
എന്തൊരു കരുത്ത്?; അപകടത്തിൽപ്പെട്ട പുത്തൻ വെർനയുടെ ചിത്രങ്ങൾ വൈറൽ
text_fieldsഹ്യൂണ്ടായുടെ ബെസ്റ്റ് സെല്ലർ സെഡാനായ വെർന കഴിഞ്ഞ ദിവസമാണ് കമ്പനി പരിഷ്‍കരിച്ച് അവതരിപ്പിച്ചത്. വാഹനപ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരുന്ന മോഡലായിരുന്നു പുതിയ വെർന. വാഹനം നിലവിൽ രാജ്യത്തെ എല്ലാ ഷോറൂമുകളിലേക്കും എത്തിയിട്ടുണ്ട്.
വെർനയുടെ ആദ്യത്തെ അപകടത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഷോറൂമിൽ നിന്ന് പുറത്തിറക്കി ഓടിച്ചുകൊണ്ട് വരുമ്പോഴായിരുന്നു അപകടം. പ്രായപൂർത്തിയാകാത്ത രണ്ടുപേർ റോയൽ എൻഫീൽഡ് ബുളളറ്റിൽ അമിത വേഗത്തിൽ വന്ന് വെർനയുടെ മുൻഭാഗത്തേക്ക് ഇടിക്കുകയായിരുന്നു. വെർന യു ടേൺ എടുത്തു കൊണ്ടിരുന്നപ്പോഴാണ് ഇടിച്ചത്.
ബുളളറ്റ് ഏകദേശം 80 കിലോമീറ്റർ വേഗതിലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബുളളറ്റിൽ സഞ്ചരിച്ചിരുന്നവർ ഹെൽമറ്റും ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ വെർനയുടെ ബംബർ തകർന്നു. ഇടിച്ച ബുളളറ്റിൻ്റെ ഫ്രണ്ട് ഷാസി വളയുകയും നിരവധി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടം സംഭവിച്ചപ്പോൾ ബുളളറ്റിൽ നിന്ന് രണ്ട് പേരും തെറിച്ചു വീഴുകയായിരുന്നു. അവകരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിൽ സഞ്ചരിച്ചിരുന്ന ആർക്കും പരിക്കില്ല.
വെർനയുടെ സുരക്ഷ
ലെവൽ 2 എഡാസ് ഫീച്ചറുമായാണ് പുതിയ വെർന നിരത്തിലെത്തുന്നത്. ഫോർവേഡ് കൊളിഷൻ വാണിങ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിങ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിങ്, സേഫ് എക്സിറ്റ് വാണിങ്, സ്‌റ്റോപ്പ് ആന്റ് ഗോ സ്മാർട്ട് ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ലഭിക്കും.
ഇതിനു പുറമെ ആറ് എയർബാഗുകൾ, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, എബിഎസ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ, കീലെസ് എൻട്രി, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ എന്നീ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിലുണ്ട്. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഫ്രണ്ട് വെന്റിലേറ്റഡ്, ഹീറ്റഡ് സീറ്റുകൾ, പാഡിൽ ഷിഫ്റ്ററുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് ഉള്ള സ്മാർട്ട് കീ, ബോസ് 8-സ്പീക്കർ സൗണ്ട് സിസ്റ്റം, ഇൻ-ബിൽറ്റ് നാവിഗേഷൻ എന്നിവയെല്ലാമാണ് വെർനയുടെ മറ്റ് സവിശേഷതകൾ.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് വലിപ്പമുള്ളതാണ്. ഹോം ടു കാർ അലക്‌സയും ഹിന്ദിയിലും ഇംഗ്ലീഷിലും ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റും ഉൾപ്പെടുന്ന കണക്‌റ്റഡ് കാർ ഫീച്ചറുകളുള്ള ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സിസ്റ്റവും വെർനയിൽ സംയോജിപ്പിച്ചിട്ടുണ്ട്. EX, S, SX, SX(O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് മിഡ്-സൈസ് സെഡാൻ വരുന്നത്. കൂടാതെ തെരഞ്ഞെടുക്കാൻ ധാരാളം കളർ ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്.
1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ എന്നീ എഞ്ചിനുകളുമായാണ് വാഹനം വരുന്നത്. മാനുവൽ, ഡിസിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുണ്ട്. ടർബോ പെട്രോൾ എഞ്ചിൻ 158 bhp കരുത്തിൽ പരമാവധി 253 Nm ടോർക് ഉത്പാദിപ്പിക്കും. 1.5 ലിറ്റർ NA പെട്രോൾ എഞ്ചിൻ 113 bhp പവറിൽ 144 ടോർക് ആണ് നൽകുന്നത്. നാച്ചുറലി ആസ്‌പിറേറ്റഡ് യൂനിറ്റിന്റെ ഗിയർബോക്‌സ് നിരയിൽ മാനുവൽ, സിവിടി യൂനിറ്റുകളാണ് യഥേഷ്‌ടം തെരഞ്ഞെടുക്കാനാവുന്നത്. 10.90 ലക്ഷം രൂപ മുതൽ 17.38 ലക്ഷം രൂപ വരെയാണ് വെർനയുടെ വില.