E20 പെട്രോൾ; മൈലേജ് സ്വയം പരിശോധിച്ചാൽ അത് കുറയും, കൃത്യമായി കണക്കാക്കാൻ ഡീലർമാരെ സമീപിക്കണം -നിതിൻ ഗഡ്കരി
text_fieldsന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ E20 (20% എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധന നയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, പുതിയ പ്രസ്താവനയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാധാരണക്കാരായ വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ മൈലേജ് കൃത്യമായി സ്വയം അളക്കാൻ കഴിയില്ലെന്നും, അതിനായി കമ്പനി അംഗീകൃത ഡീലർമാരുടെ പരിശോധനാ സംവിധാനങ്ങളെയാണ് ആശ്രയിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് E20 പെട്രോൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ വാഹനത്തിന്റെ മൈലേജ് കുത്തനെ ഇടിഞ്ഞെന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തോട് ഗഡ്കരി പ്രതികരിച്ചത്.
താൻ 2023ൽ വാങ്ങിയ E20 ഇന്ധനത്തിന് അനുയോജ്യമായ വാഹനത്തിന്റെ മൈലേജ്, നഗര യാത്രകളിൽ മുൻപുണ്ടായിരുന്ന 11 കിലോമീറ്ററിൽ നിന്നും അടുത്തിടെ 7 കിലോമീറ്ററായി കുറഞ്ഞു എന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചു. ഈ കണക്ക് എങ്ങനെയാണ് കണ്ടെത്തിയതെന്ന് മന്ത്രി ചോദിച്ചപ്പോൾ, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ കാറിന്റെ ഡാഷ്‌ബോർഡിലെ മൈലേജ് ഡിസ്‌പ്ലേ (Dashboard display) നോക്കിയാണ് ഇത് മനസിലാക്കിയതെന്നാണ് അവതാരിക മറുപടി നൽകിയത്. എന്നാൽ, ഈ വാദത്തെ തള്ളിക്കൊണ്ടാണ് ഗഡ്കരി രംഗത്തെത്തി. 'നിങ്ങൾക്കോ എനിക്കോ വാഹനത്തിന്റെ മൈലേജ് സ്വയം കൃത്യമായി പരിശോധിക്കാൻ സാധിക്കില്ല. കാറിന്റെ യഥാർഥ മൈലേജ് നിർണയിക്കാൻ കമ്പനി അംഗീകൃത ഡീലർമാരുടെ പക്കലുള്ള ശാസ്ത്രീയമായ പരിശോധന യന്ത്രങ്ങൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്.' മന്ത്രി വ്യക്തമാക്കി.
എഥനോൾ മിശ്രിത പെട്രോൾ നയത്തെ ശക്തമായി പ്രതിരോധിക്കുന്നതിനിടയിലും, ചില വാഹനങ്ങളിൽ E20 പെട്രോൾ ഉപയോഗിക്കുമ്പോൾ മൈലേജിൽ 3 മുതൽ 5 ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഔദ്യോഗികമായി സമ്മതിച്ചിട്ടുണ്ട്. എങ്കിലും ഇന്ധനത്തിന്റെ ഗുണനിലവാരം വിലയിരുത്താൻ മൈലേജ് മാത്രം മാനദണ്ഡമാക്കരുതെന്നും, ഉയർന്ന ഒക്ടേൻ റേറ്റിങ് (Octane Rating), കുറഞ്ഞ കാർബൺ പുറന്തള്ളൽ എന്നിവ E20 പെട്രോളിന്റെ സവിശേഷതകളാണെന്നും മന്ത്രാലയം പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
കയറ്റുമതിയെ ആശ്രയിക്കുന്നത് കുറക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനുമായി ഏപ്രിൽ 1 മുതലാണ് രാജ്യവ്യാപകമായി E20 പെട്രോൾ വിതരണം കേന്ദ്രം നിർബന്ധമാക്കിയത്. എന്നാൽ, പഴയ വാഹനങ്ങളിൽ ഇത് എൻജിൻ തകരാറുകൾക്ക് കാരണമാകുന്നുവെന്നും മൈലേജ് ഗണ്യമായി കുറക്കുന്നു എന്നുമുള്ള ഉപഭോക്താക്കളുടെ പരാതികൾ ഇപ്പോഴും സജീവമാണ്.
പൂർണ്ണമായും 100% കൃത്യമല്ലെങ്കിലും, സാധാരണക്കാർക്ക് വിശ്വസിക്കാവുന്ന ഒരു ഏകദേശ മൈലേജ് കണക്ക് വീട്ടിൽ വെച്ച് കണ്ടെത്താനാകും. ആധുനിക കാറുകളിലെ എൻജിൻ കൺട്രോൾ യൂണിറ്റ് (ECU) നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡാഷ്‌ബോർഡിൽ മൈലേജ് കാണിക്കുന്നത്. ഇത് പലപ്പോഴും യഥാർഥ കണക്കുമായി 2% മുതൽ 5% വരെ വ്യത്യാസപ്പെടാറുണ്ട്. വാഹന വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ 'ഫുൾ-ടാങ്ക് രീതി' (Full-Tank Method) ആണ് റോഡിലെ യഥാർഥ മൈലേജ് അറിയാൻ ഏറ്റവും അനുയോജ്യം. ഇന്ധനം പൂർണ്ണമായി നിറച്ച ശേഷം ട്രിപ്പ് മീറ്റർ റീസെറ്റ് ചെയ്യുകയും, പിന്നീട് അടുത്ത തവണ ഇന്ധനം നിറയ്ക്കുമ്പോൾ ഓടിയ ദൂരത്തെ ആകെ ഉപയോഗിച്ച ഇന്ധനത്തിന്റെ ലിറ്റർ കൊണ്ട് ഹരിക്കുകയും ചെയ്യുന്ന രീതിയാണിത്.
ഒരു കാർ ഡീലറുടെ പക്കലുള്ള പരിശോധനാ സംവിധാനം കേവലം മൈലേജ് അളക്കുക മാത്രമല്ല ചെയ്യുന്നത്. അത് വാഹനത്തിന്റെ ECU-ൽ നിന്നുള്ള വിശദമായ ഡാറ്റ വിശകലനം ചെയ്യുകയും ഫ്യുവൽ ഇൻജെക്ടറുകൾ, ഓക്സിജൻ സെൻസറുകൾ, എയർഫ്ലോ സെൻസറുകൾ എന്നിവ കൃത്യമായാണോ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഇന്ധന ഉപഭോഗത്തെ ബാധിക്കുന്ന എന്തെങ്കിലും മെക്കാനിക്കൽ തകരാറുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ മാത്രമേ ഈ മെഷീന് സാധിക്കൂ. ട്രാഫിക്, എയർ കണ്ടീഷണറിന്റെ ഉപയോഗം, ടയർ പ്രഷർ, ഡ്രൈവിങ് രീതി എന്നിവയെയെല്ലാം ആശ്രയിച്ചിരിക്കുന്ന റോഡിലെ യഥാർഥ മൈലേജ് അളക്കാൻ ഈ മെഷീനുകൾക്ക് കഴിയില്ല.
ഗഡ്കരിയുടെ അവകാശവാദം എത്രത്തോളം ശരിയാണ്?
പ്രായോഗികമായി നോക്കിയാൽ, ഡാഷ്‌ബോർഡ് ഡിസ്‌പ്ലേയും ഫുൾ ടാങ്ക് രീതിയും ഒരു വാഹനത്തിന്റെ റോഡിലെ മൈലേജ് അറിയാൻ പൂർണമായും പര്യാപ്തമാണ്. കമ്പനികളുടെ പരിശോധനാ മെഷീനുകൾ എൻജിന്റെ തകരാറുകൾ കണ്ടുപിടിക്കാനുള്ളതാണെന്നിരിക്കെ, അത് മാത്രമാണ് മൈലേജ് അളക്കാനുള്ള ഒരേയൊരു വഴി എന്ന മന്ത്രിയുടെ പ്രസ്താവന അത്രത്തോളം യുക്തിസഹമല്ലെന്നാണ് വാഹന രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

