര്‍ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്‌നിറ്റി ബ്രൗണ്‍ എന്നിവയാണ് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍. പഴയ എഞ്ചിന്‍ തന്നെയാകും ഉപയോഗിക്കുക. 106 bhp പവറും 138 Nm ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ സ്വന്തമാക്കാം. 39,990 രൂപ വിലവരുന്ന ആക്സസറി പായ്ക്ക്, ഇന്റീരിയര്‍ സ്‌റ്റൈലിങ് കിറ്റ് എന്നിവയും വാഹനത്തിന് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VernaCiazCitysedan
News Summary - Can updated Ciaz, Verna and City combine to revive sedans against SUVs?
Next Story