
പൂജ കഴിഞ്ഞ് 'വാഹനപ്രവേശം'; മോഹൻലാലിന്റെ പുതിയ കാരവാന്റെ വിഡിയോ പുറത്തിറക്കി ആശിർവാദ് സിനിമാസ്
text_fieldsദിവസങ്ങൾക്ക് മുമ്പാണ് നടൻ മോഹൻലാലിന്റെ പുതിയ കാരവാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ബ്രൗൺ നിറത്തിലുള്ള ആഡംബര കാരവാനാണ് താരത്തിനായി നിർമിച്ചത്. ഇഷ്ടനമ്പറായ 2255 ലാണ് കാരവൻ രജിസ്റ്റർ ചെയ്തിരുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു.
കാരവാന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ആശിർവാദ് സിനിമാസാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയും ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. ആവശ്യമുള്ളപ്പോൾ മാത്രം ഉയർന്നു വരുന്ന വലിയ ടിവിയാണുള്ളത്. ഫ്രിഡ്ജും, വാഷ് റൂമും അടക്കം മറ്റു സൗകര്യങ്ങളുമുണ്ട്.
കാരവാൻ മോഹൻലാലിന് കൈമാറിയപ്പോൾ എടുത്ത ചിത്രങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. വാഹത്തിന്റെ വശങ്ങളിൽ വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകൾ നൽകി അലങ്കരിച്ചിട്ടുണ്ട്. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടിപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാൻസ്മിഷൻ.
കേരളത്തിലെ സ്‌പെഷ്യൽ പർപ്പസ് വാഹനങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധേയരായ ഓജസ് ഓട്ടോമൊബൈൽസാണ് ബെൻസിന്റെ ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്.
