Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
100 deaths in 4 months: Highway patrols
cancel
Homechevron_rightHot Wheelschevron_rightOverdrivechevron_rightനാല്​ മാസംകൊണ്ട്​ 100...

നാല്​ മാസംകൊണ്ട്​ 100 പേർ മരിച്ചു; മരണപ്പാതയായി ഇന്ത്യയിലെ ഈ എക്സ്​പ്രസ്സ്​ ഹൈവേ

text_fields
bookmark_border

നല്ല റോഡുകൾ ഏതൊരു രാജ്യത്തിന്‍റേയും വികസനവഴിയിലെ നിർണായക ചുവടുവയ്​പ്പുകളാണ്​. എന്നാൽ ശരിയായ റോഡ്​ സംസ്കാരവും മികച്ച സുരക്ഷയുള്ള വാഹനങ്ങളും ഇല്ലാതെ റോഡ്​ മാത്രം നന്നായാൽ എന്ത്​ സംഭവിക്കും. അതിനുള്ള ഉത്തരമാണ്​ ബെംഗളൂരു-മൈസൂരു അതിവേഗപ്പാത. ഈ വർഷം മാർച്ചിൽ ഉദ്​ഘാടനം ചെയ്ത എക്സ്​​പ്രസ്സ്​വേയിൽ വെറും നാല് മാസംകൊണ്ട്​ അപകടങ്ങളിൽ 100 പേരാണ്​ മരിച്ചത്​.

118 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ വർച്ചുവരുന്ന അപകടങ്ങൾ തടയാൻ, ഓരോ 30 കിലോമീറ്ററിലും ഇന്റർസെപ്റ്ററുകളും ഹൈവേ പട്രോളിംഗും നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു. വാഹനമോടിക്കുന്നവർ അമിതവേഗതയിൽ വാഹനമോടിച്ച് മാരകമായ അപകടങ്ങളിൽ പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി.


‘ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ്‌വേയിൽ കൃത്യമായ സൂചനകളോ മുന്നറിയിപ്പുകളോ ഇല്ലാത്തത്​ വലിയതോതിൽ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്​. മികച്ച റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും സുരക്ഷിതമായ യാത്രയ്ക്കുള്ള സംവിധാനങ്ങളില്ല. കേന്ദ്ര സർക്കാരിൽ നിന്ന് റോഡിന്റെ സുരക്ഷാ ഓഡിറ്റിന് ഞങ്ങൾ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, ഓരോ 30-35 കിലോമീറ്ററിലും ഇന്റർസെപ്റ്ററുകളും ഹൈവേ പട്രോളിംഗും ഏർപ്പെടുത്തും’-മന്ത്രി പറഞ്ഞു.

മലയാളികൾക്ക് വലിയ ആശ്വാസമായിട്ടായിരുന്നു ബെംഗളൂരു-മൈസൂരു ഹൈവേ തുടങ്ങിയത്. ഹൈവേ വന്നത്​ യാത്രാസമയം വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചിരുന്നു. റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ ഇവിടെ വാഹനാപകടങ്ങളുടെ എണ്ണവും വർധിച്ചിരുന്നു.

ജനുവരി മുതല്‍ ജൂണ്‍ വരെ 512 വാഹനാപകടങ്ങളിലായി 123 പേര്‍ മരിച്ചതായാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്കിൽ പറയുന്നത്. മേയിലാണ് എറ്റവും കൂടുതൽ അപകടങ്ങളുണ്ടായിരിക്കുന്നത്. 110 അപകടങ്ങളാണ് മേയിൽ ഉണ്ടായത്. മറ്റൊരു ആശയക്കുഴപ്പം നിലനിൽക്കുന്നത് പാതയിലെ വേഗതയെ കുറിച്ചാണ്. നിലവിൽ 100 കിലോമീറ്ററാണ് വേഗതയെങ്കിലും പല വാഹനങ്ങളും 150 കിലോമീറ്റർ വേഗതയിലാണ് പായുന്നത്.

അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ലെയ്ന്‍ തെറ്റിച്ച് മറികടക്കാന്‍ ശ്രമിക്കുന്നത് അപകടം പെരുകാനുള്ള കാരണങ്ങളിലൊന്നാണ്. വളവുകളില്‍ വേണ്ടത്ര അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. അത് കൊണ്ട് തന്നെ ഒരുപാട് ഗതാഗത നിയമലംഘനങ്ങൾ വ്യാപകമാണ്​. കഴിഞ്ഞ മാസം 44 കേസുകളാണ് ബംഗ്ലൂരു-മൈസൂർ എക്സ്പ്രസ് ഹൈവേയിൽ രജിസ്റ്റർ ചെയ്തത്.

ഇതിനിടയിലും ഹൈവേയിൽ ടോൾ പിരിവ്​ സജീവമാണ്​. ഇവിടെ ഒരു ടോൾ ബൂത്ത് കൂടി തുടങ്ങാൻ പദ്ധതിയുള്ളതായാണ്​ സൂചന. അങ്ങനെ വന്നാൽ കേരളത്തിലേക്കുളള യാത്രയുടെ ചിലവ് വീണ്ടും കൂടും. ശ്രീരംഗപട്ടണയ്ക്കുസമീപം ഗണങ്കൂരില്‍ ജൂലൈ ഒന്ന് മുതൽ ടോള്‍പിരിവ് ആരംഭിക്കാനാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം. ബെംഗളൂരുവില്‍നിന്നാരംഭിക്കുന്ന റോഡില്‍ ബിഡദി കണിമിണികെയില്‍ നിലവില്‍ ടോള്‍പിരിവുണ്ട്. ഇവിടത്തെ നിരക്ക് രണ്ടാഴ്ചമുമ്പ് 22 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാമതൊരിടത്തുകൂടി ടോള്‍ വരുന്നത്.

ഇതോടെ കെഎസ്ആർടിസിയുടെ ബസ് നിരക്ക് കൂട്ടാനും സാധ്യതയുണ്ട്, കാരണം കർണാടക ആർടിസി ആദ്യ ടോൾ തുടങ്ങിയപ്പോൾ തന്നെ നിരക്ക് വർധിപ്പിച്ചിരുന്നു. പക്ഷേ അപ്പോഴും കെഎസ്ആർടിസി നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം ദേശീയപാതാ അതോറിറ്റി എടുക്കുന്നതോടെ നിരക്കുയര്‍ത്തുന്ന കാര്യം കോര്‍പ്പറേഷന്‍ ആലോചിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ എക്സ്പ്രസ് വേയ്ക്ക് 118 കിലോമീറ്റര്‍ നീളമാണുള്ളത്. ഏകദേശം 8,480 കോടി രൂപ മുടക്കിയാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഈ പാത പൂര്‍ത്തീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാസമയം വെറും 75 മിനിറ്റായി കുറയ്ക്കാനാകുമെന്നതാണ് ഈ പുതിയ പാതയുടെ ഏറ്റവും വലിയ നേട്ടം. നിലവില്‍ ബെംഗളൂരുവില്‍ നിന്ന് ചരിത്ര നഗരമായ മൈസൂരില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ സമയമെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Highwayexpresswayaccident
News Summary - 100 deaths in 4 months: Highway patrols, interceptors planned to curb accidents on Bengaluru-Mysuru Expressway
Next Story