
കപ്പലിനൊപ്പം കത്തിയമർന്നത് 1100 പോർഷേ, 189 ബെൻറ്‌ലെ; ഔഡിയും ലംബോർഗിനിയും അടക്കം നശിച്ചു
text_fieldsലിസ്ബൺ: മധ്യഅറ്റ്‌ലാൻറിക് കടലിൽവച്ച് തീപിടിച്ച കപ്പലിൽ ഉണ്ടായിരുന്നത് ആഡംബര കാറുകളുടെ വൻനിര. ഫോക്സ് വാഗൻ ഗ്രൂപ്പിന്റെ വിവിധ ബ്രാൻഡുകളിലെ കാറുകളാണ് കപ്പലിൽ നിറച്ചിരുന്നത്. ജർമനിയിൽ നിന്ന് യു.എസിലേക്ക് പോയ കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽവച്ചാണ് അപകടത്തിൽപ്പെട്ടത്. 1100 പോർഷേ, 189 ബെൻറ്‌ലി എന്നിവകൂടാതെ ഔഡി ലംബോർഗിനി എന്നിവയടക്കം കാറുകൾ 'ഫെസിലിറ്റി ഐസ്' എന്ന കപ്പലിൽ ഉണ്ടായിരുന്നു. 17,000 ടൺ ഭാരം വഹിക്കാൻ സാധിക്കുന്ന കപ്പലിന് നാലായിരം കാറുകൾ വഹിക്കാൻ ശേഷിയുണ്ട്. യാത്രാമധ്യേ തീപിടിച്ചതോടെ 22 ജീവനക്കാരും കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇവർക്കാർക്കും പരിക്കുകളില്ല.
ജീവനക്കാരെ പോർച്ചുഗീസ് നാവികസേന രക്ഷപ്പെടുത്തി. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും നേവി അറിയിച്ചു. പോർച്ചുഗൽ നഗരമായ അസോറസിൽ നിന്നും 90 നോട്ടിക് മൈൽ അകലെയാണ് അപകടമുണ്ടായ സ്ഥലം. നാലായിരത്തോളം കാറുകൾ വഹിക്കാനുള്ള ശേഷി കപ്പലിനുണ്ട്. അതേസമയം, കപ്പലിലെ തീപിടിത്തത്തെ കുറിച്ച് പ്രതികരിക്കാൻ ഉടമകൾ തയാറായിട്ടില്ല. തീ അണയ്ക്കാനായിട്ടില്ലെങ്കിലും കപ്പൽ കെട്ടിവലിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് ഉടമസ്ഥർ.
പനാമയിൽ രജിസ്റ്റർ ചെയ്ത കപ്പൽ ജാപ്പനീസ് ഷിപ്പിങ് ലൈനായ മിത്‌സുയി ഒ.എസ്.കെ ലൈൻസാണ് ഓടിക്കുന്നത്. കപ്പലിൽ തങ്ങളുടെ വാഹനങ്ങളുണ്ടായിരുന്നതായും അവ യുഎസ്സിലേക്കുള്ളതായിരുന്നുവെന്നും വോക്‌സ്‌വാഗൻ സ്ഥിരീകരിച്ചു. ഉപഭോക്താക്കൾക്കും ഡീലർമാർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കപ്പലിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.